ജസ്റ്റിസ് വിപുൽ എം പഞ്ചോളിക്ക് 2031 ൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിക്കപ്പെടാൻ അവസരമുണ്ട്

Supreme court judges sworn in
Supreme court judges sworn inSource by : എക്സ്
Last Updated :29 August 2025, 12:44 pm IST

News Now

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കിടെ ജസ്റ്റിസ് വിപുല്‍ എം പഞ്ചോളിയും ജസ്റ്റിസ് അലോക് ആരാധെയും സുപ്രീംകോടതി ജഡ്ജിമാരായി സ്ഥാനമേറ്റു. സുപ്രീംകോടതിയില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ഇരുവരും ജഡ്ജിമാരായി ചുമതലയേറ്റതോടെ സുപ്രീംകോടതിയില്‍ ജഡ്ജിമാരുടെ എണ്ണം പൂര്‍ണ്ണ അംഗബലമായ 34 ആയി.

ഓഗസ്റ്റ് 27 ന് ചേര്‍ന്ന സുപ്രീംകോടതി കൊളീജിയമാണ് ഇരുവരേയും സുപ്രീംകോടതി ജഡ്ജിമാരായി ഉയര്‍ത്താന്‍ തീരുമാനിച്ചത്. ബോംബെ ഹൈക്കോടതി ജഡ്ജിയാണ് ജസ്റ്റിസ് അലോക് ആരാധ്യ. പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് വിപുല്‍ എം പഞ്ചോളി. ജഡ്ജിമാരുടെ സീനിയോറിറ്റി പട്ടികയില്‍ ജസ്റ്റിസ് അലോക് അഞ്ചാമതും, ജസ്റ്റിസ് വിപുല്‍ പഞ്ചോളി 57-ാമതുമാണ്.

ഗുജറാത്ത് സ്വദേശിയായ ജസ്റ്റിസ് വിപുല്‍ എം പഞ്ചോളിയെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്തുന്നതിനെ കൊളീജിയം യോഗത്തില്‍ ജസ്റ്റിസ് ബി വി നാഗരത്‌ന അഭിപ്രായവ്യത്യാസം അറിയിച്ചിരുന്നു. സീനീയോറിറ്റി മറികടന്നാണ് ജസ്റ്റിസ് പഞ്ചോളിയുടെ നിയമനമെന്നാണ് ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടിയത്.

ഓൾ ഇന്ത്യ സീനിയോറിറ്റി ലിസ്റ്റിൽ പിന്നിലാണെന്നതും ഗുജറാത്തിൽ നിന്നുള്ള മൂന്നാമത്തെ സുപ്രീം കോടതി ജഡ്ജിയാകും ജസ്റ്റിസ് പഞ്ചോളിയെന്ന കാര്യവും ജസ്റ്റിസ് നാ​ഗരത്ന വ്യക്തമാക്കി. സുപ്രീംകോടതിയിൽ വനിതാ ജഡ്ജിമാരുടെ കുറവും ജസ്റ്റിസ് നാ​ഗരത്ന ചൂണ്ടിക്കാട്ടി. എന്നാൽ കൊളീജിയത്തിലെ നാലു ജഡ്ജിമാർ ജസ്റ്റിസ് പഞ്ചോളിയുടെ നിയമനത്തെ പിന്തുണച്ചതോടെ, 4-1 എന്ന നിലയിൽ കൊളീജിയത്തിൽ തീരുമാനം അംഗീകരിക്കപ്പെടുകയായിരുന്നു.

ജസ്റ്റിസ് വിപുൽ എം പഞ്ചോളിക്ക് 2031 ൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിക്കപ്പെടാൻ അവസരമുണ്ട്. 2031 ഒക്ടോബര്‍ 2ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി വിരമിച്ചതിന് ശേഷം 2031 ഒക്ടോബറില്‍ ജസ്റ്റിസ് വിപുൽ എം പഞ്ചോളി ചീഫ് ജസ്റ്റിസ് ആയേക്കും. 2033 മെയ് 27ന് ജസ്റ്റിസ് പഞ്ചോളി വിരമിക്കും. ജസ്റ്റിസ് അലോക് ആരാധെ 2009 ഡിസംബര്‍ 29ന് മധ്യപ്രദേശ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായാണ് ആദ്യമായി നിയമിക്കപ്പെടുന്നത്. ജസ്റ്റിസ് പഞ്ചോളി 2014 ഒക്ടോബര്‍ 1 ന് ഗുജറാത്ത് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിക്കപ്പെട്ടു.

Summary

Justice Vipul M Pancholi and Justice Alok Aradhe take charge as Supreme Court judges amid controversies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates