കങ്കണയുടെ ബംഗ്ലാവ് പൊളിച്ചു; നടി ഹൈക്കോടതിയില്‍-വിഡിയോ

ശിവസേന നേതാക്കളും കങ്കണയും തമ്മിലുള്ള വാക് പോര് മൂര്‍ച്ഛിക്കുന്നതിന് ഇടയിലാണ്, ശിവസേനയുടെ നിയന്ത്രണത്തിലുള്ള കോര്‍പ്പറേഷന്റെ നടപടി

Last Updated :20 January 2024, 8:29 am IST

മുംബൈ: നടി കങ്കണ റണാവത്തിന്റെ ബംഗ്ലാവിനോടു ചേര്‍ന്ന ഓഫിസ് മുറി ബൃഹന്‍ മുംബൈ മുന്‍സിപ്പില്‍ കോര്‍പ്പറേഷന്‍ (ബിഎംസി) പൊളിച്ചുനീക്കി. ഇന്ന് ഉച്ചയോടെ ബുള്‍ഡോസറുകളും എസ്‌കവേറ്ററുകളുമായി എത്തിയാണ് ഉദ്യോഗസ്ഥര്‍ കെട്ടിടം പൊളിച്ചത്. ശിവസേന നേതാക്കളും കങ്കണയും തമ്മിലുള്ള വാക് പോര് മൂര്‍ച്ഛിക്കുന്നതിന് ഇടയിലാണ്, ശിവസേനയുടെ നിയന്ത്രണത്തിലുള്ള കോര്‍പ്പറേഷന്റെ നടപടി.

അനധികൃത നിര്‍മാണം ചൂണ്ടിക്കാട്ടി കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടീസിന് കങ്കണ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ഇന്നു രാവിലെ കങ്കണയുടെ ബംഗ്ലാവില്‍ കോര്‍പ്പറേഷന്‍ രണ്ടാമത്തെ നോട്ടീസ് പതിച്ചു. ബാന്ദ്രയിലെ ബംഗ്ലാവില്‍ അനധികൃത നിര്‍മാണം നടത്തിയെന്നു കാണിച്ച് ഇന്നലെയാണ് കോര്‍പ്പറേഷന്‍ കങ്കണയ്ക്കു നോട്ടീസ് നല്‍കിയത്. ശിവസേനാ നേതാക്കളുമായി കങ്കണയുടെ വാക് പോര് തുടരുന്നതിനിടെ കോര്‍പ്പറേഷന്‍ നടപടി അധികാര ദുര്‍വിനിയോഗമാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. കങ്കണയുടെ അഭിഭാഷകന്‍ നല്‍കിയ മറുപടിയിലും ഈ ആരോപണം ഉണ്ടായിരുന്നു. 

്‌നോട്ടീസ് ലഭിച്ചിട്ടും ബംഗ്ലാവില്‍ അനധികൃത നിര്‍മാണം തുടര്‍ന്നതായി കോര്‍പ്പറേഷന്‍ ആരോപിച്ചു. ബാന്ദ്രയിലെ ബംഗ്ലാവിന് റെസിഡന്‍ഷ്യല്‍ അനുമതിയാണ് ഉള്ളതെന്നും ഇവിടെ ഓഫിസ് മുറി പണിതത് ചട്ടവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ്. കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ നിര്‍മാണം നടത്തിയെന്നും ആക്ഷേപമുണ്ട്. 

മുംബൈയെ പാക് അധീന കശ്മീരിനോട് ഉപമിച്ചതിനെത്തുടര്‍ന്നാണ് ശിവസേന കങ്കണയ്‌ക്കെതിരെ രംഗത്തുവന്നത്. ഹിമാചലിലുള്ള കങ്കണ മുംബൈയ്ക്കു തിരിച്ചിട്ടുണ്ട്. മുംബൈ പാക് അധീന കശ്മീര്‍ ആണെന്നു താന്‍ പറഞ്ഞത് ശരിയായതായി പൊളിക്കലിനോടു പ്രതികരിച്ചുകൊണ്ട് കങ്കണ ട്വീറ്റ് ചെയ്തു.

അതിനിടെ കെട്ടിടം പൊളിക്കുന്നതിനെതിരെ കങ്കണ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ഈ ഹര്‍ജി പന്ത്രണ്ടരയ്ക്കു പരിഗണിക്കാനിരിക്കെയാണ് ഉദ്യോഗസ്ഥര്‍ എത്തി പൊളിക്കല്‍ നടപ്പാക്കിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now