'ആദ്യ ടേം തനിക്ക് വേണം'; നിലപാട് കടുപ്പിച്ച് ഡികെ ശിവകുമാര്‍; തിരക്കിട്ട ചര്‍ച്ചകള്‍; തീരുമാനം അനന്തമായി നീളരുതെന്ന് രാഹുല്‍

കര്‍ണാടക മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ ഒരു പ്രതിസന്ധിയുമില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു

ഡികെ ശിവകുമാർ/ പിടിഐ
Last Updated :20 January 2024, 9:20 am IST

ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ തുടരുന്നു. ചര്‍ച്ച അനന്തമായി നീട്ടിക്കൊണ്ടു പോകരുതെന്നും ഉടന്‍ തീരുമാനമെടുക്കണമെന്നും രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. ചര്‍ച്ചയ്ക്കായി രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലെത്തി.

ഹൈക്കമാന്‍ഡ് നിര്‍ദേശം അനുസരിച്ച് കര്‍ണാടക പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാറും ഡല്‍ഹിയിലെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പദം പങ്കിടുന്നതില്‍ ശിവകുമാര്‍ കടുത്ത നിലപാട് ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പദം പങ്കിട്ടാല്‍ ആദ്യ ടേം തനിക്ക് നല്‍കണമെന്നാണ് ശിവകുമാറിന്റെ ആവശ്യം. 

ആദ്യ രണ്ടുവര്‍ഷം തനിക്ക് നല്‍കണമെന്നാണ് ശിവകുമാര്‍ നിലപാട് അറിയിച്ചത്. ഛത്തീസ് ഗഡില്‍ വിജയിച്ചപ്പോള്‍ പിസിസി പ്രസിഡന്റായ ഭൂപേഷ് ബാഗേലിനെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചതെന്നും ശിവകുമാര്‍ ചൂണ്ടിക്കാട്ടുന്നു. സിദ്ധരാമയ്യയുമായും ശിവകുമാറുമായും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രത്യേകം പ്രത്യേകം ചര്‍ച്ച നടത്തും. 

അതേസമയം കര്‍ണാടക മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ ഒരു പ്രതിസന്ധിയുമില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. പാര്‍ട്ടി അമ്മയാണെന്നാണ് ശിവകുമാര്‍ പറഞ്ഞത്. അങ്ങനെയുള്ള ഒരാള്‍ എങ്ങനെ വെല്ലുവിളി ഉയര്‍ത്തും. കാലതാമസം ഉണ്ടാകുമെന്നത് മാധ്യമസൃഷ്ടിയാണെന്ന് വേണുഗോപാല്‍ പറഞ്ഞു.

പാര്‍ട്ടി ഒറ്റക്കെട്ടാണ്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കോണ്‍ഗ്രസിന് അധികാരം കിട്ടില്ലെന്നാണ് ഭൂരിപക്ഷം മാധ്യമങ്ങളും പറഞ്ഞത്. എന്നാല്‍ 135 സീറ്റില്‍ കോണ്‍ഗ്രസ് വിജയിച്ചു. ഈ വിഷയവും രമ്യമായി പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അറിയാമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now