'ഒരു ഗുണവുമില്ലാത്തവര്‍, മിണ്ടാതിരിക്കൂ'; ഡികെക്കായി മുദ്രാവാക്യം വിളിച്ചവരെ ശാസിച്ച് ഖാര്‍ഗെ

ഡികെ പക്ഷത്തിന്റെ ശക്തമായ സമ്മര്‍ദത്തിനൊടുവിലാണ് ഈ മാസം മുഖ്യമന്ത്രിയെ മാറ്റിയത്

Mallikarajun Kharge, DK Shivakumar
മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഡികെ ശിവകുമാര്‍File Photos
Edited by :ബിജീഷ് ബാലകൃഷ്ണൻ
Last Updated :22 ജൂൺ 2026, 11:40 am IST

ബെംഗളൂരു: കര്‍ണാടക പിസിസി അധ്യക്ഷനായി ബികെ ഹരിപ്രസാദ് ചുമതലയേറ്റെടുക്കുന്ന ചടങ്ങില്‍ മുദ്രാവാക്യം വിളിച്ച അണികളെ ശാസിച്ച് കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഖാര്‍ഗെ പ്രസംഗിക്കാന്‍ തുടങ്ങുന്നതിനിടെ മുഖ്യമന്ത്രി ഡികെ ശിവകുമാറിനായി അണികള്‍ മുദ്രാവാക്യം വിളിച്ചതോടെയാണ് ഒരു ഗുണവുമില്ലാത്തവരെന്ന് വിളിച്ചത്.

'മിണ്ടാതെ അവിടെ ഇരിക്കൂ. രാജ്യം മുഴുവന്‍ കൈയിലായതുപോലെയാണല്ലോ നിങ്ങളുടെ പെരുമാറ്റം. യൂസ്ലെസ് ഫെലോസ്' -എന്നിങ്ങനെയായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുഖ്യമന്ത്രി ഡികെ ശിവകുമാറും അണികളോട് അടങ്ങിയിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്.

'ഇത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ യോഗമാണ്. ഏതെങ്കിലും ഒരു വ്യക്തിക്ക് വേണ്ടിയുള്ളതല്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ എല്ലാവരും ഒന്നിക്കണം. ഓരോരുത്തരും ഒരോ നേതാക്കളുടെ പേരില്‍ മുദ്രാവാക്യം വിളിക്കുന്നത് ശരിയല്ല. പാര്‍ട്ടിയില്‍ അച്ചടക്കം അനിവാര്യമാണ്. ഇവിടെ നടന്നതെല്ലാം റെക്കോര്‍ഡ് ചെയ്യുന്നുണ്ട്. ദൃശ്യങ്ങള്‍ പരിശോധിച്ച് വേണ്ടിവന്നാല്‍ നടപടിയെടുക്കും' -ഖാര്‍ഗെ പറഞ്ഞു.

പാര്‍ട്ടിയില്‍ ഡികെ പക്ഷത്തിന്റെ ശക്തമായ സമ്മര്‍ദത്തിനൊടുവിലാണ് സംസ്ഥാനത്ത് ഈ മാസം മുഖ്യമന്ത്രിയെ മാറ്റിയത്. 2028ല്‍ നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ ജാഗ്രതയോടെയാണ് നേതൃത്വം തീരുമാനങ്ങളെടുക്കുന്നത്. 2023ല്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായതു മുതല്‍ ഡികെ പക്ഷം എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ഒടുവില്‍ മേയ് 28നാണ് സിദ്ധരാമയ്യ രാജിവച്ചത്. ഒരാഴ്ചക്കു ശേഷം ഡികെ ശിവകുമാര്‍ പുതിയ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്തു.

News Now

Summary

"Keep Quiet. Useless Fellows": Kharge Scolds Congress Workers Shouting "DK-DK"

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates