ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക സമര വേദികള്‍ക്ക് മുന്നില്‍ വന്‍ സേനാ വിന്യാസം

ഗാസിപ്പൂരിലെ പൊലീസ് സന്നാഹം/പിടിഐ
Last Updated :20 January 2024, 8:40 am IST

News Now

ന്യൂഡല്‍ഹി: ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക സമര വേദികള്‍ക്ക് മുന്നില്‍ വന്‍ സേനാ വിന്യാസം. ഹരിയാന അതിര്‍ത്തിയായ സിംഘുവിലും യുപി അതിര്‍ത്തിയായ ഗാസിപ്പൂരിലും വന്‍ സേനാ വിന്യാസമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.സമരക്കാരെ ഒഴിപ്പിക്കല്‍ നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നെന്ന സൂചന നല്‍കും വിധമാണ് സേനാ വിന്യാസം. 

സംഘര്‍ഷത്തിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താനായി ഡല്‍ഹി പൊലീസ് ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സേനാവിന്യാസം ഒരുക്കിയിരിക്കുന്നത്. സിംഘുവില്‍ റോഡിന്റെ ഒരുവശത്ത് നിന്ന് മറ്റൊരു വശത്തേക്ക് കര്‍ഷകര്‍ കടക്കാതിരിക്കാനായി പൊലീസ് വലിയ ബാരിക്കേഡുകള്‍ സ്ഥാപിച്ചു. പൊലീസിന്റെ ഈ നടപടിയെ ചോദ്യം ചെയ്ത് കര്‍ഷകര്‍ രംഗത്തെത്തിയിട്ടുണ്ട്. 

സമരം തുടരുന്ന കര്‍ഷകരെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഒരുവിഭാഗം ആളുകള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ദേശീയപതാകകളുമായി എത്തിയ ഈ സംഘം, തങ്ങള്‍ പ്രദേശവാസികളാണ് എന്നാണ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഡല്‍ഹി പൊലീസ് വന്‍ സേനാസന്നാഹങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 

യുപി-ഡല്‍ഹി അതിര്‍ത്തിയിലെ ഗാസിപ്പൂരില്‍ സമരവേദിയിലേക്കുള്ള വൈദ്യുതി, ജല വിതരണം നേരത്തെ നിര്‍ത്തിയിരുന്നു. സൗകര്യങ്ങള്‍ ഉടന്‍ പുനസ്ഥാപിച്ചില്ലെങ്കില്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കര്‍ഷകര്‍ അറിയിച്ചു. 

ഇന്നലെ രാത്രിയാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. പിന്നാലെ ഇന്ന് ഉച്ചയോടെ ജലവിതരണവും നിര്‍ത്തി. പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോകണമെന്ന് കര്‍ഷകരോട് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates