പങ്കാളിയുള്ളപ്പോള്‍ 'ലിവ് ഇന്‍ റിലേഷന്‍ഷിപ്പ്', അഞ്ച് വര്‍ഷം വരെ തടവുശിക്ഷ; ഏക സിവില്‍ കോഡുമായി മധ്യപ്രദേശ്

സംരക്ഷിത മേഖലകളില്‍ താമസിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെയും ഗോത്രവിഭാഗങ്ങളെയും നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്

Mohan Yadav
Mohan Yadavഎഎൻഐ
Edited by :ആതിര അഗസ്റ്റിന്‍
Last Updated :20 ജൂലൈ 2026, 3:35 pm IST

ഭോപ്പാല്‍: ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിര്‍ണായക നിയമനിര്‍മാണത്തിന് മധ്യപ്രദേശ് സര്‍ക്കാര്‍. വിവാഹം, അനന്തരാവകാശം, ലിവ്-ഇന്‍ റിലേഷന്‍ എന്നിവ സംബന്ധിച്ച പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയുള്ള നിയമത്തില്‍നിന്ന് പട്ടികവര്‍ഗ വിഭാഗങ്ങളെ പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. പുതിയ നിയമപ്രകാരം, വിവാഹിതനായ ഒരാള്‍ പങ്കാളി ജീവിച്ചിരിക്കെ മറ്റൊരു സ്ത്രീയുമായി ലിവ്-ഇന്‍ റിലേഷനില്‍ ഏര്‍പ്പെട്ടാല്‍ അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കും.

ഞായറാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഏകീകൃത സിവില്‍ കോഡിന് അംഗീകാരം നല്‍കിയത്. സംസ്ഥാനത്തെ എല്ലാ പൗരന്മാര്‍ക്കും തുല്യനീതി ഉറപ്പാക്കാനാണ് ഈ നിയമമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സംരക്ഷിത മേഖലകളില്‍ താമസിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെയും ഗോത്രവിഭാഗങ്ങളെയും നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പഞ്ചായത്ത് മുതല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വരെയുള്ള എല്ലാ തലങ്ങളിലും വിവാഹ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുമെന്നും മുഖ്യമന്ത്രി മോഹന്‍ യാദവ് വ്യക്തമാക്കി.

സ്വത്തു തര്‍ക്കങ്ങളിലും അനന്തരാവകാശത്തിലും ഇനിമുതല്‍ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യാവകാശമായിരിക്കും. ലിവ്-ഇന്‍ റിലേഷനില്‍ കഴിയുന്ന ദമ്പതികളില്‍ പുരുഷന് ഇരുപത്തിയൊന്നും സ്ത്രീക്ക് പതിനെട്ടും വയസ്സ് പൂര്‍ത്തിയായിരിക്കണം. ഒരുമിച്ച് ജീവിച്ചു തുടങ്ങി ഒരു മാസത്തിനുള്ളില്‍ അവര്‍ ബന്ധം രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നതും നിര്‍ബന്ധമാണ്.

സ്ത്രീകളുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കുക, എല്ലാവര്‍ക്കും തുല്യാവകാശം ഉറപ്പാക്കുക, വിവേചനപരമായ ആചാരങ്ങള്‍ അവസാനിപ്പിച്ച് സാമൂഹിക ഐക്യവും സാഹോദര്യവും ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് ഏകീകൃത സിവില്‍ കോഡിലൂടെ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി മോഹന്‍ യാദവ് വ്യക്തമാക്കി. നിയമത്തിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.

News Now

Summary

Madhya Pradesh cabinet approves Uniform Civil Code (UCC)., Mandatory registration for live-in relationships within one month, 5-year imprisonment for married individuals

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates