പോയി കല്യാണം കഴിച്ചൂകൂടേ? പെണ്‍കുട്ടികളോട് തട്ടിക്കയറി പ്രിന്‍സിപ്പല്‍, കേസ് 

പോയി കല്യാണം കഴിച്ചൂകൂടേ? പെണ്‍കുട്ടികളോട് തട്ടിക്കയറി പ്രിന്‍സിപ്പല്‍, കേസ് 

പ്രതീകാത്മക ചിത്രം/ ഫയൽ
Last Updated :20 January 2024, 8:48 am IST

ഭോപാല്‍: സ്‌കൂള്‍ യൂണിഫോം ധരിക്കാത്ത പെണ്‍കുട്ടികളോടു മോശമായി സംസാരിച്ച സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ കേസ്. മധ്യപ്രദേശ് രാജ്ഗഢ് ജില്ലയിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ രാധേശ്യാം മാളവ്യയ്‌ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

യൂണിഫോം ധരിക്കാതെ വന്ന വിദ്യാര്‍ഥിനികളെ ഓഫിസിലേക്കു വിളിപ്പിച്ചാണ് പ്രിന്‍സിപ്പല്‍ മോശമായി സംസാരിച്ചതെന്ന് പരാതിയില്‍ പറയുന്നു. ആണ്‍കുട്ടികള്‍ക്കൊപ്പം നടക്കാനാണ് സ്‌കൂളിലേക്കു വരുന്നതെന്നും പോയി കല്യാണം കഴിച്ചുകൂടേയെന്നു പ്രിന്‍സിപ്പല്‍ ചോദിച്ചെന്നും പെണ്‍കുട്ടികള്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

പെണ്‍കുട്ടികളുടെ വസ്ത്രങ്ങള്‍ സ്‌കൂളിലെ ആണ്‍കുട്ടികളെ 'നശിപ്പിക്കുന്നു' എന്നു പറഞ്ഞു വസ്ത്രം മാറാന്‍ പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടതായും ആരോപണമുണ്ട്. ഇത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കുട്ടികള്‍ പ്രതിഷേധവുമായി തടിച്ചുകൂടി. യൂണിഫോം ഇല്ലെങ്കില്‍ നഗ്നരായി സ്‌കൂള്‍ വരാനും പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടെന്ന് കുട്ടികള്‍ പറയുന്നു.

പോക്‌സോ ഉള്‍പ്പെടെ ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി ശനിയാഴ്ച വൈകുന്നേരം മാളവ്യയ്‌ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. മാളവ്യയെ അറസ്റ്റു ചെയ്യാനായി അദ്ദേഹത്തിന്റെ വീട്ടില്‍ പോയെങ്കിലും കണ്ടെത്താനായില്ല. 

അതേസമയം യൂണിഫോം ധരിച്ചുവരാന്‍ കുട്ടികളോടു പറയുക മാത്രമാണ് ചെയ്തതെന്ന് മാളവ്യ പ്രതികരിച്ചതായി ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now