യുപി സര്‍ക്കാരിനെതിരെ നടപടിയാവശ്യപ്പെട്ട് അഭിഭാഷകന്‍ വിശാല്‍ തിവാരിയായിരുന്നു സുപ്രീംകോടതിയെ സമീപിച്ചത്.

supreme court
സുപ്രീംകോടതിSource by : ഫയല്‍
Last Updated :3 February 2025, 4:19 pm IST

News Now

ന്യൂഡല്‍ഹി: മഹാകുംഭമേളക്കിടെയുണ്ടായ അപകടത്തി‍ന്‍റെ പശ്ചാത്തലത്തില്‍ തീര്‍ഥാടനത്തിന് സുരക്ഷ ഉറപ്പാക്കാന്‍ മാര്‍ഗ നിര്‍ദേശം പുറപ്പടുവിക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല. കുംഭമേളയില്‍ നടന്ന ദുരന്തം തീര്‍ത്തും നിര്‍ഭാഗ്യകരമാണെന്ന് അഭിപ്രായപ്പെട്ട സുപ്രീംകോടതി ഹര്‍ജിക്കാരനോട് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചു. നിര്‍ഭാഗ്യകരമായ സംഭവമാണെന്നും ആശങ്കാജനകമാണെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും പി വി സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ ഇതിനകം രൂപീകരിച്ചിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി പറഞ്ഞു.

കുംഭമേള ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ മറ്റ് ഹര്‍ജികള്‍ നിലനില്‍ക്കുന്നുണ്ടെന്നും മുകുള്‍ റോഹ്തഗി സുപ്രീംകോടതിയെ അറിയിച്ചു. ഇതോടെയാണ് ഹര്‍ജിക്കാരനോട് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടത്.

മഹാകുംഭമേളയിലെ തിരക്ക് നിയന്ത്രിക്കുന്നതിലും ദുരന്തം ഒഴിവാക്കുന്നതിലും യുപി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയിയായിരുന്നു അഭിഭാഷകന്‍ വിശാല്‍ തിവാരി ഹര്‍ജി സമര്‍പ്പിച്ചത്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും മെച്ചപ്പെടുത്താന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രത്യേകം നിര്‍ദേശം നല്‍കണമെന്നും അഭിഭാഷകന്റെ ഹര്‍ജിയിലുണ്ട്. ജനുവരി 29നായിരുന്നു പ്രയാഗ്രാജില്‍ കുംഭമേളയ്ക്കിടെ ദുരന്തമുണ്ടായത്. മുപ്പത് പേര്‍ മരിക്കുകയും അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഗമഭൂമിയിലേയ്ക്ക് എത്താന്‍ ശ്രമിച്ച തീര്‍ഥാടകരില്‍ ചിലര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതിന് പിന്നാലെയായിരുന്നു ദുരന്തം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates