വീടിന് മുന്‍പില്‍ വന്ന പശുവിനെ ആട്ടിയോടിച്ചു; 46കാരനെ അയല്‍വാസി അടിച്ചുകൊന്നു

ഉത്തര്‍പ്രദേശില്‍ ഭാര്യയും മക്കളും നോക്കിനില്‍ക്കേ, 46കാരനെ അയല്‍വാസി അടിച്ചു കൊന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:34 am IST
Edited by :migrator

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഭാര്യയും മക്കളും നോക്കിനില്‍ക്കേ, 46കാരനെ അയല്‍വാസി അടിച്ചു കൊന്നു. വീടിന് മുന്‍പില്‍ വന്ന പശുവിനെ ആട്ടിയോടിക്കാന്‍ ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണം. അയല്‍വാസിയും കുടുംബവും ഒളിവിലാണ്.

കാന്‍പൂര്‍ മഹതോ നഗര്‍ ബസ്തിയിലെ ഗോവിന്ദ് നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. രമണ്‍ ഗുപ്തയാണ് കൊല്ലപ്പെട്ടത്. അയല്‍വാസി ആയുഷ് യാദവിന് എതിരെ കേസെടുത്തതായും തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ആയുഷ് യാദവിന്റെ പശു രമണ്‍ ഗുപ്തയുടെ വീട്ടില്‍ എത്തിയതിന് പിന്നാലെ നടന്ന സംഭവവികാസങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചത്.  കുട്ടികള്‍ വീടിന് മുന്‍പില്‍ കളിച്ചു കൊണ്ടിരിക്കുന്നതിനാല്‍ പശുവിനെ വടിയെടുത്ത് ആട്ടിയോടിക്കാന്‍ രമണ്‍ ഗുപ്ത ശ്രമിച്ചു. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

പശുവിനെ ആട്ടിയോടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ആയുഷ് യാദവ് ഇക്കാര്യം ചോദിക്കാന്‍ രമണ്‍ ഗുപ്തയുടെ വീട്ടില്‍ എത്തി. രമണ്‍ ഗുപ്തയെ ആയുഷ് യാദവ് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി കുടുംബക്കാര്‍ പറയുന്നു. പശുവിനെ വടി കൊണ്ട് അടിച്ചു എന്ന് ആയുഷ് യാദവ് ആരോപിച്ചു. ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

നിമിഷങ്ങള്‍ക്കകം വടിയുമായി വന്ന ആയുഷ് 46കാരനെ തല്ലുകയായിരുന്നു. പരസ്യമായുള്ള മര്‍ദ്ദനത്തില്‍ രമണ്‍ ഗുപ്തയുടെ തല പൊട്ടി ചോരയൊലിച്ചു. അവശനായ രമണ്‍ ഗുപ്ത ബോധരഹിതനായി വീണു. ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now