മദ്യപിക്കാന്‍ പണമില്ല; രണ്ട് വയസുകാരിയെ അച്ഛന്‍ 5000 രൂപയ്ക്ക് വിറ്റു

ദിവസങ്ങള്‍ക്ക് മുമ്പാണ് രണ്ട് വയസ്സുള്ള മകളെ വീട്ടില്‍ കാണാത്തതില്‍ രമേശിന്റെ പിതാവിന് സംശയം തോന്നിയത്.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:45 am IST

ഭുവനേശ്വര്‍: മദ്യപിക്കാനുള്ള പണത്തിനായി രണ്ടുവയസുകാരിയെ അച്ഛന്‍ 5000 രൂപയ്ക്ക് വിറ്റു. ഒഡീഷയിലെ ജാജ്പുര്‍ ജില്ലയിലാണ് സംഭവം. രമേശ് എന്നയാളാണ് മകളെ കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് 5000 രൂപയ്ക്ക് വിറ്റത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ വിറ്റയാളുടെ വീട്ടില്‍നിന്ന് കുട്ടിയെ കണ്ടെത്തിയതായും കുട്ടിയെ ശിശുസംരക്ഷണ സമിതിക്ക് കൈമാറിയതായും പൊലീസ് അറിയിച്ചു.

സ്ഥിരം മദ്യപാനിയായ ഇയാള്‍ മദ്യപിക്കാനുള്ള പണത്തിന് വേണ്ടിയാണ് കുട്ടിയെ വിറ്റത്. രമേശിന്റെ മദ്യപാനത്തെച്ചൊല്ലി നേരത്തെ വീട്ടില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. മദ്യപാനം എതിര്‍ത്ത ഭാര്യയെ മാസങ്ങള്‍ക്ക് മുന്‍പാണ് വീട്ടില്‍ നിന്ന് പുറത്താക്കിയത്. തുടര്‍ന്ന് മൂന്ന് കുട്ടികളോടൊപ്പമായിരുന്നു താമസം.

ഏതാനുംദിവസങ്ങള്‍ക്ക് മുമ്പാണ് രണ്ട് വയസ്സുള്ള മകളെ വീട്ടില്‍ കാണാത്തതില്‍ രമേശിന്റെ പിതാവിന് സംശയം തോന്നിയത്. രമേശിനോട് വിവരം തിരക്കിയെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. കുട്ടിയെ മുത്തച്ഛന്‍ പലയിടത്തും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് രമേശിനോട് വീണ്ടും കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് പണത്തിന് വേണ്ടി കുട്ടിയെ വിറ്റതായി ഇയാള്‍ സമ്മതിച്ചത്. തുടര്‍ന്ന് രമേശിനെതിരേ പിതാവ് തന്നെ ബിന്‍ജഹരപുര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ മീട്ടുജെന എന്നയാള്‍ക്കാണ് 5000 രൂപയ്ക്ക് കുട്ടിയെ വിറ്റതെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇവരുടെ വീട്ടിലെത്തിയ പൊലീസ് സംഘം കുട്ടിയെ രക്ഷപ്പെടുത്തി ശിശുസംരക്ഷണ സമിതിക്ക് കൈമാറുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now