ഭാര്യയോട് പക; നൈനിറ്റാളിൽ എത്തിച്ച് മലഞ്ചെരുവിൽ നിന്ന് താഴേക്ക് തള്ളിയിട്ടു; 24കാരൻ പിടിയിൽ

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:47 am IST

News Now

ന്യൂഡല്‍ഹി: ഭാര്യയെ മലഞ്ചെരുവിൽ നിന്ന് തള്ളിയിട്ട സംഭവത്തിൽ 24കാരൻ അറസ്റ്റിൽ. നൈനിറ്റാളിലെ കിഴക്കാംതൂക്കായ മലഞ്ചെരുവില്‍ നിന്നാണ് ഇയാൾ ഭാര്യയെ തള്ളിയിട്ടത്. രാജേഷ് റായ് ആണ് അറസ്റ്റിലായത്. ഡൽഹി പൊലീസാണ് ഇയാളെ പിടികൂടിയത്. 

29 കാരിയായ ബബിതയെയാണ് ഇയാൾ താഴ്ചയിലേയ്ക്ക് തള്ളിയിട്ടത്. ബബിതയുടെ ശരീരം കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്. 

സിനിമാക്കഥകളെ വെല്ലുന്ന പ്രതികാരമാണ് സെയ്ൻസ്മാനായ രാജേഷ് ആസൂത്രണം ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി തന്നെ രാജേഷ് ബലാത്സംഗം ചെയ്തുവെന്ന് കാട്ടി കഴിഞ്ഞ വര്‍ഷം ജൂണില്‍ ബബിത പരാതി നല്‍കിയിരുന്നു. ഓഗസ്റ്റില്‍ രാജേഷിനെ അറസ്റ്റ് ചെയ്ത് തീഹാര്‍ ജയിലില്‍ അടച്ചു. താന്‍ രാജേഷിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബബിത പരാതി പിന്‍വലിച്ചതിനെ തുടര്‍ന്ന് ഒക്‌ടോബറില്‍ രാജേഷ് ജയില്‍ മോചിതനായി. പിന്നീട് ഇരുവരും വിവാഹിതരായി.

ബബിതയുമായി വഴക്കടിച്ചിരുന്ന രാജേഷ് സ്ഥിരമായി അവരെ ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് ബബിത അവരുടെ വീട്ടിലേക്കു മടങ്ങി. കഴിഞ്ഞ മാസം രാജേഷ് ബബിതയെ വീണ്ടും ഉത്തരാഖണ്ഡിലുള്ള തന്റെ വീട്ടിലേക്കു വിളിച്ചുകൊണ്ടുവന്നു. 

പിന്നീട് ബബിതയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. കുടുംബം പരാതിപ്പെട്ടതനുസരിച്ച് പൊലീസ്, രാജേഷിനെ കണ്ടെത്തി അറസ്റ്റ് ചെയ്തു. ഭാര്യയെ നൈനിറ്റാളില്‍ കൊണ്ടുപോയി മലഞ്ചെരുവില്‍ നിന്നു തള്ളിയിട്ടുവെന്ന് ചോദ്യം ചെയ്യലില്‍ രാജേഷ് സമ്മതിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates