സ്ത്രീകളെ നഗ്നരാക്കി പരേഡ്; 'മണിപ്പൂര്‍ കത്തുന്നു',പാര്‍ലമെന്റില്‍ ബഹളം;  പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് പ്രതിപക്ഷം

മണിപ്പൂര്‍ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് സോണിയാഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയാട് ആവശ്യപ്പെട്ടു

സോണിയാഗാന്ധിയും പ്രതിപക്ഷ നേതാക്കളും പാര്‍ലമെന്റില്‍/ പിടിഐ
Last Updated :20 January 2024, 9:23 am IST
Edited by :migrator

ന്യൂഡല്‍ഹി: മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. ലോക്‌സഭ ചേര്‍ന്നപ്പോള്‍ മണിപ്പൂര്‍ കത്തുന്നു എന്ന മുദ്രാവാക്യം മുഴക്കി പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിക്കുകയായിരുന്നു. ബഹളം രൂക്ഷമായതോടെ ലോക്‌സഭ നടപടികള്‍ ഇന്നത്തേക്ക് നിര്‍ത്തിവെച്ചു. 

മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ തുറന്ന ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്ന് പാര്‍ലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ചര്‍ച്ചയുടെ സമയം സ്പീക്കര്‍ തീരുമാനിക്കും. ചര്‍ച്ചയ്ക്ക് ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിശദമായ മറുപടി പറയുമെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും ലോക്‌സഭയില്‍ വ്യക്തമാക്കിയിരുന്നു.

മണിപ്പൂര്‍ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയാട് ആവശ്യപ്പെട്ടു. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് സോണിയ നരേന്ദ്രമോദിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. മണിപ്പൂര്‍ കലാപം
സഭാനടപടികള്‍ നിര്‍ത്തിവച്ച്  ചര്‍ച്ച ചെയ്യണമെന്നും പ്രധാനമന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ട് സിപിഎം എംപിമാര്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും നോട്ടിസ് നല്‍കിയിട്ടുണ്ട്. 

നേരത്തെ രാജ്യസഭയിലും മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം അരങ്ങേറിയിരുന്നു. മണിപ്പൂര്‍ കത്തുകയാണ്. സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാക്കപ്പെടുന്നു, നഗ്നയാക്കി നടത്തപ്പെടുന്നു. എന്നാല്‍ പാര്‍ലമെന്റിന് പുറത്ത് പ്രസ്താവന നടത്തിയ പ്രധാനമന്ത്രി, സഭയ്ക്ക് അകത്ത് മൗനം തുടരുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു. വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്താന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു. 

പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് രാജ്യസഭ നടപടികള്‍ ഇന്നത്തേക്ക് നിര്‍ത്തിവെച്ചു. പാര്‍ലമെന്റിന് പുറത്ത് പ്രസ്താവന നടത്തിയ പ്രധാനമന്ത്രി, വിഷയത്തില്‍ എന്തുകൊണ്ട് സഭയ്ക്ക് അകത്ത് സംസാരിക്കാന്‍ തയ്യാറാകാത്തത് എന്നത് മനസ്സിലാകുന്നില്ലെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. രാജ്യത്തെ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ വേദിയാണ് പാര്‍ലമെന്റ്. അവിടെ വിശദീകരണം നല്‍കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്ന് അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു. 

മണിപ്പൂരില്‍ സംഭവിച്ചത് അന്തസ്സുള്ള ഏതൊരു സമൂഹത്തിനും നാണക്കേടുണ്ടാക്കുന്ന കാര്യമെന്ന് പാർലമെന്റ് സമ്മേളനത്തിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു. ഒരിക്കലും മാപ്പു കൊടുക്കാന്‍ പറ്റാത്തതാണ് മണിപ്പൂരിലെ പെണ്‍കുട്ടികള്‍ക്കു സംഭവിച്ചത്. ഇതില്‍ കുറ്റക്കാരെ വെറുതെ വിടില്ല. നിയമം സര്‍വശക്തിയും ഉപയോഗിച്ച് ഇതില്‍ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശക്തമായ നടപടി എടുത്തില്ലെങ്കിൽ കോടതി ഇടപെടുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now