നിയമങ്ങള്‍ പിന്‍വലിച്ചാല്‍ കര്‍ഷകര്‍ വീട്ടിലേക്ക് മടങ്ങുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്

കര്‍ഷക സമരം/പിടിഐ
Last Updated :20 January 2024, 8:34 am IST

News Now

ന്യൂഡല്‍ഹി :  കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ പറയുന്നത് കര്‍ഷകര്‍ കേള്‍ക്കണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തള്ളി കര്‍ഷകസംഘടനകള്‍. ഒത്തുതീര്‍പ്പ് ഫോര്‍മുല സ്വീകാര്യമല്ല. കേന്ദ്രസര്‍ക്കാര്‍ വിവാദമായ മൂന്ന് നിയമങ്ങള്‍ പിന്‍വലിച്ചാല്‍ കര്‍ഷകര്‍ വീട്ടിലേക്ക് മടങ്ങുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. 

ഇന്നു രാവിലെയാണ് കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയലും നരേന്ദ്ര സിങ് തോമറും പറയുന്നത് കര്‍ഷക സംഘടനകള്‍ കേള്‍ക്കണമെന്ന ട്വീറ്റുമായി പ്രധാനമന്ത്രി രംഗത്തുവന്നത്. നിയമം റദ്ദാക്കുക പരിഗണനയില്‍ ഇല്ലെന്നും കര്‍ഷകരെ നേരിട്ടു ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയാറാണെന്നുമാണ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ വ്യക്തമാക്കിയിരുന്നു.

പുതിയ കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വാര്‍ത്താസമ്മേളനങ്ങളും 'ചൗപാലു'കളും മറ്റും സംഘടിപ്പിക്കാനുള്ള തിരക്കിലാണ് ബിജെപി. വരും ദിവസങ്ങളില്‍ 700 വാര്‍ത്താസമ്മേളനങ്ങളും 700 ചൗപാലുകളും സംഘടിപ്പിക്കുമെന്നാണ് ബിജെപി അറിയിച്ചത്. 

സമരം ഒത്തുതീര്‍ക്കാനാകുമെന്ന് ശുഭപ്രതീക്ഷയുണ്ടെന്ന് കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ അഭിപ്രായപ്പെട്ടു. അടുത്ത ഘട്ടം സമരപ്രഖ്യാപനവുമായി പോകാതെ കര്‍ഷകര്‍ ചര്‍ച്ചകള്‍ക്ക് സന്നദ്ധരാകണം. കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യണം. ഇതിന്റെ അടിസ്ഥാനത്തില്‍ എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണ്. കര്‍ഷകരുടെ നന്മയ്ക്ക് വേണ്ടിയാണ് കേന്ദ്രം നിയമം കൊണ്ടു വന്നതെന്നും കൃഷിമന്ത്രി പറഞ്ഞു.

അതിനിടെ സമരം കൂടുതല്‍ ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ ട്രാക്ടര്‍ റാലി നടത്താനാണ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതിയുടെ തീരുമാനം. അമൃത്സറില്‍ നിന്നും 700 ഓളം ട്രാക്ടറുകളുമായി കര്‍ഷകര്‍ ഡല്‍ഹി കുണ്ട്‌ലി അതിര്‍ത്തിയിലേക്ക് തിരിച്ചിട്ടുണ്ട്. 

ദേശീയപാതകള്‍ക്ക് പുറമേ രാജ്യവാപകമായി അനിശ്ചിത കാല ട്രെയിന്‍ തടയല്‍ സമരം നടത്താനാണ് സംഘടനകളുടെ തീരുമാനം. ജയ്പുര്‍ഡല്‍ഹി, ആഗ്രഡല്‍ഹി ദേശീയപാതകള്‍ നാളെ ഉപരോധിക്കും.  തിങ്കളാഴ്ച രാജ്യവ്യാപകമായി ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധ റാലികളും ബിജെപി ഓഫീസുകളിലേക്ക് മാര്‍ച്ചും തീരുമാനിച്ചിട്ടുണ്ട്. അതിനിടെ കാര്‍ഷിക നിയമം ചോദ്യം ചെയ്ത് ഭാരതീയ കിസാന്‍ യൂണിയന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates