സര്‍ക്കാര്‍ ആശുപത്രിയില്‍ കണ്ണിന് അരികില്‍ എലിയുടെ കടിയേറ്റു; 24കാരന്‍ മരിച്ചു

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലിരിക്കേ, എലിയുടെ കടിയേറ്റ 24കാരന്‍ മരിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:45 am IST

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലിരിക്കേ, എലിയുടെ കടിയേറ്റ 24കാരന്‍ മരിച്ചു. രോഗിയുടെ കണ്ണിന് അരികിലാണ് എലി കടിച്ചത്. മുംബൈ കോര്‍പ്പറേഷന്‍ ഭരിക്കുന്ന ശിവസേനയ്‌ക്കെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്.

മുംബൈയിലെ ഘട്ട്‌കോപ്പറിലാണ് സംഭവം. മദ്യപാനത്തെ തുടര്‍ന്ന് കരളിന് ഗുരുതരമായി രോഗം ബാധിച്ചാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ തന്നെ രോഗിയുടെ നില ഗുരുതരമായിരുന്നുവെന്ന് രാജവാദി ആശുപത്രി പറയുന്നു. ഐസിയുവില്‍ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് 24കാരന് എലിയുടെ കടിയേറ്റത്. കണ്ണിന് അരികിലാണ് എലിയുടെ ആക്രമണം ഉണ്ടായത്. രോഗിയുടെ ബന്ധുവാണ് ഇത് ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. എലിയുടെ കടിയേറ്റ കാര്യം ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ രോഗിയുടെ കണ്ണിനെ ഒരുവിധത്തിലും ഇത് ബാധിച്ചിട്ടില്ല എന്നതായിരുന്നു അധികൃതരുടെ വിശദീകരണം.

സംഭവത്തില്‍ മുംബൈ മേയര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അതിനിടെയാണ് ബുധനാഴ്ച രോഗി മരിച്ചത്. രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് അബോധാവസ്ഥയിലായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എലി കടിക്കുന്ന സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായും ഡോക്ടര്‍മാര്‍ അറിയിച്ചു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആയിട്ട് കൂടി എലിയെ തുരത്താന്‍ പോലും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ശിവസേന നേതൃത്വം നല്‍കുന്ന ഭരണത്തിന് കഴിയുന്നില്ലെന്ന് ബിജെപി വിമര്‍ശിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now