
'കോണ്‍ഗ്രസ് അടക്കമുള്ളവര്‍ നടത്തിയത് ഭ്രൂണഹത്യ'; രാജ്യത്തെ വനിതകളോട് മാപ്പു ചോദിക്കുന്നുവെന്ന് പ്രധാനമന്ത്രി
വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ പാസാക്കാന്‍ കഴിയാതെ വന്നതില്‍ രാജ്യത്തെ വനിതകളോട് മാപ്പ് ചോദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ പാസാക്കാന്‍ കഴിയാതെ വന്നതില്‍ രാജ്യത്തെ വനിതകളോട് മാപ്പ് ചോദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
വനിതകളോട് ഒരു കാര്യം പറയാന്‍ ഉണ്ട് എന്ന് പറഞ്ഞാണ് മോദി സംസാരിച്ച് തുടങ്ങിയത്. 'ഇന്ന് ഞാന്‍ ഇവിടെ ഒരു പ്രധാന വിഷയം ചര്‍ച്ച ചെയ്യാന്‍ വന്നിരിക്കുന്നു, പ്രത്യേകിച്ച് ഈ രാജ്യത്തെ സ്ത്രീകള്‍ക്ക് വേണ്ടി. സ്ത്രീകളുടെ പുരോഗതി എങ്ങനെ സ്തംഭിച്ചു എന്ന് ഈ രാജ്യത്തെ ഓരോ പൗരനും സാക്ഷ്യം വഹിക്കുന്നു. നമ്മള് എത്ര ശ്രമിച്ചിട്ടും നമുക്ക് വിജയിക്കാന്‍ സാധിച്ചില്ല. നിയമത്തില്‍ ഭേദഗതികള്‍ വരുത്താന്‍ കഴിഞ്ഞില്ല. ഇതിനായി എല്ലാ അമ്മമാരോടും രാജ്യത്തുള്ള എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു.'- മോദി പറഞ്ഞു.
'സ്ത്രീകളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തി. സ്ത്രീകള്‍ ഈ അപമാനത്തിന് മാപ്പ് നല്‍കില്ല. ഈ പാപത്തിന്റെ ശിക്ഷ പ്രതിപക്ഷത്തിന് ലഭിക്കും. ബില്‍ ഒന്നും കവര്‍ന്നെടുക്കാനായിരുന്നില്ല. ബില്‍ പാസാകാതിരിക്കാന് കോണ്‍ഗ്രസ് പലവട്ടം ഗൂഢാലോചന നടത്തി. രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ബില്‍ പരാജയപ്പെട്ടപ്പോള്‍ പ്രതിപക്ഷം കയ്യടിച്ച് ആഹ്ലാദിച്ചു. കോണ്‍ഗ്രസ് അടക്കമുള്ളവര്‍ നടത്തിയത് ഭ്രൂണഹത്യയാണ്.'- മോദി വിമര്‍ശിച്ചു.
പാര്‍ലമെന്റില്‍ ബില്ലിന്റെ പരാജയം ആഘോഷിച്ചവരെ സ്ത്രീകള്‍ നോക്കി വയ്ക്കും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്ത്രീകള്‍ എല്ലാം മനസ്സിലാക്കുന്നവരാണ്. വനിത സംവരണം തടഞ്ഞ പാപത്തിനുള്ള ശിക്ഷ ഈ പാര്‍ട്ടികള്‍ക്ക് കിട്ടും. ആരില്‍ നിന്നും ഒന്നും കവരുന്ന നിയമം അല്ല കൊണ്ടു വന്നത്. എല്ലാവര്ക്കും എന്തെങ്കിലുമൊക്കെ നല്‍കാനാണ് ബില്ലിലൂടെ ശ്രമിച്ചത്. 2029 ല്‍ വനിത ബില്ല് നടപ്പാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്. പകുതി ജനസംഖ്യയുടെ അവകാശം ഉറപ്പാക്കാന്‍ സത്യസന്ധമായ നീക്കമാണ് നടത്തിയത്. നാരീശക്തി വന്ദന്‍ നിയമം കാലഘട്ടത്തിന്റെ ആവശ്യമാണ്. എല്ലാ മേഖലകള്‍ക്കും ഒരേ ശക്തി നല്‍കാനാണ് ശ്രമിച്ചതെന്നും മോദി പറഞ്ഞു.
കോണ്‍ഗ്രസ് പഴയ തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്നാണ് കരുതിയത്. സ്ത്രീകളുടെ കൂടെ നില്‍ക്കാനുള്ള അവസരം കോണ്‍ഗ്രസ് കളഞ്ഞുകുളിച്ചു. കോണ്‍ഗ്രസ് ഇന്ന് പ്രാദേശിക പാര്‍ട്ടികളെ ആശ്രയിക്കുന്ന പരാദജീവിയാണ്. എന്നാല്‍ പ്രാദേശിക പാര്‍ട്ടികള്‍ വളരുന്നത് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. കുടുംബപാര്‍ട്ടികള്‍ അവരുടെ കുടുംബത്തിന് പുറത്തുള്ളവര്‍ ഉയരാന്‍ ആഗ്രഹിക്കുന്നില്ല. രാജ്യത്തെ സ്ത്രീശക്തി കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും മാപ്പു നല്‍കില്ല. പഞ്ചായത്തീരാജ് സ്ഥാപനങ്ങളില്‍ കഴിവ് തെളിയിച്ച അനേകം വനിതകളുണ്ട്. മണ്ഡലപുനര്നിര്ണ്ണയത്തെക്കുറിച്ച് കോണ്‍ഗ്രസ് കള്ളപ്രചാരണം നടത്തുകയാണ്. എല്ലാ സംസ്ഥാനങ്ങളുടെയും സീറ്റുകള്‍ ഒരേ അനുപാതത്തില്‍ ഉയരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. കോണ്‍ഗ്രസിന്റെ കൂടെ നിന്ന പ്രാദേശിക പാര്‍ട്ടികള്‍ സ്വന്തം സംസ്ഥാനങ്ങളിലെ ജനങ്ങളെ കബളിപ്പിച്ചുവെന്നും മോദി പറഞ്ഞു.
കോണ്‍ഗ്രസിന്റെ നിഷേധ രാഷ്ട്രീയത്തിനെതിരെയാണ് ഈ പോരാട്ടം. എല്ലാ സ്ത്രീകളും ദുഖിതരാണെന്നറിയാം. താനും ദുഖിതനാണ്. ബില്ലിന് 66 ശതമാനം വോട്ട് കിട്ടിയില്ല. എന്നാല്‍ നൂറു ശതമാനം സ്ത്രീകളും കൂടെയുണ്ടെന്നറിയാം. ഇനിയും അവസരം വരുമെന്നും ഈ ശ്രമം അവസാനിപ്പിക്കില്ലെന്നും മോദി പറഞ്ഞു.
News Now
9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

‘നേത്ര’... കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥി
'അംബാനിയാണോ ഇന്ത്യയുടെ യഥാര്‍ഥ ബോസ്?'; സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് വൈകുന്നതില്‍ മസ്കിന്റെ വിമര്‍ശനം

Summary
Prime Minister Narendra Modi address to the nation
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



