ചരിത്രമെഴുതി ഐഎസ്ആര്‍ഒ; പിഎസ്എല്‍വി സി-53 വിക്ഷേപണം വിജയകരം- വീഡിയോ  

ഐഎസ്ആര്‍ഒയുടെ രണ്ടാമത് സമ്പൂര്‍ണ വാണിജ്യ വിക്ഷേപണ ദൗത്യം വിജയകരം

ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയരുന്ന പിഎസ്എല്‍വി സി-53 റോക്കറ്റിന്റെ ദൃശ്യം, എഎന്‍ഐ
Last Updated :20 January 2024, 9:03 am IST
Edited by :migrator

ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ രണ്ടാമത് സമ്പൂര്‍ണ വാണിജ്യ വിക്ഷേപണ ദൗത്യം വിജയകരം.  വൈകീട്ട് ആറ് മണിക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന് മൂന്ന് ഉപഗ്രഹങ്ങളുമായി കുതിച്ചുയര്‍ന്ന പിഎസ്എല്‍വി സി -53 റോക്കറ്റ് ഭ്രമണപഥത്തില്‍ എത്തി. ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണ തറയില്‍ നിന്നായിരുന്നു വിക്ഷേപണം.

സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് സിങ്കപ്പൂരിന്റെ ഭൗമനിരീക്ഷക ഉപഗ്രഹമായ ഡിഎസ്ഇഒ, അടക്കം മൂന്ന് ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വി കുതിച്ചുയര്‍ന്നത്. ഇതിനുള്ള കൗണ്ട് ഡൗണ്‍ ഇന്നലെ വൈകുന്നേരമാണ് ആരംഭിച്ചത്. 

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 28നാണ് എഎസ്ആര്‍ഒ ബ്രസീലിന്റെ ഒപ്റ്റിക്കല്‍ റിമോട്ട് സെന്‍സിംഗ് ഉപഗ്രഹമായ ആമസോണിയ വണ്ണിനെ ഭ്രമണപഥത്തിലെത്തിച്ചത്. പിഎസ്എല്‍വിയുടെ അന്‍പത്തിയഞ്ചാമത്തേയും പിഎസ്എല്‍വി കോര്‍ എലോണ്‍ റോക്കറ്റിന്റെ പതിനഞ്ചാമത്തേയും വിക്ഷേപണമാണിത്. 365 കിലോഗ്രാം തൂക്കമുള്ള DSEO യെ ഭൂമധ്യരേഖയില്‍ നിന്ന് 570 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണ് മുഖ്യദൗത്യം. കൂടാതെ സിങ്കപ്പൂരിന്റെ തന്നെ NeuSAR ഉപഗ്രഹവും സിങ്കപ്പൂര്‍ നാന്‍യാങ് സാങ്കേതിക സര്‍വകലാശാല വികസിപ്പിച്ച SCOOB 1 എന്ന 2.8 കിലോഗ്രാം തൂക്കമുള്ള ചെറു പഠന ഉപഗ്രഹവുമാണ് ഭ്രമണപഥത്തില്‍ എത്തിച്ചത്. 

വിക്ഷേപണത്തിന്റെ നാലാം ഘട്ടത്തില്‍ റോക്കറ്റിന്റെ ഭാഗമായ ഓര്‍ബിറ്റല്‍ എക്‌സ്‌പെരിമെന്റല്‍ മൊഡ്യൂള്‍ സ്ഥിരം ഭ്രമണപഥത്തില്‍ നിലനിര്‍ത്തുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇന്ത്യന്‍ സ്‌പേസ് സ്റ്റാര്‍ട്ട് അപ്പുകളായ   ദിഗന്തര,  ധ്രുവ സ്പേസ് എന്നിവയുടേതടക്കം ആറ് പേലോഡുകള്‍ ഇതിലുണ്ട്. വിക്ഷേപിച്ച റോക്കറ്റിന്റെ അവശിഷ്ടഭാഗത്തില്‍ നിരീക്ഷണ ഉപകരണങ്ങള്‍ സ്ഥാപിച്ച് താല്‍ക്കാലിക ഉപഗ്രഹമെന്നോണം പരീക്ഷണങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ഇതാദ്യമാണ്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now