Railways warns of action against passengers playing loud music in trains
Southern Railway Source by : file
Last Updated :13 October 2026, 8:07 am IST
Guest Author :Amal Joy

News Now

ന്യൂഡല്‍ഹി: ട്രെയിനുകളിലും റെയില്‍വെ പരിസരത്തും മൊബൈല്‍ ഫോണില്‍ സ്പീക്കര്‍ മോഡില്‍ ഉച്ചത്തില്‍ പാട്ടും വിഡിയോ പ്ലേ ചെയ്താല്‍ പിടിവീഴും. നിയമം തെറ്റിക്കുന്നവര്‍ ജയില്‍ ശിക്ഷ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്ന് ഇന്ത്യന്‍ റെയില്‍വേ മുന്നറിയിപ്പ് നല്‍കി.

സഹയാത്രക്കാര്‍ക്ക് സമാധാനപരവും സുഖകരവുമായ യാത്ര ഉറപ്പാക്കാന്‍ മൊബൈല്‍ ഫോണുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. പാട്ട് കേള്‍ക്കണമെന്നുള്ളവര്‍ ഇയര്‍ഫോണുകള്‍ ഉപയോഗിക്കാനും ഫോണ്‍ സംഭാഷണങ്ങള്‍ കുറഞ്ഞ ശബ്ദത്തില്‍ നടത്താനും റെയില്‍വെ യാത്രക്കാരോട് നിര്‍ദ്ദേശിച്ചു.

'ഉച്ചത്തിലുള്ളതും ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്നതുമായ ഫോണ്‍ സംഭാഷണങ്ങളും അലോസരപ്പെടുത്തുന്ന റിങ്ടോണുകളും മറ്റുള്ളവര്‍ക്ക്, പ്രത്യേകിച്ച് എസി കോച്ചുകള്‍ പോലുള്ള അടഞ്ഞ സ്ഥലങ്ങളില്‍, ബുദ്ധിമുട്ടുണ്ടാക്കിയേക്കാം, റെയില്‍വേ നിയമം 1989-ലെ സെക്ഷന്‍ 145(2)ല്‍ (ജന്‍ വിശ്വാസ് (ഭേദഗതി) നിയമം, 2026 പ്രകാരം ഭേദഗതി വരുത്തിയത്) പറയുന്ന വ്യവസ്ഥകള്‍ പ്രകാരം, ശല്യമുണ്ടാക്കുന്ന തരത്തിലുള്ള പെരുമാറ്റത്തിന് 1,000 രൂപ പിഴയും, കൂടാതെ റെയില്‍വേ പരിസരത്ത് നിന്ന് പുറത്താക്കുകയോ ടിക്കറ്റ് കണ്ടുകെട്ടല്‍ എന്നീ നടപടികളും നേരിടേണ്ടിവരും.

'റെയില്‍വേ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിട്ടും ഒരാള്‍ ശല്യപ്പെടുത്തുന്ന പെരുമാറ്റം തുടരുകയാണെങ്കില്‍, ആറ് മാസം വരെ തടവോ 5,000 രൂപ വരെ പിഴയോ അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം,' എന്ന് റെയില്‍വേ അറിയിച്ചു.

റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും നിയന്ത്രണം നടപ്പാക്കാന്‍ ദക്ഷിണ റെയില്‍വേ നിര്‍ദേശം നല്‍കി.മൊബൈല്‍ ഇന്റര്‍നെറ്റിന്റെ വ്യാപനത്തോടെ സ്പീക്കറിലൂടെ വിഡിയോകളും മറ്റും കേള്‍ക്കുന്നതും കാണുന്നതും വ്യാപകമായിട്ടുണ്ടെന്ന് ദക്ഷിണ റെയില്‍വേ വാണിജ്യ വിഭാഗം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഇതു സംബന്ധിച്ച് റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പൊതുജനങ്ങള്‍ക്കുള്ള അറിയിപ്പുകളിലൂടെ യാത്രക്കാരെ ബോധവല്‍ക്കരിക്കണം. മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകള്‍ക്കു പുറമേ ഹിന്ദിയിലും ഇംഗ്ലിഷിലും അറിയിപ്പുകള്‍ നല്‍കണം. സ്പീക്കര്‍ മോഡില്‍ പാട്ടുകളും വിഡിയോകളും കേള്‍ക്കരുതെന്നും ഉച്ചത്തില്‍ സംസാരിക്കുന്നത് ഒഴിവാക്കണമെന്നും അറിയിപ്പുകളില്‍ വ്യക്തമാക്കും.

Summary

Railways warns of action against passengers playing loud music in trains

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics