'അമിത് ഷായുടെ ഫോണ്‍ വന്നാല്‍ ധാര്‍മികത അവസാനിക്കുമോ?' കൂറുമാറുന്ന തൃണമൂല്‍ നേതാക്കളെ കടന്നാക്രമിച്ച് സാഗരിക ഘോഷ്

തെരഞ്ഞെടുപ്പില്‍ വിജയിക്കുമ്പോള്‍ ഒരു പാര്‍ട്ടിയുടെ പതാകയും ചിഹ്നവും ഉപയോഗിക്കുകയും, പിന്നീട് പാര്‍ട്ടിക്ക് തിരിച്ചടി നേരിടുമ്പോള്‍ അതിനെ ഉപേക്ഷിക്കുകയും ചെയ്യുന്ന രാഷ്ട്രീയ സംസ്‌കാരത്തെ സാഗരിക ചോദ്യം ചെയ്തു

Sagarika Ghose
സാഗരിക ഘോഷ്
Edited by :Bijeesh
Last Updated :9 ജൂൺ 2026, 2:30 pm IST

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് ചേക്കേറുന്ന നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാംഗം സാഗരിക ഘോഷ് രംഗത്ത്. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കനുസരിച്ച് രാഷ്ട്രീയ നിലപാടുകള്‍ മാറ്റുന്നത് ജനാധിപത്യത്തോടും ജനവിധിയോടുമുള്ള അവഹേളനമാണെന്നും, അമിത് ഷായുടെ ഒരു ഫോണ്‍ കോള്‍ വന്നാല്‍ എല്ലാ ധാര്‍മികതയും അവസാനിക്കുകയാണോ? എന്ന ചോദ്യവും അവര്‍ ഉയര്‍ത്തി.

എക്സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സാഗരിക ഘോഷിന്റെ പ്രതികരണം. 2024ലാണ് തന്റെ വ്യക്തിപരമായ നിലപാട് രാഷ്ട്രീയമായി മാറിയതെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി, രാജ്യത്തിന്റെ വിലമതിക്കാനാവാത്ത ജനാധിപത്യ സ്ഥാപനങ്ങളെയും ഇടങ്ങളെയും തകര്‍ക്കുകയാണെന്ന ശക്തമായ വിശ്വാസമാണ് തന്നെ സജീവ രാഷ്ട്രീയത്തിലേക്ക് നയിച്ചതെന്നും അവര്‍ വ്യക്തമാക്കി. 'ഭരണഘടനാ വിരുദ്ധവും മതവിഭജനം പ്രോത്സാഹിപ്പിക്കുന്നതുമായ ബിജെപിക്കെതിരെ, പ്രതിപക്ഷത്തിന്റെ ഭരണഘടനാപരമായ പോരാട്ടത്തിന്റെ ഭാഗമാകാനാണ് ഞാന്‍ തീരുമാനിച്ചത്' സാഗരിക എക്‌സില്‍ കുറിച്ചു.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോടുള്ള തന്റെ വിശ്വാസവും അവര്‍ ആവര്‍ത്തിച്ചു. മമത ബാനര്‍ജിയുടെ അസാധാരണ നേതൃത്വത്തിലും ധൈര്യത്തിലും മൂല്യങ്ങളിലും താന്‍ എപ്പോഴും വിശ്വസിച്ചിരുന്നുവെന്നും ഭാവിയിലും ആ വിശ്വാസം തുടരുമെന്നും അവര്‍ പറഞ്ഞു. മമതയുടെ ധൈര്യവും മൂല്യങ്ങളും തനിക്ക് പ്രചോദനമാണെന്നും സാഗരിക ഘോഷ് കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ വിജയിക്കുമ്പോള്‍ ഒരു പാര്‍ട്ടിയുടെ പതാകയും ചിഹ്നവും ഉപയോഗിക്കുകയും, പിന്നീട് പാര്‍ട്ടിക്ക് തിരിച്ചടി നേരിടുമ്പോള്‍ അതിനെ ഉപേക്ഷിക്കുകയും ചെയ്യുന്ന രാഷ്ട്രീയ സംസ്‌കാരത്തെ സാഗരിക ചോദ്യം ചെയ്തു.

'ഒരു പാര്‍ട്ടിയുടെ ചിഹ്നത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ശേഷം, ആ പാര്‍ട്ടി പ്രതിസന്ധിയിലാകുമ്പോള്‍ അതിനെ ഉപേക്ഷിക്കുന്നത് എനിക്ക് മനസ്സിലാകുന്നില്ല. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ മാറുമ്പോള്‍ നിങ്ങളുടെ വിശ്വാസങ്ങളും മാറുന്നുവെങ്കില്‍ അതിനെ എന്താണ് വിളിക്കേണ്ടത്? പാര്‍ട്ടിയോടുള്ള വിശ്വസ്തത വിജയകാലത്ത് മാത്രം നിലനില്‍ക്കുന്നതാണോ? ജനവിധിയുടെ അര്‍ഥം എന്താണ്? അതല്ല, അമിത് ഷായും അദ്ദേഹത്തിന്റെ സംഘവും ഒരു ഫോണ്‍ കോള്‍ ചെയ്താല്‍ നിങ്ങള്‍ അനുസരണയോടെ നിരന്നുനില്‍ക്കുകയും എല്ലാ ധാര്‍മികതയും അവിടെ അവസാനിക്കുകയും ചെയ്യുമോ? ലജ്ജാകരം' -അവര്‍ എക്‌സില്‍ കുറിച്ചു.

ഇതിനിടെ, ടിഎംസിയിലെ ഇരുപതോളം ലോക്‌സഭാ എംപിമാര്‍ പാര്‍ട്ടിയുടെ നിലവിലെ രാഷ്ട്രീയ ദിശയോട് അസംതൃപ്തരാണെന്നും, ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗതെത്തിയിരുന്നു. ഇക്കാര്യം സ്പീക്കറെ അറിയിച്ചതായും അവര്‍ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടികള്‍ക്ക് പിന്നാലെ ടിഎംസിക്കുള്ളില്‍ രൂപപ്പെട്ട അസംതൃപ്തിയും ഭിന്നതകളും ചര്‍ച്ചയാകുന്നതിനിടെയാണ് സാഗരിക ഘോഷിന്റെ പരസ്യ വിമര്‍ശനം ശ്രദ്ധേയമാകുന്നത്.

News Now

Summary

Sagarika Ghose criticises TMC rebels over defection, says ‘morality ends with Amit shah’s call’

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates