സുരക്ഷാവീഴ്ച: മോദി രാഷ്ട്രപതിയെ കണ്ടു; ആശങ്കയെന്ന് രാംനാഥ് കോവിന്ദ്, അന്വേഷണത്തിന് സമിതി രൂപീകരിച്ച് പഞ്ചാബ്

സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി നാളെ വാദം കേള്‍ക്കും

മോദി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തുന്നു/പ്രസിഡന്റ് ഓഫീസ്‌
Last Updated :20 January 2024, 8:56 am IST
Edited by :migrator

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വീഴ്ചയില്‍ ആശങ്കയറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പ്രധാനമന്ത്രി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി. വിഷയത്തെപ്പറ്റി പ്രധാനമന്ത്രി പ്രസിഡന്റിനോട് കാര്യങ്ങള്‍ ധരിപ്പിച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. 

അതേസമയം, സുരക്ഷാ വീഴ്ചയെപ്പറ്റി അന്വേഷിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി മെഹ്താബ് ഗില്ലും പഞ്ചാബ് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി അനുരാഗ് വെര്‍മയുമാണ് അന്വേഷണ സംഘത്തിലുള്ളത്. മൂന്നു ദിവസത്തിനുള്ളില്‍ ഇവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ പഞ്ചാബ് സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ബിജെപി പ്രതികരിച്ചു. കര്‍ഷക പ്രക്ഷോഭത്തില്‍ റോഡ് തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ഫിറോസ്പുര്‍ മേല്‍പ്പാലത്തില്‍ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം ഇരുപത് മിനിറ്റോളം കുടുങ്ങിയിരുന്നു. തുടര്‍ന്ന് ബിജെപി പൊതുയേഗം ഉപേക്ഷിച്ച് മോദി തിരികെ പോവുകയായിരുന്നു. 

ഡിജിപിയെ സസ്‌പെന്റ് ചെയ്യണമെന്ന് ഹര്‍ജി

സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി നാളെ വാദം കേള്‍ക്കും. പഞ്ചാബ് ഡിജിപിയെയും ചീഫ് സെക്രട്ടറിയേയും സസ്‌പെന്റ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് ലോയേഴ്‌സ് വോയ്‌സ് എന്ന സംഘടന ഹര്‍ജി നല്‍കിയിരിക്കുന്നത്. 

ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്ക് പോവുന്നതിനിടയിലാണ് മോദി മേല്‍പ്പാലത്തില്‍ കുടുങ്ങിയത്. പ്രതികൂലകാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ യാത്ര ഉപേക്ഷിച്ച് കാറില്‍ പോവുമ്പോഴാണ് സുരക്ഷാ വീഴ്ചയുണ്ടായത്. ബതിന്ദയില്‍ ഇറങ്ങിയ ശേഷം ഇരുപത് മിനിറ്റോളം കാലാവസ്ഥയില്‍ മാറ്റമുണ്ടാകുന്നതിന് വേണ്ടി കാത്തിരുന്ന ശേഷമാണ് യാത്ര കാറിലാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ദേശീയ രക്തസാക്ഷി സ്മാരകത്തിന് മുപ്പത് കിലോമീറ്റര്‍ അകലെ വച്ച് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം സഞ്ചരിച്ചിരുന്ന റോഡില്‍ പ്രതിഷേധക്കാര്‍ തടസമുണ്ടാക്കുകയായിരുന്നു.

എന്നാല്‍ ഹെലികോപ്റ്ററിലുള്ള യാത്ര മാറ്റി റോഡ് മാര്‍ഗമാക്കിയത് തങ്ങളെ അറിയിച്ചിരുന്നില്ല എന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി പറയുന്നത്. താന്‍ സുരക്ഷാ നടപടികള്‍ വിലയിരുത്തിയിരുന്നെന്നും അപ്പോഴൊന്നും മാറ്റം പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം വ്യക്താക്കി. അതേസമയം, പൊതുയോഗത്തില്‍ പ്രതീക്ഷിച്ചത്ര ആളില്ലാതിരുന്നത് കൊണ്ടാണ് മോദി റാലി റദ്ദാക്കിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now