'മരിക്കുകയാണെങ്കില്‍ മാതാപിതാക്കളുടെ ചോര വീണ മണ്ണില്‍ വേണം, പോയേ തീരൂ'; ബംഗ്ലാദേശിലേയ്ക്ക് മടങ്ങണമെന്ന് ഷെയ്ഖ് ഹസീന

'ഞാന്‍ തിരിച്ചെത്തുമ്പോള്‍ അവര്‍ എന്നെ അറസ്റ്റ് ചെയ്‌തേക്കാം, ഒരുപക്ഷേ കൊന്നേക്കാം. എങ്കിലും, എനിക്ക് പോയേ തീരൂ. എന്റെ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും കടുത്ത അടിച്ചമര്‍ത്തലുകള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ്'

Sheikh Hasina
ഷെയ്ഖ് ഹസീനFile Photo
Edited by :ആതിര അഗസ്റ്റിന്‍
Last Updated :10 ജൂലൈ 2026, 4:08 pm IST

ന്യൂഡല്‍ഹി: ഈ വര്‍ഷം ഡിസംബറോടെ ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമ്പോള്‍ അറസ്റ്റ് ചെയ്യപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്‌തേക്കാം. എന്നാലും മടങ്ങിപ്പോകേണ്ടതുണ്ട്. മരണം സംഭവിക്കുകയാണെങ്കില്‍ തന്റെ ജന്മനാട്ടില്‍ തന്നെ ആകണമെന്ന് ആഗ്രഹമുണ്ടെന്നും ഷെയ്ഖ ഹസീന പറഞ്ഞു. ബംഗ്ലാദേശില്‍ തിരിച്ചെത്തിയ ശേഷം കോടതി മുമ്പാകെ കീഴടങ്ങാനുള്ള ആഗ്രഹവും ഷെയ്ഖ് ഹസീന പങ്കുവെച്ചിട്ടുണ്ട്.

'ഞാന്‍ തിരിച്ചെത്തുമ്പോള്‍ അവര്‍ എന്നെ അറസ്റ്റ് ചെയ്‌തേക്കാം, ഒരുപക്ഷേ കൊന്നേക്കാം. എങ്കിലും, എനിക്ക് പോയേ തീരൂ. എന്റെ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും കടുത്ത അടിച്ചമര്‍ത്തലുകള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ്. മരണം വരികയാണെങ്കില്‍, എന്റെ മാതാപിതാക്കള്‍ അടക്കം ചെയ്യപ്പെട്ട, അവരുടെ ചോര വീണ എന്റെ സ്വന്തം മണ്ണില്‍ വെച്ച് അത് വരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്' ഷെയ്ഖ് ഹസീന പറഞ്ഞു. തനിക്കൊപ്പം മറ്റ് അവാമി ലീഗ് നേതാക്കളും ബംഗ്ലാദേശിലേക്ക് മടങ്ങുമെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. അതേസമയം ബംഗ്ലാദേശിലേക്കുള്ള മടക്കം സംബന്ധിച്ചു ഭരണകൂടവുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് ഷെയ്ഖ് ഹസീനയുടെ പ്രതികരണം.

ബംഗ്ലാദേശില്‍ 2024 ഓഗസ്റ്റില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെത്തുടര്‍ന്നാണ് ഷെയ്ഖ് ഹസീന നേതൃത്വം നല്‍കിയ അവാമി ലീഗ് ഭരണകൂടം താഴെവീണത്. പിന്നാലെ ഹസീന ഇന്ത്യയില്‍ അഭയം തേടുകയായിരുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്തിയെന്ന കേസില്‍ ബംഗ്ലാദേശിലെ ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രൈബ്യൂണല്‍ ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. പ്രക്ഷോഭകരെ അടിച്ചമര്‍ത്താന്‍ ഉത്തരവിട്ടതിലോ അല്ലെങ്കില്‍ സാഹചര്യം തടയുന്നതില്‍ പരാജയപ്പെട്ടതിലോ ഹസീന ഉത്തരവാദിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്രൈബ്യൂണലിന്റെ വിധി.

News Now

Summary

Sheikh Hasina Bangladesh Return

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates