ഒറ്റ ക്യുആര്‍ കോഡില്‍ ട്രെയിന്‍, മെട്രോ, ട്രാം, ബസ് സര്‍വീസുകളില്‍ യാത്ര ചെയ്യാം, ഇത്തിഹാദ് റെയില്‍ ദുബൈ സ്റ്റേഷന്‍ തുറന്നു

UAE President travels on Etihad Rail train, Dubai station officially inaugurated
UAE Etihad Rail train
Edited by :Amal Joy
Last Updated :29 സെപ്റ്റംബർ 2026, 3:32 pm IST

ദുബൈ: ഇത്തിഹാദ് റെയിലിന്റെ ദുബൈ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്ത് ദുബൈ കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും. ഇത്തിഹാദ് റെയില്‍ ചെയര്‍മാന്‍ ഷെയ്ഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്റ്റേഷന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉദ്ഘാടനത്തിന് മുന്നോടിയായി അബുദാബിയില്‍ നിന്ന് ദുബൈയിലേക്ക് ഇത്തിഹാദ് റെയില്‍ ട്രെയിനില്‍ യാത്ര ചെയ്തു. യാത്രയ്ക്കിടെ ഇത്തിഹാദ് റെയിലിന്റെ പ്രവര്‍ത്തന രീതികളും യാത്രാ സൗകര്യങ്ങളും അദ്ദേഹം വിലയിരുത്തി. സ്റ്റേഷനിലെത്തിയ പ്രസിഡന്റ് പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിച്ച സ്വദേശി എന്‍ജിനീയര്‍മാരെയും ജീവനക്കാരെയും അഭിനന്ദിച്ചു.

അബുദാബി-ദുബൈ-ഫുജൈറ സര്‍വീസ് 30 മുതല്‍

അബുദാബി, ദുബൈ, ഫുജൈറ എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള യാത്രാ ട്രെയിന്‍ സര്‍വീസുകള്‍ ഈ മാസം 30 മുതല്‍ ഔദ്യോഗികമായി ആരംഭിക്കും. 39 ദിര്‍ഹം (കംഫര്‍ട്ട് ക്ലാസ്), 109 ദിര്‍ഹം (പ്രീമിയം ക്ലാസ്) എന്നിങ്ങനെയാണ് കുറഞ്ഞ യാത്രാനിരക്കുകള്‍. ഇത്തിഹാദ് റെയില്‍ ആപ്പ്, വെബ്സൈറ്റ്, സ്റ്റേഷനുകളിലെ കൗണ്ടറുകള്‍ എന്നിവ വഴി ടിക്കറ്റുകള്‍ ലഭ്യമാണ്.

ദുബൈ മെട്രോയുടെ ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്‌സ് സ്റ്റേഷനുമായി ബന്ധിപ്പിച്ചാണ് പുതിയ ഇത്തിഹാദ് റെയില്‍ സ്റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് കാല്‍നടപ്പാലം വഴി മെട്രോയിലേക്ക് നേരിട്ട് മാറാന്‍ സാധിക്കും. കൂടാതെ 'നോല്‍' കാര്‍ഡ് സംവിധാനവുമായി ഇത് സംയോജിപ്പിച്ചതിനാല്‍ ഒറ്റ ക്യുആര്‍ കോഡ് ഉപയോഗിച്ച് ട്രെയിന്‍, മെട്രോ, ട്രാം, ബസ് സര്‍വീസുകളില്‍ യാത്ര ചെയ്യാന്‍ സാധിക്കും. ദുബൈ ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്സിലെ അല്‍ യലായീസ് സ്റ്റേഷനെയും അബുദാബിയിലെ മുഹമ്മദ് ബിന്‍ സായിദ് സിറ്റി സ്റ്റേഷനെയുമാണ് പുതിയ സര്‍വീസ് ബന്ധിപ്പിക്കുന്നത്. അല്‍ യലായീസ് സ്റ്റേഷനിലേക്ക് ദുബൈ മെട്രോ വഴിയും കാല്‍നടയായി എളുപ്പത്തില്‍ എത്തിച്ചേരാനാകും.

News Now

Summary

UAE President travels on Etihad Rail train, Dubai station officially inaugurated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates