മദ്യപിക്കാൻ പണം നൽകിയില്ല; മകൻ അമ്മയെ കല്ലു കൊണ്ട് ഇടിച്ചു കൊന്നു

റഷ്യക്കെതിരായ പ്രമേയം പാസാക്കാൻ യുഎൻ പൊതുസഭ ഇന്ന്; ഇന്ത്യ നിഷ്പക്ഷ നിലപാട് തുടരും

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:58 am IST

ബംഗളൂരു: മകൻ അമ്മയെ കല്ലുകൊണ്ട് ഇടിച്ചു കൊന്നു. ബംഗളൂരുവിലാണ് ദാരുണ സംഭവം. മദ്യപിക്കാൻ പണം നൽകാത്തതിന്റെ ദേഷ്യത്തിലാണ് മകന്റെ കണ്ണില്ലാത്ത ക്രൂരത. മാറത്തഹള്ളി ദേവരബീസനഹള്ളിയിലെ താമസക്കാരിയും റായ്ച്ചൂർ സ്വദേശിനിയുമായ യമുനമ്മ (70) ആണ് മരിച്ചത്. ഇവരുടെ മകൻ അംബരീഷിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു.

സ്ഥിരം മദ്യപിക്കുന്ന അംബരീഷ് കഴിഞ്ഞ ദിവസം രാത്രി യമുനമ്മയോട് പണം ആവശ്യപ്പെട്ടു. എന്നാൽ, പണം മറ്റ് ആവശ്യങ്ങൾക്ക് മാറ്റിവെച്ചതാണെന്നും മദ്യം വാങ്ങാൻ തരില്ലെന്നും യമുനമ്മ പറഞ്ഞു. തുടർന്ന് ഏറെനേരം ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടായി. തർക്കം മൂർച്ഛിച്ചതോടെ അംബരീഷ് യമുനമ്മയെ വീടിന് പുറത്തേക്ക് തള്ളിയിട്ടതിനു ശേഷം സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് തലയ്ക്കടിക്കുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ യമുനമ്മ മരിച്ചു.

പണം കണ്ടെത്തുന്നതിന് ട്രാഫിക് സിഗ്‌നലുകളിൽ ഭിക്ഷാടനം നടത്താനും അംബരീഷ് യമുനമ്മയെ നിർബന്ധിച്ചിരുന്നു. റായ്ച്ചൂർ സ്വദേശികളായ ഇവർ മൂന്ന് വർഷം മുമ്പാണ് ബംഗളൂരുവിലെത്തിയത്.

സമീപവാസികൾ അറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. അമ്മയും മകനും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന് സമീപവാസികൾ പൊലീസിന് മൊഴി നൽകി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now