കേരളം ആസ്ഥാനമായുള്ള, രാജ്യത്താകെ ബ്രാഞ്ചുകളുള്ള പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ ഷോറുമിലാണ് മോഷണം നടന്നത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:52 am IST

News Now


വെല്ലൂര്‍: തമിഴ്‌നാട് വെല്ലൂരിലെ ജ്വല്ലറി ഷോറൂമില്‍ വന്‍കവര്‍ച്ച. 35 കിലോ സ്വര്‍ണവും വജ്രാഭരണങ്ങളും നഷ്ടമായി. ഒന്നാം നിലയിലെ സെന്‍ട്രല്‍ എസിയുടെ പൈപ്പ് അഴിച്ചുമാറ്റിയാണു കവര്‍ച്ചക്കാര്‍ അകത്തു കടന്നത്. ജില്ലാ അതിര്‍ത്തി അടച്ചു പൊലീസ് തിരച്ചില്‍ തുടങ്ങി. കേരളം ആസ്ഥാനമായുള്ള, രാജ്യത്താകെ ബ്രാഞ്ചുകളുള്ള പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ ഷോറുമിലാണ് മോഷണം നടന്നത്.

വെല്ലൂര്‍ ധര്‍മ്മരാജാ ക്ഷേത്രത്തിനു സമീപമുള്ള 5 നില കെട്ടിടത്തിലാണു ജ്വല്ലറി പ്രവര്‍ത്തിക്കുന്നത്. താഴത്തെ രണ്ടുനിലകളിലായാണ് ഷോറൂം. ഒന്നാമത്തെ നിലയിലേക്കുള്ള എസിയുടെ പൈപ്പുകള്‍ അഴിച്ചുമാറ്റിയാണ് കള്ളന്‍മാര്‍ കെട്ടിടത്തിന് അകത്ത് കടന്നത്. ഫാള്‍സ് സീലിങ് തകര്‍ത്ത് ഷോറൂമിനകത്ത് എത്തിയ കവര്‍ച്ചക്കാര്‍ അലമാരകളിലും ലോക്കറുകളിലും സൂക്ഷിച്ചിരുന്ന സ്വര്‍ണവും വജ്രവും കവര്‍ന്നു. 35 കിലോ സ്വര്‍ണം നഷ്ടമായെന്നാണ് പ്രാഥമിക കണക്ക്. മുഖംമൂടി ധരിച്ച സംഘം സിസിടിവി ക്യാമറകളില്‍ സ്‌പ്രേ അടിച്ച ശേഷമാണു കവര്‍ച്ച നടത്തിയത്. 

ജ്വല്ലറിയിലെയും പ്രധാന റോഡുകളിലെയും സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധന തുടങ്ങി. കൂടാതെ നഗരത്തിലെ ലോഡ്ജുകളില്‍ വ്യാപക റെയ്ഡും നടന്നു. കെട്ടിടത്തിന്റെ മുകളിലെ നിലയിലാണു ജീവനക്കാരുടെ താമസം. ജീവനക്കാര്‍ക്ക് കവര്‍ച്ചയില്‍ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.