
രാജ്യത്തെ 9% വിദ്യാര്‍ഥികള്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നു; സുപ്രീംകോടതി ടാസ്ക് ഫോഴ്സ് സര്‍വ്വേ വിവരങ്ങള്‍ പുറത്ത്
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ ആത്മഹത്യകള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ സുപ്രീംകോടതി നടത്തിയ സര്‍വ്വേയിലെ കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നത്

ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പത്തില്‍ ഒരാള്‍ വീതം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ തങ്ങള്‍ക്ക് ആത്മഹത്യാ ചിന്തകള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തെന്ന് സുപ്രീം കോടതി ടാസ്ക് ഫോഴ്സ് സര്‍വേയില്‍ കണ്ടെത്തല്‍. 2.43 ലക്ഷത്തിലധികം വിദ്യാര്‍ഥികളില്‍ നിന്ന് പ്രതികരണങ്ങള്‍ എടുത്താണ് സര്‍വ്വേ നടത്തിയത്. ഇതില്‍ 9 ശതമാനം വിദ്യാര്‍ഥികള്‍ തങ്ങള്‍ക്ക് ആത്മഹത്യാ ചിന്തയുണ്ടായെന്ന് വെളിപ്പെടുത്തി.
34 ശതമാനം പേര്‍ക്ക് ക്യാംപസില്‍ ഒരു പരിധിവരെ തങ്ങള്‍ പുറന്തള്ളപ്പെട്ടതായുള്ള തോന്നല്‍ ഉണ്ടായെന്നും വ്യക്തമാക്കി. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 67 ശതമാനത്തോളം വിദ്യാര്‍ഥികളും പട്ടിക ജാതി, പട്ടിക വര്‍ഗ്ഗം, മറ്റ് പിന്നോക്ക വിഭാഗങ്ങളില്‍ പെട്ടവരാണ്. പിടിഐയാണ് സര്‍വ്വേയുടെ വിശദാംശങ്ങള്‍ പുറത്തു വിട്ടത്.
കഴിഞ്ഞ ആറ് മാസത്തിനിടെ തങ്ങള്‍ക്ക് കടുത്ത മാനസിക സമ്മര്‍ദ്ദവും വിഷമവും ഉണ്ടായെന്നും ആഴ്ചകളോളം തുടര്‍ച്ചയായി വിഷാദവും ഉത്കണ്ഠയും അനുഭവിച്ചതായും ഏകദേശം 15 ശതമാനം വിദ്യാര്‍ഥികള്‍ ഓര്‍ത്തെടുത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന പിന്തുണയെക്കുറിച്ചും സര്‍വേയില്‍ പരാമര്‍ശങ്ങള്‍ ഉണ്ട്. ഗുരുതരമായ പ്രശ്നങ്ങള്‍ ഭരണാധികാരികള്‍ നിഷ്പക്ഷമായി കൈകാര്യം ചെയ്യുന്നുണ്ടോ എന്നതില്‍ 56 ശതമാനം വിദ്യാര്‍ഥികള്‍ അനുകൂലമായി പ്രതികരിച്ചു.
അതേസമയം, തങ്ങളുടെ സ്ഥാപനങ്ങളില്‍ കൗണ്‍സലിങ് സേവനങ്ങള്‍ ലഭ്യമല്ലെന്ന് 32 ശതമാനം പേര് പറഞ്ഞു. എന്നാല്‍ ഈ സര്‍വ്വേ മൊത്തം വിദ്യാര്‍ഥികളെ പ്രതിനിധീകരിക്കാത്തതിനാല്‍ കണ്ടെത്തലുകളെ പ്രാഥമിക വിവരങ്ങളായി മാത്രം കണക്കാക്കിയാല്‍ മതി എന്നാണ് വിലയിരുത്തല്‍.
മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ടാണ് ടാസ്ക് ഫോഴ്സിന്റെ അധ്യക്ഷന്‍. നിംഹാന്‍സിലെ ക്ലിനിക്കല്‍ സൈക്കോളജി പ്രൊഫസര്‍ സീമ മെഹ്റോത്ര, സൈക്യാട്രിസ്റ്റ് അലോക് സരിന് തുടങ്ങിയ വിദഗ്ദരുടെ ഒരു വലിയ പാനല്‍ ഡല്‍ഹി, തമിഴ്നാട്, കര്‍ണാടക, അസം, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ 19 സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും വിദ്യാര്‍ഥികളുമായി സംവദിക്കുകയും ചെയ്തിട്ടുണ്ട്.
രാജ്യത്തുടനീളമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാഥികളുടെ ആത്മഹത്യകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തെക്കുറിച്ച് പഠിക്കുന്നതിനും കുട്ടികളുടെ മാനസികാരോഗ്യവും ക്ഷേമവും വിലയിരുത്തുന്നതിനുമായി കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് സുപ്രീം കോടതി ടാസ്ക് ഫോഴ്സ് രൂപീകരിച്ചത്.
ഒക്ടോബര്‍ 31നുള്ളില്‍ ടാസ്ക് ഫോഴ്സ് തങ്ങളുടെ അന്തിമ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Supreme Court Task Force Survey Shocks
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



