മദ്രസയ്ക്കുള്ളില്‍ ചങ്ങലയ്ക്കിട്ട് 12കാരന് ക്രൂരമര്‍ദ്ദനം; കേസ് എടക്കാന്‍ ഉത്തരവിട്ട് ജില്ലാ മജിസ്‌ട്രേറ്റ്

സംഭവവുമായി ബന്ധപ്പെട്ട് മദ്രസ മാനേജര്‍, അധ്യാപകന്‍, കുട്ടിയുടെ പിതാവ് എന്നിവര്‍ക്കെതിരെ പൊലീസ് കേസ് എടത്തു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:33 am IST
Edited by :migrator

ലക്‌നൗ: പന്ത്രണ്ടുകാരനെ മദ്രസയ്ക്കുള്ളില്‍ ചങ്ങലയില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് മദ്രസ മാനേജര്‍, അധ്യാപകന്‍, കുട്ടിയുടെ പിതാവ് എന്നിവര്‍ക്കെതിരെ പൊലീസ് കേസ് എടത്തു. ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. ഉത്തര്‍പ്രദേശിലെ പിലിഭിത്തിലാണ് സംഭവം.

മാസങ്ങള്‍ക്ക് മുമ്പാണ് നഗരത്തിലെ ജഹാനാബാദ് പ്രദേശത്തെ മദ്രസയില്‍ 12 വയസുള്ള ആണ്‍കുട്ടിയെ മാതാപിതാക്കള്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അവിടെ താമസിക്കാന്‍ കുട്ടിക്ക് താത്പര്യം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് കുട്ടി മദ്രസയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടി ചങ്ങലയ്ക്കിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

നവംബര്‍ 25 ന് കുട്ടി ഇവിടെ നിന്ന് രക്ഷപ്പെട്ടു. കുട്ടിയെ പിന്തുടര്‍ന്നെത്തിയ മദ്രസ ജീവനക്കാര്‍ പിലിഭിത് നഗരത്തിലെ നെഹ്‌റു പാര്‍ക്കില്‍ വച്ച് കുട്ടിയെ പിടികൂടി. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയതോടെ ജീവനക്കാര്‍ കടന്നുകളഞ്ഞു. ചൈല്‍ഡ് ഹെല്‍പ്പ് ലൈനിനെ സമീപിച്ച പൊലീസ് കുട്ടിയെ അവരെ ഏല്‍പ്പിക്കുകയായിരുന്നു.

നവംബര്‍ 27 ന് ശിശുക്ഷേമ സമിതി (സിഡബ്ല്യുസി) കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. താനും മറ്റ് ഏഴു കുട്ടികളും മദ്രസയ്ക്കുള്ളില്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് കുട്ടി പറഞ്ഞു. ഇതേത്തുടര്‍ന്ന് ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസര്‍ മുഹമ്മദ് ഖാലിദ് ഇക്കാര്യം അന്വേഷിച്ചു. എന്നാല്‍ കുട്ടി പറഞ്ഞത് കള്ളമാണെന്ന് പറഞ്ഞ് മദ്രസയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു. തുടര്‍ന്ന് ജില്ലാ മജിസ്‌ട്രേറ്റ് മദ്രസ മാനേജ്‌മെന്റിന് ക്ലീന്‍ ചിറ്റ് നല്‍കിയതിന് ഖാലിദിനെ ശാസിക്കുകയും സംഭവവുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ കാലതാമസമുണ്ടായതിന്റെ കാരണം വിശദീകരിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയോട് ആവശ്യപ്പെടുകയും ചെയ്തു.

ജില്ലാ മജിസ്‌ട്രേറ്റിന്റെ നിര്‍ദേശപ്രകാരം പിലിഭിത് കോട്‌വാലി പൊലീസ് സ്‌റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കിയിട്ടുണ്ടെന്ന് സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ സീനത്ത് ജഹാന്‍ ബീഗം പറഞ്ഞു. പരാതി നല്‍കാന്‍ വൈകിയതിന്റെ കാരണങ്ങള്‍ വ്യക്തമാക്കുന്ന ഒരു കത്ത് നല്‍കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now