വന്നിറങ്ങിയത് പൊലീസ് വലയിലേക്ക്; യുഎസില്‍ നിന്നും നാടുകടത്തി അമൃത്സറില്‍ ഇറങ്ങിയ രണ്ടുപേര്‍ കൊലക്കേസില്‍ അറസ്റ്റില്‍

അമൃത്സറില്‍ വിമാനമിറങ്ങിയതിന് തൊട്ടു പിന്നാലെയാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്

punjab police
അമൃത്സർ വിമാനത്താവളത്തിന് മുന്നിൽ പൊലീസ് സംഘം പിടിഐ
Edited by :jayakumarna
Last Updated :16 ഫെബ്രുവരി 2025, 2:51 pm IST

പട്യാല: അമേരിക്ക അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി നാടുകടത്തി അമൃത്സറിലെത്തിച്ച ഇന്ത്യാക്കാരില്‍ രണ്ട് യുവാക്കള്‍ കൊലപാതകക്കേസില്‍ അറസ്റ്റില്‍. പട്യാല ജില്ലയിലെ രാജ്പുര സ്വദേശികളായ സന്ദീപ് സിങ് എന്ന സണ്ണി, പ്രദീപ് സിങ് എന്നിവരാണ് അറസ്റ്റിലായത്. അമൃത്സറില്‍ വിമാനമിറങ്ങിയതിന് തൊട്ടു പിന്നാലെയാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

2023 ല്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതകക്കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് നാനാക് സിങ് അറിയിച്ചു. ശനിയാഴ്ച രാത്രിയാണ് ഇവര്‍ അടക്കം, അനധികൃത കുടിയേറ്റക്കാരായ 116 ഇന്ത്യക്കാരെ സി-17 സൈനിക വിമാനത്തില്‍ അമേരിക്ക അമൃത്സര്‍ വിമാനത്താവളത്തില്‍ എത്തിച്ചത്.

സന്ദീപിനും മറ്റ് നാല് പേര്‍ക്കുമെതിരെ 2023 ജൂണിലാണ് രാജ്പുരയില്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. അന്വേഷണത്തില്‍ ബോധ്യമായതിന്റെ അടിസ്ഥാനത്തില്‍, സന്ദീപിന്റെ കൂട്ടാളിയായ പ്രദീപിന്റെ പേരും എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കയില്‍ നിന്നുള്ള വിമാനം അമൃത്സറില്‍ ലാന്‍ഡ് ചെയ്തപ്പോള്‍, പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ രാജ്പുരയില്‍ നിന്നുള്ള പൊലീസ് സംഘം കാത്തു നില്‍ക്കുകയായിരുന്നു.

പഞ്ചാബില്‍ നിന്നുള്ള 65 പേര്‍ ഉള്‍പ്പെടെ 116 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുമായി യുഎസ് സൈനിക വിമാനം ശനിയാഴ്ച രാത്രി 11.35 നാണ് അമൃത്സറില്‍ ഇറങ്ങിയത്. അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരേയും വഹിച്ചുള്ള ആദ്യ യുഎസ് സൈനിക വിമാനം ഫെബ്രുവരി അഞ്ചിനായിരുന്നു അമൃത്സറിലെത്തിയത്. 157 യാത്രക്കാരായിരുന്നു ആ വിമാനത്തിലുണ്ടായിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now