
എന്തുകൊണ്ട് 1,945 ദിവസത്തെ കാലതാമസം ഉണ്ടായി ? കുല്‍ദീപ് സെന്‍ഗാറിന് വധശിക്ഷ നല്‍കണമെന്ന ഹര്‍ജി തള്ളി
ഇത് 'മനഃപൂര്‍വമായ വീഴ്ചയും അശ്രദ്ധയും' ആണെന്നും കോടതി വ്യക്തമാക്കി. വിധി വന്നതിനെക്കുറിച്ച് പെണ്‍കുട്ടിക്ക് അറിവുണ്ടായിരുന്നുവെന്നും അനുബന്ധ നടപടികളില്‍ അവര്‍ സജീവമായി പങ്കെടുത്തിരുന്നുവെന്നും നിരീക്ഷിച്ചു

ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപ്പീല്‍ ഡല്‍ഹി ഹൈക്കോടതി തിങ്കളാഴ്ച തള്ളി. ഹര്‍ജി നല്കാന് 1,945 ദിവസത്തെ കാലതാമസം ഉണ്ടായതെന്തുകൊണ്ടാണെന്നതില് മതിയായ കാരണം ബോധിപ്പിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു.
കുല്‍ദീപ് സെന്‍ഗാര്‍, സഹോദരന് ജയ്ദീപ് സെന്‍ഗാര്‍ എന്നിവരെയും മറ്റുള്ളവരെയും ശിക്ഷിച്ച വിചാരണ കോടതിയുടെ 2020 ലെ വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍, വിശദീകരിക്കാനാവാത്ത കാലതാമസത്തിന് ശേഷമാണ് നല്‍കിയതെന്ന് ജസ്റ്റിസുമാരായ നവിന് ചൗള, രവീന്ദര്‍ ദുഡേജ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഇത് 'മനഃപൂര്‍വമായ വീഴ്ചയും അശ്രദ്ധയും' ആണെന്നും കോടതി വ്യക്തമാക്കി. വിധി വന്നതിനെക്കുറിച്ച് പെണ്‍കുട്ടിക്ക് അറിവുണ്ടായിരുന്നുവെന്നും അനുബന്ധ നടപടികളില്‍ അവര്‍ സജീവമായി പങ്കെടുത്തിരുന്നുവെന്നും നിരീക്ഷിച്ചു. തന്റെ അഭിഭാഷകനില്‍ നിന്ന് നിയമോപദേശം ലഭ്യമായിരുന്നിട്ടും, നിശ്ചിത സമയപരിധിക്കുള്ളില്‍ അപ്പീല്‍ നല്‍കാനുള്ള നിയമപരമായ അവകാശം ബോധപൂര്‍വ്വം ഉപയോഗിച്ചില്ലെന്നും കോടതി പറഞ്ഞു.
WHAT TO READ NEXT

105 കോടി എവിടെ?, വിജയിനോട് ഹൈക്കോടതി; ആദായ നികുതി വകുപ്പിന് നോട്ടീസ്
വിചാരണ പൂര്‍ത്തിയായി ഇത്രയും കാലത്തിന് ശേഷം ശിക്ഷ വര്‍ദ്ധിപ്പിക്കാനായി വൈകി സമര്‍പ്പിക്കുന്ന അപ്പീല്‍ സ്വീകരിക്കുന്നത് പ്രതിയുടെ അവകാശങ്ങളെ സാരമായി ബാധിക്കുമെന്നും, അത് അവരെ നീണ്ടുനില്‍ക്കുന്ന വ്യവഹാരങ്ങളുടെ അനിശ്ചിതത്വത്തിലേക്കും കടുത്ത ശിക്ഷാ നടപടികളിലേക്കും നയിക്കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍, താമസസൗകര്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, ശാരീരികമായ അവശതകള്‍, ഭീഷണി അല്ലെങ്കില്‍ ഉപദ്രവം തുടങ്ങിയ അപേക്ഷയില്‍ ഉന്നയിച്ചിട്ടുള്ള കാരണങ്ങള്‍ ഈ ഘട്ടത്തില്‍ വിശ്വാസയോഗ്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഹര്‍ജിയില്‍ പറയുന്ന കാരണങ്ങള്‍ അവ്യക്തമാണ്, രേഖാമൂലമുള്ള തെളിവുകളുടെ പിന്തുണ ഇതിനില്ല, കൂടാതെ ഇത്തരം സാഹചര്യങ്ങള്‍ എത്രകാലം നിലനിന്നിരുന്നുവെന്ന് വ്യക്തമാക്കുന്നുമില്ല. തെളിവുകളില്ലാത്ത വെറും അവകാശവാദങ്ങള്‍ 'മതിയായ കാരണമായി' കണക്കാക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. കാലതാമസം വളരെ കൂടുതലായതിനാലും, അത് കൃത്യമായി വിശദീകരിക്കാത്തതിനാലും, അശ്രദ്ധ മൂലം സംഭവിച്ചതിനാലും ഈ അപേക്ഷ തള്ളേണ്ടതാണ്. സമയപരിധി കഴിഞ്ഞതിനാല്‍ ഈ അപ്പീല്‍ തള്ളുകയാണെന്നും കോടതി വിധിച്ചു.
ഇര തുടക്കം മുതല്‍ തന്നെ നടപടിക്രമങ്ങളില്‍ പങ്കെടുക്കുന്നുണ്ടെന്നും അപ്പീല്‍ ഫയല്‍ ചെയ്യുന്നതിലെ കാലതാമസം മാപ്പാക്കാന്‍ യാതൊരു കാരണവുമില്ലെന്നും ജയ്ദീപ് സെന്‍ഗാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് പ്രമോദ് കുമാര്‍ ദുബെ പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളിലാണ് അതിജീവിത ജീവിക്കുന്നതെന്നും മറ്റ് കേസുകള്‍ നടത്താന്‍ കഴിഞ്ഞത് തന്നെ ഒരു 'അത്ഭുതമാണെന്നും വാദി ഭാഗം വാദിച്ചിരുന്നു. എന്നാല്‍ ഇത് ബോധപൂര്‍വമായ വീഴ്ചയുടെ ഉദാഹരണമാണെന്ന് കുല്‍ദീപ് സെന്‍ഗാറിന്റെ അഭിഭാഷകന് കനയ്യ സിംഗാള്‍ പറഞ്ഞു. വിചാരണ കോടതിയുടെ ശിക്ഷാവിധി അംഗീകരിച്ചതായും നിലവിലെ വിഷയം കോടതിയുടെ തീരുമാനത്തിന് വിടുന്നുവെന്നും സിബിഐ അഭിഭാഷകന് അറിയിച്ചു.
2020-ലെ വിചാരണ കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്കാന് 1940-ലധികം ദിവസത്തെ കാലതാമസം മാപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇര നല്കിയ ഹര്‍ജിയില്‍ ഫെബ്രുവരി 19-ന് കോടതി സെന്‍ഗാറിനും മറ്റ് പ്രതികള്‍ക്കും നോട്ടീസ് അയച്ചിരുന്നു. പ്രതികള്‍ക്ക് ലഭിച്ച 10 വര്‍ഷത്തെ തടവ് ശിക്ഷ വധശിക്ഷയായി ഉയര്‍ത്തണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. കുല്‍ദീപ് സെന്‍ഗാറിനെയും മറ്റുള്ളവരെയും കൊലപാതക കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കണമെന്നും, കൊലപാതകമല്ലാത്ത നരഹത്യയായി കണക്കാക്കിയ വിചാരണ കോടതി വിധി പരിഷ്കരിക്കണമെന്നും അപ്പീലില്‍ ആവശ്യപ്പെട്ടിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ കുല്‍ദീപ് സെന്‍ഗാറിനെ 2019 ഡിസംബര്‍ 20 ന് കോടതി ശിക്ഷിക്കുകയും ജീവിതാവസാനം വരെ തടവിന് വിധിക്കുകയും ചെയ്തിരുന്നു. 2017 ലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സിംഗര്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. തുടര്‍ന്ന്, പെണ്‍കുട്ടിയുടെ പിതാവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ 2020 മാര്‍ച്ച് 13-ന് വിചാരണ കോടതി കുല്‍ദീപ് സെന്‍ഗാറിനും സഹോദരന് ജയ്ദീപ് സെന്‍ഗാറിനും 10 വര്‍ഷം കഠിനതടവും 10 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ആയുധ നിയമപ്രകാരം പ്രതികളുടെ നിര്‍ദ്ദേശപ്രകാരം അറസ്റ്റിലായ പെണ്‍കുട്ടിയുടെ പിതാവ് 2018 ഏപ്രില്‍ 9 ന് പൊലീസ് മര്‍ദ്ദനത്തെത്തുടര്‍ന്ന് കസ്റ്റഡിയില്‍ മരിക്കുകയായിരുന്നു. ഒരു കുടുംബത്തിന്റെ 'ഏക വരുമാനക്കാരനെ' കൊലപ്പെടുത്തിയതില്‍ യാതൊരു വിട്ടുവീഴ്ചയും കാണിക്കാനാവില്ലെന്ന് അന്ന് വിചാരണ കോടതി നിരീക്ഷിച്ചിരുന്നു. എന്നിരുന്നാലും, പ്രതികള്‍ക്ക് കൊല്ലാന്‍ ഉദ്ദേശ്യമില്ലായിരുന്നു എന്ന് വിലയിരുത്തിയ കോടതി, അവരെ കൊലപാതക കുറ്റത്തില്‍ നിന്ന് ഒഴിവാക്കുകയും പകരം ഐപിസി സെക്ഷന്‍ 304 പ്രകാരം കൊലപാതകമല്ലാത്ത നരഹത്യയ്ക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷയായ 10 വര്‍ഷം തടവ് നല്‍കുകയുമായിരുന്നു. സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം 2019 ഓഗസ്റ്റ് 1 നാണ് കേസ് ഉത്തര്‍പ്രദേശിലെ വിചാരണ കോടതിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റിയത്.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Unnao Rape Survivor's Plea Seeking Death Penalty For Kuldeep Sengar Dismissed
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



