കല്യാണം കഴിക്കാമെന്ന വാക്ക് പാലിച്ചില്ല; വസ്ത്രങ്ങള്‍ വലിച്ചുകീറി 19കാരിയെ കാമുകന്‍ വെടിവച്ച് കൊന്നു; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

സംഭവ സ്ഥലത്ത് നിന്നും ഓടിപ്പോയ പ്രതി പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:51 am IST

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ 19കാരിയെ കാമുകന്‍ വെടിവച്ചു കൊന്നു. വിവാഹം കഴിക്കാമെന്ന വാഗ്ദാനം ലംഘിച്ചെന്ന് പറഞ്ഞാണ് രജനീഷ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ പ്രതി നേരിട്ടെത്തി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. 

പെണ്‍കുട്ടിയും സഹോദരനും ബൈക്കില്‍ വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു സംഭവം. കിഴക്കേ ഫത്തേഗഞ്ചില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോകുന്ന വഴി രജനീഷ് പെണ്‍കുട്ടിയേയും സഹോദരനേയും സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ബൈക്കില്‍ ചവിട്ടുകയും ബൈക്കിനൊപ്പം നിലത്ത് വീണ സഹോദരന്റെ അരികില്‍ നിന്ന് പെണ്‍കുട്ടിയുടെ മുടിയില്‍ പിടിച്ച് വലിച്ചിഴച്ച് കൊണ്ടു പോവുകയും വസ്ത്രങ്ങള്‍ വലിച്ചു കീറിയ ശേഷം വെടിയുതിര്‍ക്കുകയുമായിരുന്നു.  പ്രതി അഞ്ച് പ്രവാശ്യം പെണ്‍കുട്ടിയുടെ നേരെ വെടിയുതിര്‍ത്തുവെന്ന് സഹോദരന്‍ പറഞ്ഞു.

സംഭവ സ്ഥലത്ത് നിന്നും ഓടിപ്പോയ പ്രതി പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കൊലപാതകത്തിനുപയോഗിച്ച ആയുധവും പൊലീസിന് കൈമാറി.പെണ്‍കുട്ടിയുടെ അടിവയറ്റിലും കഴുത്തിലുമാണ് വെടിയേറ്റത്. സംഭവ സ്ഥലത്ത് വെച്ചു തന്നെ പെണ്‍കുട്ടി മരിച്ചു. പോസ്റ്റ്‌മോര്‍ട്ടം ചെയ്തതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. 

ഐപിസി സെക്ഷന്‍ 302, സെക്ഷന്‍ 504 തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് യുവാവിനെ അറസ്റ്റ് ചെയ്തത്. രജനീഷുമായുള്ള ബന്ധത്തില്‍ വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ബന്ധത്തില്‍ നിന്ന് പിന്മാറിയിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ കല്യാണം വീട്ടുകാര്‍ നിശ്ചയിക്കുകയും ചെയ്തിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now