
117 കോടി മൂല്യമുള്ള അപൂര്‍വ്വ പുരാവസ്തുക്കള്‍; ഇന്ത്യയിൽ നിന്ന് മോഷ്ടിച്ച 657 പുരാവസ്തുക്കള്‍ തിരികെ നൽകി അമേരിക്ക

ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധയിടങ്ങളില്‍ നിന്ന് മോഷ്ടിച്ച് അമേരിക്കയിലേക്ക് കടത്തിയ 14 മില്യണ്‍ ഡോളര്‍ (ഏകദേശം 117 കോടി രൂപ) മൂല്യമുള്ള പുരാവസ്തുക്കള്‍ യുഎസ് ഇന്ത്യയ്ക്ക് കൈമാറി. അന്താരാഷ്ട്ര കള്ളക്കടത്ത് ശൃഖലകള് വഴി അമേരിക്കയിലെത്തിയ 657ഓളം പുരാവസ്തുക്കളാണ് മാന്‍ഹട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് ഇന്ത്യയ്ക്ക് തിരിച്ച് നല്‍കിയത്.
രാജ്യാന്തര പുരാവസ്തു കടത്ത് സംഘങ്ങളെക്കുറിച്ച് നടത്തിയ ഒന്നിലധികം അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഈ അപൂര്‍വ്വ ശേഖരം വീണ്ടെടുത്തത്. കുപ്രസിദ്ധ വിഗ്രഹക്കടത്തുകാരന്‍ സുഭാഷ് കപൂര്‍, മുന്‍പ് ശിക്ഷിക്കപ്പെട്ട നാന്‍സി വീനര് എന്നിവരുമായി ബന്ധപ്പെട്ട ക്രിമിനല്‍ ശൃംഖലകളില്‍ നിന്നാണ് അധികൃതര്‍ ഈ പുരാവസ്തുക്കള്‍ കണ്ടെടുത്തത്.
ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെ ലക്ഷ്യം വച്ചുള്ള വന്‍കിട കടത്ത് സംഘങ്ങളുടെ വ്യാപ്തി വളരെ വലുതാണെന്ന് ആല്വിന് ബ്രാഗ് പറഞ്ഞു. പുരാവസ്തുക്കള്‍ വീണ്ടെടുക്കാന്‍ സഹായിച്ച മാന്‍ഹട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസിനും ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റിനും ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ബിനായ പ്രധാന് നന്ദി അറിയിച്ചു.
അവലോകിതേശ്വരന്റെ വെങ്കല വിഗ്രഹം
തിരികെ ലഭിച്ച വസ്തുക്കളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് 2 മില്യണ്‍ ഡോളര്‍ മൂല്യമുള്ള അവലോകിതേശ്വരന്റെ വെങ്കല വിഗ്രഹം. റായ്പൂരിലെ മഹന്ത് ഘാസിദാസ് മെമ്മോറിയല്‍ മ്യൂസിയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ട ഈ വിഗ്രഹം 1982-ഓടെയാണ് അമേരിക്കയിലേക്ക് കടത്തിയത്. 2025-ല്‍ ന്യൂയോര്‍ക്കിലെ ഒരു സ്വകാര്യ ശേഖരത്തില്‍ നിന്നാണ് ഇത് പിടിച്ചെടുത്തത്.
ബുദ്ധ പ്രതിമ
7.5 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ചുവന്ന മണല്‍ക്കല്ലില്‍ തീര്‍ത്ത ബുദ്ധ പ്രതിമ. സുഭാഷ് കപൂറിന്റെ ശൃംഖല വഴി ന്യൂയോര്‍ക്കിലെത്തിച്ച ഈ പ്രതിമ ഒരു സ്റ്റോറേജ് യൂണിറ്റില്‍ നിന്നാണ് കണ്ടെടുത്തത്. കൂടാതെ, 2000-ത്തില്‍ മധ്യപ്രദേശിലെ ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ട നൃത്തം ചെയ്യുന്ന ഗണപതിയുടെ വിഗ്രഹവും ഇതില്‍ ഉള്‍പ്പെടുന്നു. വ്യാജ രേഖകള്‍ ചമച്ച് 2012-ല്‍ ലേലത്തിന് വെച്ച ഈ വിഗ്രഹം അടുത്തിടെയാണ് ഒരു സ്വകാര്യ വ്യക്തി അധികൃതര്‍ക്ക് കൈമാറിയത്.
2012ല്‍ സുഭാഷ് കപൂറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച മാന്‍ഹട്ടന്‍ ഡിസ്ട്രിക് അറ്റോര്‍ണി ഓഫീസ്, പുരാവസ്തു കടത്ത് തടയാന്‍ കര്‍ശന നടപടികളാണ് സ്വീകരിച്ചിരുന്നത്. ആന്റിക്വിറ്റീസ് ട്രാഫിക്കിംഗ് യൂണിറ്റ് ഇതുവരെ 36 രാജ്യങ്ങളിലായി 5,900ലധികം പുരാവസ്തുക്കള്‍ തിരികെ നല്‍കിയിട്ടുണ്ട്. 485 മില്യണ്‍ ഡോളറിലധികം മൂല്യമുള്ള 6,200ഓളം സാംസ്കാരിക നിധികള്‍ ഇതുവരെ ഇവര്‍ കണ്ടെത്തി.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
US returns 657 stolen artefacts worth $14 million to India
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




