'വിസിൽ വേണ്ട, ടിവി മതി!'; ടിവികെ സ്ഥാനാർഥിയുടെ പത്രിക തള്ളി, സ്വതന്ത്രന് പിന്തുണയുമായി വിജയ്

പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിക്ക് മത്സരിക്കാനാവാതെ വന്നതോടെയാണ് മണ്ഡലത്തിലെ സ്വാതന്ത്രസ്ഥാനാർഥിയായ കെ പ്രേംകുമാറിന് പിന്തുണ നൽകുന്നതായി വിജയ് അറിയിച്ചത്.

Vijay announces support for independent candidate in Edappadi constituency
എടപ്പാടി മണ്ഡലത്തിൽ സ്വാതന്ത്രസ്ഥാനാർത്ഥിക്ക് പിന്തുണപ്രഖാപിച്ച് വിജയ്X
Edited by :ചന്ദ്ര സ്വസ്തി
Last Updated :19 ഏപ്രിൽ 2026, 5:48 pm IST

സേലം : തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ സേലം എടപ്പാടി മണ്ഡലത്തിൽ സ്വതന്ത്രസ്ഥാനാർഥിക്ക് പിന്തുണപ്രഖാപിച്ച് വിജയ്‌യുടെ തമിഴക വെട്രി കഴകം. പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിക്ക് മത്സരിക്കാനാവാതെ വന്നതോടെയാണ് മണ്ഡലത്തിലെ സ്വതന്ത്രസ്ഥാനാർഥിയായ കെ പ്രേംകുമാറിന് പിന്തുണ നൽകുന്നതായി വിജയ് അറിയിച്ചത്.

വിജയ് ഫാൻസ്‌ ക്ലബ്ബിന്റെ മുൻ അഡ്മിനിസ്ട്രേറ്ററായിരുന്ന പ്രേംകുമാറിനെ പിന്തുണക്കാൻ പാർട്ടി ഏകകണ്ട്ഠേന തീരുമാനിച്ചതായി താരം എക്‌സിൽ കുറിച്ചു. പാർട്ടിചിഹ്നമായ വിസിലിനു പകരം ടെലിവിഷൻ ചിഹ്നത്തിൽ തന്നെയായിരിക്കും പ്രേംകുമാർ മത്സരിക്കുക.

"എടപ്പാടി നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കുന്ന കെ പ്രേംകുമാർ മുൻപ് ഞങ്ങളുടെ ഫാൻ ക്ലബ് അഡ്മിനിസ്ട്രേറ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹം നമ്മുടെ സ്വന്തം സഹോദരനാണ്. അതിനാൽ, തമിഴക വെട്രി കഴകം, അദ്ദേഹത്തിന് അനുവദിച്ചിരിക്കുന്ന ടെലിവിഷൻ ചിഹ്നത്തോടൊപ്പം പിന്തുണക്കാൻ ഏകകണ്ഠമായി തീരുമാനിച്ച വിവരം അറിയിക്കുന്നു. സഹോദരൻ പ്രേമകുമാറിനെ ഞങ്ങളുടെ സ്വന്തം സ്ഥാനാർഥിയായി കണക്കാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന സീരിയൽ നമ്പർ 12 - ടെലിവിഷൻ ബോക്സ് ചിഹ്നം തെരഞ്ഞെടുത്ത് അദ്ദേഹത്തിന് വോട്ട് ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു. എടപ്പാടി നിയോജകമണ്ഡലത്തിലെ തമിഴക വെട്രി കഴകത്തിന്റെ ചിഹ്നത്തെ അടിച്ചമർത്താൻ ശ്രമിച്ചവർക്കും വളഞ്ഞ വഴികളിലൂടെ വിജയം തേടിയവർക്കും പ്രേംകുമാറിന്റെ വിജയം പാഠമാകട്ടെ"- വിജയ് സമൂഹമാധ്യമത്തിൽ കുറിച്ചു.

തമിഴക വെട്രി കഴകം സ്ഥാനാർഥിയായിരുന്ന അരുൺ കുമാറിന്റെ നാമനിർദ്ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയതോടെയാണ് പാർട്ടി പ്രേംകുമാറിന് പിന്തുണ നൽകാൻ തീരുമാനിച്ചത്. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്.

ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേട്ര കഴകത്തിന്റെ (AIADMK) അതിശക്തമായ മണ്ഡലംകൂടെയാണ് എടപ്പാടി. തമിഴ്‌നാട് പ്രതിപക്ഷനേതാവും മുൻമുഖ്യമന്ത്രിയും എഐഎഡിഎംകെ ജനറൽ സെക്രട്ടറിയുമായ എടപ്പാടി കറുപ്പ പളനിസ്വാമി (ഇപിഎസ്) 2011 മുതൽ തുടർച്ചയായി നിലനിർത്തുന്ന മണ്ഡലം കൂടിയാണത്. ഇത്തവണയും എടപ്പാടിയിൽ ഇപിഎസ് വലിയ മുന്നേറ്റം തന്നെയാണ് പ്രതീക്ഷിക്കുന്നത്.

News Now

Summary

Vijay announces support for independent candidate in Edappadi constituency

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates