
നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി
മുർഷിദാബാദ് മുൻ ജില്ലാ പ്രസിഡന്റും നിലവിലെ സംസ്ഥാന സമിതി അംഗവുമായ സഖാറാവ് സർക്കാരാണ് റെജിനഗറിലെ ബിജെപി സ്ഥാനാർത്ഥി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ കൊല്ലപ്പെട്ട മുൻ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥിന്റെ മാതാവ് ഹസിറാണി രഥിനെയാണ് പാർട്ടി നന്ദിഗ്രാമിൽ പോരിനിറക്കുന്നത്. മുർഷിദാബാദ് മുൻ ജില്ലാ പ്രസിഡന്റും നിലവിലെ സംസ്ഥാന സമിതി അംഗവുമായ സഖാറാവ് സർക്കാരാണ് റെജിനഗറിലെ ബിജെപി സ്ഥാനാർത്ഥി. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിലും ഭവാനിപൂരിലും ഒരുപോലെ വിജയിച്ച സുവേന്ദു അധികാരി ഭവാനിപൂർ നിലനിർത്തി നന്ദിഗ്രാം സീറ്റ് രാജിവെച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്തി ബിജെപി അധികാരത്തിലെത്തിയതിന് തൊട്ടുപിന്നാലെയാണ് സുവേന്ദു അധികാരിയുടെ വിശ്വസ്തനായിരുന്ന ചന്ദ്രനാഥ് രഥ് വടക്കൻ 24 പർഗാനാസിലെ മധ്യംഗ്രാമിൽ വെച്ച് ദാരുണമായി വെടിയേറ്റ് കൊല്ലപ്പെടുന്നത്. കാറിൽ സഞ്ചരിക്കുകയായിരുന്ന ചന്ദ്രനാഥിനെ ബൈക്കിലെത്തിയ അക്രമികൾ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. സംസ്ഥാന പൊലീസും പ്രത്യേക അന്വേഷണ സംഘവും ആദ്യഘട്ടത്തിൽ അന്വേഷിച്ച കേസ് പിന്നീട് സിബിഐക്ക് കൈമാറി. ചന്ദ്രനാഥിന്റെ വിയോഗം സൃഷ്ടിച്ച വൈകാരികമായ ജനവികാരം കൂടി മുൻനിർത്തിയാണ് അദ്ദേഹത്തിന്റെ മാതാവിനെ തന്നെ നന്ദിഗ്രാമിൽ അങ്കത്തിനിറക്കാൻ ബിജെപി തീരുമാനിച്ചത്.
രാഷ്ട്രീയരംഗത്ത് പുതിയ ആളല്ല ഹസിറാണി രഥ്. 1998 മുതൽ പൊതുപ്രവർത്തന രംഗത്തുള്ള ഇവർ രണ്ടുതവണ പഞ്ചായത്ത് അംഗമായും മൂന്നുതവണ പഞ്ചായത്ത് സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി സിദ്ധേശ്വർ ശിവക്ഷേത്രത്തിലും ജാനകീനാഥ് ക്ഷേത്രത്തിലും പ്രാർത്ഥന നടത്തിയ ഇവർ, ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. സുവേന്ദു അധികാരിയുടെ സാന്നിധ്യത്തിലാണ് ഇവർ ഹാൽദിയയിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത്.
മുർഷിദാബാദ് ജില്ലയിലെ റെജിനഗറിൽ സംഘടനാ മികവ് മുൻനിർത്തിയാണ് സഖാറാവ് സർക്കാരിനെ പാർട്ടി കളത്തിലിറക്കിയത്. ആം ജനതാ ഉന്നയൻ പാർട്ടി സ്ഥാപകൻ ഹുമയൂൺ കബീർ റെജിനഗർ, നൗഡ എന്നീ രണ്ട് മണ്ഡലങ്ങളിൽ വിജയിച്ച ശേഷം റെജിനഗർ ഒഴിഞ്ഞതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഹുമയൂൺ കബീർ തന്റെ മകൻ ഗുലാം നബി ആസാദിനെയാണ് ഇവിടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തിറക്കിയിരിക്കുന്നത്.
രണ്ട് മണ്ഡലങ്ങളിലും ശക്തമായ ബഹുമുഖ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. നന്ദിഗ്രാമിൽ സഞ്ചിത പ്രധാൻ ദേയിയെയും റെജിനഗറിൽ മുൻ എംഎൽഎ റബീഉൽ ആലം ചൗധരിയെയുമാണ് മമത ബാനർജി പക്ഷ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികളാക്കിയത്. റിതബ്രത ബാനർജി പക്ഷ വിമത തൃണമൂൽ വിഭാഗം യഥാക്രമം മുഹമ്മദ് ഇഹ്തിഷാമുൽ ഹഖിനെയും സഫിയുസ്സമാൻ ഷെയ്ഖിനെയും നിർത്തിയിട്ടുണ്ട്. കോൺഗ്രസിനായി മിലൻ പ്രധാന നന്ദിഗ്രാമിലും അബ്ദുള്ളാഹിൽ കാഫി റെജിനഗറിലും മത്സരിക്കുമ്പോൾ, ഇടതുമുന്നണി സ്ഥാനാർത്ഥികളായി സിപിഐയുടെ ശാന്തിഗോപാൽ ഗിരി നന്ദിഗ്രാമിലും സിപിഎമ്മിന്റെ സയ്യിദ് അസദ് അലി റെജിനഗറിലും ജനവിധി തേടുന്നു.
ഒക്ടോബർ ആറിന് വോട്ടെടുപ്പ് നടക്കും. സെപ്റ്റംബർ 16 ആണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഒക്ടോബർ ഒൻപതിനാണ് വോട്ടെണ്ണൽ. നിയമസഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിയും പാർട്ടിയിലെ പിളർപ്പിനും ശേഷം മമതാ ബാനർജിക്ക് ശക്തി തെളിയിക്കാനുള്ള അവസരമാണ് ഉപതെരഞ്ഞെടുപ്പിലൂടെ തെളിയുന്നത്.
WHAT TO READ NEXT

ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു
News Now
പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ദീര്‍ഘദൂര യാത്രയ്ക്ക് പോകുകയാണോ?, ട്രാവല്‍ ഇന്‍ഷുറന്‍സ് മറക്കരുത്; പ്രീമിയം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങള്‍

'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

Summary
The Bharatiya Janata Party has officially announced Hasirani Rath, the mother of West Bengal Chief Minister Suvendu Adhikari's slain former personal assistant Chandranath Rath, as its candidate for the upcoming Nandigram assembly bypoll
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'മോദിയെ പുകഴ്ത്തി കൊച്ചിൻ ഷിപ്പ്യാർഡ് ഡയറക്ടർ സ്ഥാനം നേടി'; ജിജി തോംസണെതിരെ വെളിപ്പെടുത്തലുമായി ബിജെപി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്




