'മോദിയെ പുകഴ്ത്തി കൊച്ചിൻ ഷിപ്പ്‌യാർഡ് ഡയറക്ടർ സ്ഥാനം നേടി'; ജിജി തോംസണെതിരെ വെളിപ്പെടുത്തലുമായി ബിജെപി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ചിത്രങ്ങൾ പുറത്തുവിട്ട് ഫെയ്‌സ്ബുക്ക് കുറിപ്പ്

Jiji Thomson BJP Controversy
Jiji Thomson BJP Controversy
Edited by :Damodaran K
Last Updated :27 സെപ്റ്റംബർ 2026, 4:01 pm IST

തിരുവനന്തപുരം: ബിജെപിയിലേക്ക് ചേക്കേറാൻ താല്പര്യം കാണിച്ച് പാർട്ടിയുമായി അടുത്തത് മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ തന്നെയാണെന്ന തുറന്നുപറച്ചിലുമായി ബിജെപി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്. ബിജെപി സ്ഥാനാർത്ഥിയാകാൻ ഗ്യാനേഷ് കുമാർ ക്ഷണിച്ചുവെന്നും ജയിച്ചാൽ കേന്ദ്രമന്ത്രിയാക്കാമെന്ന് വാഗ്ദാനം ചെയ്തുവെന്നുമുള്ള ജിജി തോംസന്റെ ആരോപണങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ബിജെപിയിലേക്ക് വരാൻ കാട്ടിയ താല്പര്യങ്ങളും മുൻകാല നീക്കങ്ങളും ജിജി ജോസഫ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പുറത്തുവിട്ടത്.

രാഷ്ട്രീയ പ്രവർത്തകർ രഹസ്യമായി നടത്തുന്ന ചർച്ചകളുടെയും കൂടിക്കാഴ്ചകളുടെയും വിവരങ്ങൾ പൊതുവേ പുറത്തുപറയാറില്ലെങ്കിലും മുൻ ചീഫ് സെക്രട്ടറി അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചതിനാലാണ് വസ്തുതകൾ വ്യക്തമാക്കുന്നതെന്ന് ജിജി ജോസഫ് കുറിച്ചു. 2017 ജൂൺ 26-ന് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെ ആദരിക്കുന്നതിനായി കൊച്ചിയിൽ ന്യൂനപക്ഷ മോർച്ച സംഘടിപ്പിച്ച ചടങ്ങിലേക്ക് ജിജി തോംസണെ ക്ഷണിക്കുകയായിരുന്നു. അന്ന് ന്യൂനപക്ഷ മോർച്ചയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന തന്നെ കേരളത്തിലെ സംഘപരിവാറിന്റെ മുതിർന്ന നേതാവ് നേരിട്ട് വിളിച്ച്, ജിജി തോംസൺ ബിജെപിയോടൊപ്പം വരാൻ അതിയായ താല്പര്യം പ്രകടിപ്പിച്ചുനിൽക്കുകയാണെന്നും അദ്ദേഹത്തെ പരിപാടിയിലേക്ക് ക്ഷണിക്കണമെന്നും നിർദ്ദേശിക്കുകയായിരുന്നുവെന്ന് ജിജി ജോസഫ് വ്യക്തമാക്കി.

ക്ഷണപ്രകാരം പരിപാടിയിലെത്തിയ ജിജി തോംസൺ, പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്രസർക്കാരിന്റെ ജനക്ഷേമ-വികസന നടപടികളെയും വാനോളം പുകഴ്ത്തിയാണ് അന്ന് സംസാരിച്ചത്. ഈ ബിജെപി യോഗത്തിൽ പങ്കെടുത്തതിന് പിന്നാലെ കേന്ദ്രസർക്കാരിന് കീഴിലുള്ള കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഇൻഡിപെൻഡന്റ് ഡയറക്ടറായി 2017 മുതൽ 2020 വരെയുള്ള കാലയളവിൽ അദ്ദേഹത്തിന് സുപ്രധാന പദവി ലഭിക്കുകയും ചെയ്തു. ഈ സ്ഥാനങ്ങൾക്കുമപ്പുറം ഇതിലും വലിയ രാഷ്ട്രീയ സ്ഥാനങ്ങളായിരുന്നു അദ്ദേഹം ബിജെപിയിലൂടെ ആഗ്രഹിച്ചിരുന്നതെന്നാണ് തന്റെ സംശയമെന്നും ജിജി ജോസഫ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.

മോഹിച്ച വലിയ പദവികൾ ലഭിക്കാതെ വന്നതോടെ 'കിട്ടാത്ത മുന്തിരി പുളിക്കും' എന്ന മട്ടിലാണ് മുൻ ചീഫ് സെക്രട്ടറിയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തലുകളെന്ന് അദ്ദേഹം പരിഹസിച്ചു. ജിജി തോംസൺ ബിജെപി നേതൃത്വത്തിനൊപ്പം വേദി പങ്കിട്ടതിന്റെ ചിത്രങ്ങളും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

News Now

Summary

Rejecting the narrative portrayed by former Kerala Chief Secretary Jiji Thomson, BJP State Secretary Jiji Joseph revealed that it was Thomson who actively sought to join the BJP and align with the Sangh Parivar leadership

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates