റിപ്ലബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിയുടെ അറസ്റ്റിന് എതിരെ രംഗത്തെത്തിയ ബിജെപിക്കെതിരെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ്.

Last Updated :20 January 2024, 8:32 am IST

News Now

മുംബൈ: റിപ്ലബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിയുടെ അറസ്റ്റിന് എതിരെ രംഗത്തെത്തിയ ബിജെപിക്കെതിരെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ്. ബിജെപി നേതാക്കളുടേത് സെലക്ടീവ് പ്രതികരണമാണെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേത് പറഞ്ഞു. 

2018ലെ 53കാരനായ ഇന്റീരിയര്‍ ഡിസൈനര്‍ ആന്‍വിനായിക്കിന്റേയും അദ്ദേഹത്തിന്റെ അമ്മയുടേയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് അര്‍ണബിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിന് പിന്നാലെ മഹാരാഷ്ട്ര സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രിമാര്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ രംഗത്തുവന്നിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു സുപ്രിയ. 

ബിജെപിയുടെ സെലക്ടീവ് ആയ പ്രതികരണം കണ്ട് ശരിക്കും ഞെട്ടിപ്പോയെന്ന് സുപ്രിയ പറഞ്ഞു. ബിജെപി സര്‍ക്കാരുകള്‍ അറസ്റ്റ് ചെയ്ത മാധ്യമ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു സുപ്രിയയുടെ പ്രതികരണം. 

'മിര്‍സാപൂരില്‍ കുട്ടികള്‍ക്ക് ചപ്പാത്തിയും ഉപ്പും മാത്രം നല്‍കിയ സംഭവത്തിലെ അഴിമതി പുറത്തുകൊണ്ടുവന്ന പ്രശാന്ത് കനോജിയയെ ജയിലില്‍ അടച്ചപ്പോള്‍ ബിജെപി എന്താണ് മിണ്ടാതിരുന്നത്? 

വാരണാസിയിലെ ഗ്രാമങ്ങളുടെ ദുരവസ്ഥ പുറത്തുകൊണ്ടുവന്ന സുപ്രിയ ശര്‍മ്മയ്ക്ക് എതിരെ കേസെടുത്തപ്പോള്‍ ബിജെപി എന്താണ് മിണ്ടാതിരുന്നത്? 

ഉത്തര്‍പ്രദേശിലെ പിപിഇ കിറ്റ് അഴിമതി പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകരെ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലിട്ടപ്പോള്‍ ബിജെപി എന്താണ് മിണ്ടാതിരുന്നത്? ബിജെപിയുടെ സെലക്ടീവ് പ്രതികരണങ്ങള്‍ അനാവശ്യമാണ്.'-സുപ്രിയ പറഞ്ഞു. 

രണ്ടു പതിറ്റാണ്ട് മാധ്യമപ്രവര്‍ത്തനം നടത്തിയ തനിക്ക്, അര്‍ണാബ് നടത്തുന്ന മാധ്യമപ്രവര്‍ത്തനത്തോട് അറപ്പാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'അര്‍ണാബ് നടത്തുന്നത് മാധ്യമപ്രവര്‍ത്തനമല്ല. മാധ്യമപ്രവര്‍ത്തനമെന്ന പേരില്‍ ബിജെപിക്ക് വേണ്ടി പണിയെടുക്കുകയാണ്'-സുപ്രിയ കൂട്ടിച്ചേര്‍ത്തു. നിയമം അതിന്റേതായ വഴിയ്ക്ക് പോകുമെന്നും സുപ്രിയ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates