മഞ്ചേരി സിജെഎം കോടതിയുടെ നിർദ്ദേശപ്രകാരം മേലാറ്റൂർ പൊലീസിന്റെ നടപടി

najeeb kanthapuram
നജീബ് കാന്തപുരംSource by : ഫെയ്സ്ബുക്ക്
Last Updated :15 October 2026, 3:09 pm IST
Guest Author :Damodaran K

News Now

മലപ്പുറം: കോടതി ഉത്തരവ് പ്രകാരം ജപ്തി നടപടിക്കെത്തിയ അഭിഭാഷക കമ്മീഷനെ തടസ്സപ്പെടുത്തുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ മുസ്ലിം ലീഗ് നേതാവും പെരിന്തൽമണ്ണ എംഎൽഎയുമായ നജീബ് കാന്തപുരത്തിനെതിരെ പൊലീസ് കേസെടുത്തു. മഞ്ചേരി ഫസ്റ്റ് ക്ലാസ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് മേലാറ്റൂർ പൊലീസാണ് ഒക്ടോബർ 12-ന് എംഎൽഎയെയും വാർഡ് മെമ്പർ മുസമ്മിൽ ഖാൻ, കണ്ടാലറിയാവുന്ന മറ്റ് നാലുപേരെയും പ്രതിചേർത്ത് കേസ് രജിസ്റ്റർ ചെയ്തത്.

വേങ്ങൂർ വടക്കേക്കര കോളനിയിലെ ഒരു സ്വകാര്യ വ്യക്തിയുടെ പണയപ്പെടുത്തിയ വസ്തു കോടതി ഉത്തരവ് പ്രകാരം ഏറ്റെടുക്കാൻ നിയോഗിക്കപ്പെട്ട അഭിഭാഷക കമ്മീഷണറുടെ പരാതിയിലാണ് നടപടി. സെപ്റ്റംബർ 25-ന് കമ്മീഷണർ സ്ഥലത്തെത്തിയപ്പോൾ നജീബ് കാന്തപുരവും കൂട്ടാളികളും ചേർന്ന് കോടതി ഉത്തരവ് നടപ്പിലാക്കുന്നത് തടസ്സപ്പെടുത്തുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. വസ്തുവിന്റെ മുറ്റത്ത് കാൽകുത്തിയാൽ ജീവനോടെ തിരിച്ചുപോകില്ലെന്ന് എംഎൽഎ ഭീഷണിപ്പെടുത്തിയതായും പരാതിക്കാരൻ ജീവഭയം പ്രകടിപ്പിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

സംഭവത്തെ തുടർന്ന് അഭിഭാഷക കമ്മീഷണർ മഞ്ചേരി കോടതിയെ നേരിട്ട് സമീപിക്കുകയായിരുന്നു. തുടർന്ന് കോടതി പോലീസിനോട് വിശദീകരണം തേടുകയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു. സംഭവത്തിൽ എംഎൽഎയ്‌ക്കെതിരെ കോടതി നേരത്തെ അലക്ഷ്യ നടപടിയും സ്വീകരിച്ചിരുന്നു. ഇതിനിടെ തന്റെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റത്തിൽ ഖേദം പ്രകടിപ്പിച്ച് എംഎൽഎ കോടതിയിൽ നിരുപാധിക മാപ്പപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇത് ഉടൻ കോടതിയുടെ പരിഗണനയ്ക്ക് വരും.

എന്നാൽ, മൂന്ന് സ്ത്രീകൾ താമസിച്ചിരുന്ന വീട് നടപടിക്രമങ്ങളുടെ ഭാഗമായി ബലമായി ഒഴിപ്പിച്ച ഘട്ടത്തിലാണ് താൻ വിഷയത്തിൽ ഇടപെട്ടതെന്നാണ് നജീബ് കാന്തപുരം എംഎൽഎ വ്യക്തമാക്കുന്നത്. പ്രശ്നം പരിഹരിക്കുന്നതിനായി കുറച്ചുകൂടി സാവകാശം നൽകണമെന്ന് മാത്രമാണ് അഭിഭാഷക കമ്മീഷനോട് ആവശ്യപ്പെട്ടതെന്നും എംഎൽഎ പ്രതികരിച്ചു.

Summary

The Melattoor police in Malappuram have registered a criminal case against Perinthalmanna MLA Najeeb Kanthapuram and others on directions from the Manjeri Chief Judicial Magistrate Court, following allegations that he obstructed a court-appointed advocate commissioner and threatened him during the execution of a property attachment proceeding at Vengoor

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates