ആരാണ് ഷാരൂഖ് ഖാന്‍?, അസം മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം; പിന്നാലെ ഫോണ്‍ കോള്‍!

ആരാണ് ഷാരൂഖ് ഖാന്‍ എന്ന പരാമര്‍ശം രാഷ്ട്രീയ രംഗത്തും സിനിമാ രംഗത്തും ചര്‍ച്ചയായിരിക്കേ, താന്‍ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനുമായി സംസാരിച്ചതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

പത്താൻ പോസ്റ്ററിൽ ഷാരുഖ് ഖാൻ
Last Updated :20 January 2024, 9:16 am IST

ഗുവാഹത്തി: ആരാണ് ഷാരൂഖ് ഖാന്‍ എന്ന പരാമര്‍ശം രാഷ്ട്രീയ രംഗത്തും സിനിമാ രംഗത്തും ചര്‍ച്ചയായിരിക്കേ, താന്‍ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനുമായി സംസാരിച്ചതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. വരാനിരിക്കുന്ന ഷാരൂഖ് ഖാന്റെ ചിത്രം പത്താനെതിരെയുള്ള പ്രതിഷേധത്തില്‍ ഷാരൂഖ് ഖാന്റെ സിനിമയ്ക്ക് ആവശ്യമായ എല്ലാവിധ സംരക്ഷണവും ഉറപ്പുനല്‍കിയതായും ഹിമന്ത ബിശ്വ ശര്‍മ്മ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞദിവസം ചിത്രത്തിനെതിരെയുള്ള പ്രതിഷേധവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയപ്പോഴാണ്, ആരാണ് ഷാരൂഖ് ഖാന്‍ എന്ന് ഹിമന്ത ബിശ്വ ശര്‍മ്മ ചോദിച്ചത്. 'എനിക്ക് അയാളെ കുറിച്ച് ഒന്നും അറിയില്ല, പത്താനെ കുറിച്ചും ഒന്നും അറിയില്ല.'  ഷാരൂഖ് ഖാന്‍ ബോളിവുഡ് നടന്‍ ആണ് എന്ന് മാധ്യമപ്രവര്‍ത്തകര്‍ ഓര്‍മ്മപ്പെടുത്തിയപ്പോള്‍ 'അസാമീസ് ചിത്രങ്ങളെ കുറിച്ചാണ് ഇവിടത്തെ ജനങ്ങള്‍ ആശങ്കപ്പെടുന്നത്. അല്ലാതെ ബോളിവുഡ് ചിത്രങ്ങളെ കുറിച്ചല്ല' - ഹിമന്ത ബിശ്വ ശര്‍മ്മയുടെ വാക്കുകള്‍ ഇങ്ങനെ.

ജനുവരി 25നാണ് പത്താന്‍ തിയറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഗുവാഹത്തി തിയറ്ററില്‍ പതിച്ചിരുന്ന പോസ്റ്ററുകള്‍ വലതുപക്ഷ ആക്ടിവിസ്റ്റുകള്‍ കീറി കളഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് തന്നെ ഷാരൂഖ് ഖാന്‍ വിളിച്ചിട്ടില്ലെന്നും പ്രതിഷേധവുമായി ബന്ധപ്പെട്ട് നടന്‍ എന്തെങ്കിലും ശ്രദ്ധയില്‍പ്പെടുത്തിയാല്‍ അപ്പോള്‍ നോക്കാമെന്നുമാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞത്. 

എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ പ്രതികരണമാണ് മന്ത്രി ഇന്ന് നടത്തിയത്. 'ഇന്ന് രാവിലെ രണ്ടുമണിക്ക് എന്നെ ഷാരൂഖ് ഖാന്‍ വിളിച്ചു. ഞങ്ങള്‍ സംസാരിച്ചു. ഗുവാഹത്തിയിലെ സംഭവത്തില്‍ ഷാരൂഖ് ഖാന്‍ ആശങ്ക അറിയിച്ചു. ക്രമസമാധാനം ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അത് നിര്‍വഹിക്കുമെന്ന് ഷാരൂഖ് ഖാന് ഉറപ്പുനല്‍കി. ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കും. അന്വേഷണവും നടത്തും' - മന്ത്രിയുടെ ട്വീറ്റിലെ വരികള്‍

Story image

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now