എരുമയെ വാങ്ങാന്‍ രണ്ടാം വിവാഹം; കൈയോടെ പൊക്കി ഭര്‍തൃവീട്ടുകാര്‍, സമൂഹ വിവാഹ വേദിയില്‍ നാടകീയ രംഗങ്ങള്‍

ഉത്തര്‍പ്രദേശില്‍ സമൂഹ വിവാഹത്തിനിടെ നാടകീയ രംഗങ്ങള്‍

Woman Attempts Second Marriage To Buy Buffaloes, Caught
വിവാഹിതയാണെന്ന കാര്യം മറച്ചുപിടിച്ച് വീണ്ടും വിവാഹം കഴിക്കാനുള്ള യുവതിയുടെ ശ്രമം ഭര്‍തൃവീട്ടുകാര്‍ തടഞ്ഞുപ്രതീകാത്മക ചിത്രം
Last Updated :24 February 2025, 12:28 pm IST
Edited by :dhanojam

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സമൂഹ വിവാഹത്തിനിടെ നാടകീയ രംഗങ്ങള്‍. വിവാഹിതയാണെന്ന കാര്യം മറച്ചുപിടിച്ച് വീണ്ടും വിവാഹം കഴിക്കാനുള്ള യുവതിയുടെ ശ്രമം ഭര്‍തൃവീട്ടുകാര്‍ തടഞ്ഞു. വിവാഹ മോചനം നേടുന്നതിന് മുന്‍പ് യുവതി മറ്റൊരു വിവാഹം കഴിക്കാന്‍ പോകുന്നത് അറിഞ്ഞ് ഭര്‍തൃവീട്ടുകാര്‍ കല്യാണമണ്ഡപത്തില്‍ എത്തുകയായിരുന്നു. എരുമകളെ വാങ്ങുന്നതിനു പണത്തിനായാണ് യുവതി വീണ്ടും കല്യാണം കഴിക്കാന്‍ ശ്രമിച്ചത്.

ഉത്തര്‍പ്രദേശ് ഹസന്‍പൂരിലെ ഒരു കോളജ് ആണ് സമൂഹവിവാഹത്തിന് വേദിയായത്. 300ലധികം വധൂവരന്മാരാണ് വിവാഹത്തിന് എത്തിയത്. അതിനിടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. അസ്മ എന്ന യുവതിയാണ് വീണ്ടും വിവാഹം കഴിക്കാന്‍ ശ്രമിച്ചത്. ഇത് അറിഞ്ഞ് ഭര്‍തൃവീട്ടുകാര്‍ വിവാഹമണ്ഡപത്തില്‍ എത്തി അസ്മയുടെ വിവാഹം തടയുകയായിരുന്നു

ആദ്യ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടാതെയാണ് അസ്മ രണ്ടാമതും വിവാഹം കഴിക്കാന്‍ ശ്രമിച്ചത്. മൂന്ന് വര്‍ഷം മുമ്പ് അസ്മ നൂര്‍ മുഹമ്മദിനെ വിവാഹം കഴിച്ചു. ഇരുവരും തമ്മില്‍ നിരവധി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഏകദേശം ആറ് മാസം മുമ്പ് അസ്മ തന്റെ മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങി. ഇരുവരുടെയും വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലാണ്.

അതിനിടെ മുഖ്യമന്ത്രിയുടെ സമൂഹ വിവാഹ പദ്ധതിയെ കുറിച്ച് അറിഞ്ഞാണ് അസ്മ വീണ്ടും വിവാഹത്തിന് ശ്രമിച്ചത്. സാമ്പത്തികമായി പിന്നാക്ക നില്‍ക്കുന്നവരുടെ വിവാഹം നടത്തുന്നതിന് നിരവധി ആനുകൂല്യങ്ങള്‍ നല്‍കുന്നതാണ് മുഖ്യമന്ത്രിയുടെ സമൂഹ വിവാഹ പദ്ധതി. ഇതനുസരിച്ച് വധുവിന് 35000 രൂപ ലഭിക്കുമെന്ന് അറിഞ്ഞാണ് അസ്മ വീണ്ടും വിവാഹത്തിന് ശ്രമിച്ചത്. തന്റെ ബന്ധു കൂടിയായ ജാബര്‍ അഹമ്മദിനെ വിവാഹം കഴിക്കാനാണ് അസ്മ തീരുമാനിച്ചത്.

സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ പങ്കിടാമെന്ന ധാരണയിലാണ് ഇരുവരും വിവാഹത്തിന് തയ്യാറായത്. ഡിന്നര്‍ സെറ്റ്, വധുവിനും വരനും രണ്ട് ജോടി വസ്ത്രങ്ങള്‍, വാള്‍ ക്ലോക്ക്, വാനിറ്റി കിറ്റ് അടക്കമുള്ള സമ്മാനങ്ങളാണ് സര്‍ക്കാരില്‍ നിന്ന് ലഭിക്കുക. കിട്ടുന്ന പണം ഉപയോഗിച്ച് എരുമകളെ വാങ്ങാനും ഇരുവരും തീരുമാനിച്ചു. ഇതനുസരിച്ച് ഇരുവരും വിവാഹം കഴിക്കാന്‍ മണ്ഡപത്തില്‍ എത്തിയപ്പോഴാണ് അസ്മയുടെ ഭര്‍തൃവീട്ടുകാര്‍ വിവാഹ സര്‍ട്ടിഫിക്കറ്റുമായി വേദിയില്‍ എത്തിയത്. ചീഫ് ഡെവലപ്മെന്റ് ഓഫീസര്‍ അശ്വിനി കുമാര്‍ വിഷയം പൊലീസിന് കൈമാറി. മുഖ്യമന്ത്രിയുടെ സമൂഹ വിവാഹ പദ്ധതിയുടെ ചട്ടങ്ങള്‍ ലംഘിച്ചതിനും അനാവശ്യ നേട്ടങ്ങള്‍ക്കായി അപേക്ഷ നല്‍കിയതിനും സര്‍ക്കാര്‍ ജോലി തടസ്സപ്പെടുത്തിയതിനും ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now