കളിച്ചു കൊണ്ടിരുന്ന മകളെ പുലി ആക്രമിച്ചു; വടിയെടുത്ത് അടിച്ചോടിച്ച് അമ്മ; ധീരമായ പോരാട്ടം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:57 am IST

News Now

ലഖ്നൗ: ആറ് വയസുള്ള മകളെ ആക്രമിച്ച പുലിയെ വടി കൊണ്ട് അടിച്ചോടിച്ച് അമ്മ. ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിലെ ഗിർദ ഗ്രാമത്തിലാണ് സംഭവം. കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. പെൺകുട്ടിയെ ഉടൻ തന്നെ ശിവ്പൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി, അവിടെ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 

വീടിന് പരിസരത്ത് കളിച്ചുകൊണ്ടിരിക്കവെയാണ് കുട്ടിയെ പുലി ആക്രമിച്ചത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മകളുടെ കരച്ചിൽ കേട്ട് അമ്മ ഓടിയെത്തുകയായിരുന്നു. പിന്നീട്, ഒന്നും നോക്കാതെ ഒരു വടിയുമായി പുലിയെ ആക്രമിച്ചു. അവസാനം പുലിക്ക് ഓടിപ്പോകേണ്ടി വന്നു. 

കാജൽ എന്ന കുട്ടിയാണ് കളിച്ചുകൊണ്ടിരിക്കെ ആക്രമിക്കപ്പെട്ടത്. ഈ സമയം കാജലിന്റെ അമ്മ റീന ദേവി മുറികൾ തൂത്തുവാരുകയായിരുന്നു. കുട്ടിയുടെ ദേഹത്തേയ്ക്ക് ചാടി വീണ പുലി പെൺകുട്ടിയെ വലിച്ചിഴയ്ക്കാൻ ശ്രമിച്ചു. കുട്ടിയുടെ കരച്ചിൽ കേട്ട് സ്ഥലത്തേക്ക് ഓടി വന്ന റീന ഉടൻ തന്നെ ഒരു വടി എടുത്ത് പുള്ളിപ്പുലിയെ അടിച്ചോടിക്കുകയായിരുന്നു. കുട്ടിയുടെ മുഖത്തും തലയിലുമാണ് പരിക്കേറ്റത്. 

സംഭവത്തെക്കുറിച്ച് അറിഞ്ഞതിന് പിന്നാലെ വനം വകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ബഹ്റൈച്ച് ഫോറസ്റ്റ് ഡിവിഷനിലെ നാൻപാറ റേഞ്ചിൽ നിന്നാണ് പുലി എത്തിയത് എന്നാണ് കരുതുന്നത്.