ഉത്തര്‍പ്രദേശില്‍ ബലാത്സംഗത്തെ തുടര്‍ന്ന് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വനിതാ സെക്യൂരിറ്റി ഗാര്‍ഡ് മരിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:24 am IST

News Now

ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ ബലാത്സംഗത്തെ തുടര്‍ന്ന് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വനിതാ സെക്യൂരിറ്റി ഗാര്‍ഡ് മരിച്ചു. 19കാരിക്ക് നേരെ സൂപ്പര്‍വൈസറാണ് ലൈംഗികാതിക്രമം നടത്തിയത്. പ്രതി അജയിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഗാസിയാബാദിലെ ഹൗസിങ് സൊസൈറ്റിയില്‍ സെക്യൂരിറ്റി ഗാര്‍ഡ് ആയി ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്. ബലാത്സംഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് പെണ്‍കുട്ടി മരിച്ചത്. കൂടെ ജോലി ചെയ്യുന്നവരാണ് 19കാരിയെ ആശുപത്രിയില്‍ എത്തിച്ചത്.

ഞായറാഴ്ച രാത്രിയാണ് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. ഝാര്‍ഖണ്ഡ് സ്വദേശിനിയായ പെണ്‍കുട്ടി ബന്ധുവിന്റെ കൂടെയാണ് താമസിച്ചിരുന്നത്. ഹൗസിങ് സൊസൈറ്റിക്ക് സമീപമുള്ള വീട്ടിലാണ് താമസിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.

സൊസൈറ്റിയുടെ ബേസ്‌മെന്റില്‍ മൂന്ന് പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. തുടര്‍ന്ന് വിഷം നല്‍കിയതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ നില വഷളായതെന്നും ബന്ധുക്കള്‍ പറയുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ പ്രതിക്കെതിരെ ബലാത്സംഗ കുറ്റം അടക്കം ചുമത്തിയതായും പൊലീസ് പറയുന്നു. ബേസ്‌മെന്റിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടന്നത് കൂട്ട ബലാത്സംഗമല്ലെന്ന് കണ്ടെത്തിയതായും പൊലീസ് പറയുന്നു.വിഷം അകത്തുചെന്നതിനെ തുടര്‍ന്നാണോ അതോ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണോ മരണം സംഭവിച്ചത് എന്ന് അറിയാന്‍ പെണ്‍കുട്ടിയുടെ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചതായും പൊലീസ് പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates