'നിങ്ങള്‍ എനിക്കായി എല്ലാം ത്യജിച്ചു, പക്ഷേ ഞാന്‍ പരാജയപ്പെട്ടു': നീറ്റില്‍ മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി

നീറ്റില്‍ 166 മാര്‍ക്ക് മാത്രമാണ് അങ്കിതയ്ക്ക് ലഭിച്ചത്

NEET Aspirant Dies By Suicide
NEET Aspirant Dies
Edited by :ബിജീഷ് ബാലകൃഷ്ണൻ
Last Updated :27 ജൂലൈ 2026, 12:43 pm IST

മുംബൈ: നീറ്റ് പരീക്ഷയില്‍ പ്രതീക്ഷിച്ച മാര്‍ക്ക് ലഭിക്കാത്തതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ അഹല്യാനഗര്‍ ജില്ലയിലെ ജലാല്‍പൂര്‍ സ്വദേശിയായ അങ്കിത സാംഗ്ലെ (19) ആണ് ജീവനൊടുക്കിയത്. മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റില്‍ 166 മാര്‍ക്ക് മാത്രമാണ് അങ്കിതയ്ക്ക് ലഭിച്ചത്. പരീക്ഷാ ഫലം വന്നതിനു പിന്നാലെ പെണ്‍കുട്ടി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.

ശനിയാഴ്ച വൈകിട്ട് 4.30ഓടെയാണ് അങ്കിതയെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് മറാത്തിയില്‍ എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.

'നിങ്ങള്‍ എന്നെ ഒരുപാട് സ്‌നേഹിച്ചു, പക്ഷേ നിങ്ങളുടെ ഒരു ആഗ്രഹം പോലും പൂര്‍ത്തിയാക്കാന്‍ എനിക്ക് കഴിഞ്ഞില്ല. എല്ലാ ബുദ്ധിമുട്ടുകളിലും ഒരു കൂട്ടുകാരിയെപ്പോലെ അമ്മ എന്നെ പിന്തുണച്ചു. ദാദാ (ജ്യേഷ്ഠന്‍), നിങ്ങളും എന്നെ ഒരുപാട് സഹായിച്ചു. അമ്മയെക്കാളും അച്ഛനെക്കാളും കൂടുതല്‍ എന്നെ സ്‌നേഹിച്ചു. എന്റെ മരണത്തിന് നിങ്ങള്‍ ആരും ഉത്തരവാദികളല്ല. ഞാന്‍ നീറ്റിനായി പഠിക്കുമ്പോഴും നിങ്ങള്‍ എനിക്കായി എല്ലാം ത്യജിച്ചു, പക്ഷേ ഞാന്‍ പരാജയപ്പെട്ടു. എനിക്ക് നിങ്ങളുടെ ആഗ്രഹം നിറവേറ്റാനായില്ല.'

മാതാപിതാക്കളെ നന്നായി നോക്കണമെന്നും അവരെ ഒന്നിനും ബുദ്ധിമുട്ടിക്കരുതെന്നും സഹോദരനോട് കുറിപ്പിലൂടെ അങ്കിത അഭ്യര്‍ഥിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മര്‍ദ്ദമോ വിഷാദമോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സഹായത്തിനായി ദിശ ഹെല്‍പ്പ്ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാം. വിളിക്കൂ: 1056 / 0471-2552056)

News Now

Summary

"You Sacrificed Everything, I Failed": NEET Aspirant Dies By Suicide

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates