ഇനി പരിവാഹന്‍ സേവനങ്ങള്‍ക്ക് ആധാര്‍ ഒടിപി നിര്‍ബന്ധം; ബാധകമാകുക 60 കാര്യങ്ങള്‍ക്ക്

Aadhaar OTP now mandatory for Parivahan services; will be applicable for 60 things
ആധാര്‍ കാര്‍ഡ്(Aadhaar card)
Edited by :Amal Joy
Last Updated :31 ഓഗസ്റ്റ് 2026, 8:43 am IST

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ 60 പരിവാഹന്‍ സേവനങ്ങളും ആധാര്‍ ഒടിപി അധിഷ്ഠിതമാക്കുന്നു. സാധാരണക്കാരെ അനധികൃത വ്യക്തികളും ഇടനിലക്കാരും ചൂഷണം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതൊഴിവാക്കാനാണ് എംവിഡിയുടെ നീക്കം.

അപേക്ഷകള്‍ വൈകിപ്പിച്ച ശേഷം വേഗത്തില്‍ ആക്കി തരാമെന്ന് എന്ന് പറഞ്ഞ് അപേക്ഷകരില്‍ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്യുന്നത് പതിവാണെന്നും ഒടിപി സംവിധാനം വരുന്നതോടെ ഒരു പരിധി വരെ ഇത്തരം തട്ടിപ്പുകള്‍ ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ. സെപ്റ്റംബര്‍ 21 മുതലാണ് പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്.

വാഹന്‍ (വാഹന സംബന്ധമായ സേവനങ്ങള്‍), സാരഥി (ഡ്രൈവിങ് ലൈസന്‍സ് സംബന്ധമായ സേവനങ്ങള്‍) പോര്‍ട്ടലുകള്‍ വഴി മോട്ടോര്‍ വാഹന വകുപ്പ് 60-ഓളം സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. ഇതില്‍ 21 സേവനങ്ങള്‍ നിലവില്‍ 'ഫേസ്ലെസ്സ്' (നേരിട്ട് ഓഫീസില്‍ എത്തേണ്ടതില്ലാത്ത) സേവനങ്ങളാണ്. അതായത്, ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ വഴിയുള്ള ഒ.ടി.പി പരിശോധനയിലൂടെ അപേക്ഷകര്‍ക്ക് പൂര്‍ണ്ണമായും ഓണ്‍ലൈനായി ഇതിന് അപേക്ഷിക്കാം.

എന്നാല്‍ ശേഷിക്കുന്ന സേവനങ്ങള്‍ക്ക് കൃത്യമായ ഒടിപി പരിശോധനയില്ലാത്തതിനാല്‍, സാധാരണക്കാരായ അപേക്ഷകരെ ചില അനധികൃത വ്യക്തികളും ഇടനിലക്കാരും ചൂഷണം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സമയക്കുറവ് കൊണ്ടോ അപേക്ഷാ നടപടികളുടെ സങ്കീര്‍ണ്ണത കൊണ്ടോ പല അപേക്ഷകരും ഏജന്റുമാരെ ആശ്രയിക്കാറുണ്ട്. എന്നാല്‍ ചില ഏജന്റുമാര്‍ അപൂര്‍ണ്ണമായ രേഖകള്‍ അപ്ലോഡ് ചെയ്യുകയും, ബോധപൂര്‍വ്വം അപേക്ഷകള്‍ വൈകിപ്പിക്കുകയും, പിന്നീട് ഇത് വേഗത്തിലാക്കി തരാം എന്ന് പറഞ്ഞ് അപേക്ഷകരില്‍ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്യുന്നത് പതിവാണ്.

ഈ പ്രശ്‌നത്തിന് പരിഹാരമായി, ശേഷിക്കുന്ന എല്ലാ പരിവാഹന്‍ സേവനങ്ങളും കൂടി ഫേസ്ലെസ്സ് ഓണ്‍ലൈന്‍ സേവനങ്ങളാക്കി മാറ്റാന്‍ MVD, നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിനോടും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തോടും അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ സോഫ്റ്റ്വെയര്‍ പരിശോധനകള്‍ ഇപ്പോള്‍ നടന്നുവരികയാണ്.

പുതിയ സംവിധാനത്തിന്റെ പ്രധാന നേട്ടങ്ങള്‍:

1.ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ വഴി ഒ.ടി.പി അധിഷ്ഠിതമായി അപേക്ഷകള്‍ സമര്‍പ്പിക്കാം.

2.ആദ്യം വരുന്നവര്‍ക്ക് ആദ്യം' എന്ന മുന്‍ഗണനാ ക്രമത്തില്‍ അപേക്ഷകള്‍ തീര്‍പ്പാക്കും.

3.വാഹന പരിശോധന, അനന്തരാവകാശികളുടെ തിരിച്ചറിയല്‍ പരിശോധന, കാരണം കാണിക്കല്‍ നോട്ടീസിനെത്തുടര്‍ന്നുള്ള വ്യക്തിഗത വാദം കേള്‍ക്കല്‍ തുടങ്ങിയ പ്രക്രിയകള്‍ക്ക് ഒഴികെ ഭൂരിഭാഗം സേനങ്ങള്‍ക്കും ഇനി ആര്‍.ടി. ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ടതില്ല.

4.നമ്മുടെ കേരളം' പോര്‍ട്ടല്‍ വഴി വാഹന പരിശോധനയ്ക്കുള്ള സ്ലോട്ടുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം.

നമ്മുടെ കേരളം' പോര്‍ട്ടല്‍ വഴി വ്യക്തിഗത വാദം കേള്‍ക്കല്‍, അനന്തരാവകാശ പരിശോധന എന്നിവയ്ക്കുള്ള സ്ലോട്ടുകളും ബുക്ക് ചെയ്യാന്‍ സാധിക്കും.

5.നമ്മുടെ കേരളം' പോര്‍ട്ടലിലെ 'Vmeet' വഴി ആര്‍.ടി.ഒയ്ക്ക് മുന്നില്‍ വീഡിയോ കോള്‍ വഴി ഹാജരാകാനുള്ള സൗകര്യം.

6.പൊതുജനങ്ങള്‍ക്ക് ഏജന്റുമാരെയോ അനധികൃത വ്യക്തികളെയോ സമീപിക്കേണ്ടി വരില്ല. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതില്‍ സഹായം ആവശ്യമുള്ളവര്‍ക്കോ, സമയമില്ലാത്തവര്‍ക്കോ, നടപടിക്രമങ്ങള്‍ അറിയാത്തവര്‍ക്കോ അക്ഷയ കേന്ദ്രങ്ങളെയോ സി.എസ്.സി കേന്ദ്രങ്ങളെയോ അല്ലെങ്കില്‍ ആര്‍.ടി. ഓഫീസുകളെയോ സമീപിക്കാവുന്നതാണ്.

7.ആധാര്‍ ഒ.ടി.പി പരിശോധന പരാജയപ്പെടുന്ന സാഹചര്യത്തില്‍ മാത്രം, അപേക്ഷകന് ആധികാരികത ഉറപ്പുവരുത്താനായി ഒരു തവണ ആര്‍.ടി. ഓഫീസില്‍ നേരിട്ട് പോകേണ്ടി വന്നേക്കാം.

8.ഓണ്‍ലൈന്‍ അപേക്ഷകളുടെ പ്രിന്റ് ഔട്ടുകള്‍ ആര്‍.ടി. ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ടതില്ല.

9.ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ്, ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ്, ഹെവി വെഹിക്കിള്‍ ബാഡ്ജ് ടെസ്റ്റ്, കണ്ടക്ടര്‍ ലൈസന്‍സ് ടെസ്റ്റ് എന്നിവയ്ക്കുള്ള അപേക്ഷകര്‍ സാരഥി പോര്‍ട്ടല്‍ വഴി സ്ലോട്ടുകള്‍ ബുക്ക് ചെയ്യണം.

10.വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റിനുള്ള അപേക്ഷകര്‍ വാഹന്‍ പോര്‍ട്ടല്‍ വഴി സ്ലോട്ടുകള്‍ ബുക്ക് ചെയ്യേണ്ടതാണ്.

11.ഉടന്‍ തന്നെ എല്ലാ ജില്ലകളിലും സ്വയംകൃത വാഹന പരിശോധനാ കേന്ദ്രങ്ങള്‍ (Automated Vehicle Testing Stations) നിലവില്‍ വരും. ഇതിനോടകം കൊല്ലം, ആലപ്പുഴ ജില്ലകളിലായി 3 എ.ടി.എസുകള്‍ പ്രവര്‍ത്തനസജ്ജമായിക്കഴിഞ്ഞു.

News Now

Summary

Aadhaar OTP now mandatory for Parivahan services; will be applicable for 60 things

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates