ഔദ്യോഗിക വാഹനം ഉപേക്ഷിച്ചു, അകമ്പടിയുമില്ലാതെ തിരുവനന്തപുരത്ത്; പിണറായി വിജയന്‍ ഇനി ചിന്താ ഫ്‌ലാറ്റില്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കനത്ത പരാജയം ഏറ്റുവാങ്ങിയ ശേഷം ഇതുവരെ മാധ്യമങ്ങളെ കാണാതെ കാവല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.

pinarayi vijayan
പിണറായി വിജയൻ തിരുവനന്തപുരം വിമാനത്താവളത്തിൽ
Edited by :dhanojam
Last Updated :5 മേയ് 2026, 11:35 am IST

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കനത്ത പരാജയം ഏറ്റുവാങ്ങിയ ശേഷം ഇതുവരെ മാധ്യമങ്ങളെ കാണാതെ കാവല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. മട്ടന്നൂരിലും കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ ശേഷവും പിണറായി വിജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ചോദ്യങ്ങളുമായി മാധ്യമപ്രവര്‍ത്തകര്‍ പിണറായി വിജയന്റെ അരികിലേക്ക് എത്തിയെങ്കിലും ചെറു പുഞ്ചിരിയോടെ കൈവീശി അഭിവാദ്യം അര്‍പ്പിച്ചതല്ലാതെ ഒന്നും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

ഇന്ന് രാവിലെയാണ് പിണറായി വിജയന്‍ തിരുവനന്തപുരത്ത് എത്തിയത്. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച പിണറായി വിജയന്‍ എകെജി സെന്ററില്‍ നിന്ന് എത്തിച്ച വാഹനത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ക്ലിഫ് ഹൗസിലേക്ക് പോയത്. പാര്‍ട്ടി ഓഫീസിലെ ഡ്രൈവറാണ് കാറുമായി എത്തിയത്. പൊലീസ് അകമ്പടിയും പിണറായി വേണ്ടെന്ന് വച്ചു. കാവല്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ഔദ്യോഗിക വാഹനവും പൊലീസ് അകമ്പടിയും സ്വീകരിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇവ രണ്ടും വേണ്ടെന്ന് പിണറായി വിജയന്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

കുടുംബത്തോടൊപ്പമാണ് പിണറായി വിജയന്‍ തിരുവനന്തപുരത്ത് എത്തിയത്. സിപിഎം നേതാക്കളായ വി ശിവന്‍കുട്ടി, എ എ റഹീം, വി ജോയ് എന്നിവര്‍ പിണറായി വിജയനെ സ്വീകരിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തി. അതിനിടെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് ക്ലിഫ് ഹൗസില്‍ നിന്ന് ഒഴിയുന്ന പിണറായി വിജയന് താമസിക്കാന്‍ ചിന്താ ഫ്‌ലാറ്റില്‍ പാര്‍ട്ടി മുറി അനുവദിച്ചു. ചിന്താ ഫ്‌ലാറ്റിലെ 3എ, 3ബി ഫ്‌ലാറ്റുകളാണ് പിണറായിക്ക് അനുവദിച്ചത്.

News Now

Summary

Abandoned official vehicle, unaccompanied in Thiruvananthapuram; Pinarayi Vijayan now at Chintha Flat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates