നടിയെ ആക്രമിച്ച കേസ്: പുനര്‍വിസ്താരത്തിന് അനുമതിയില്ല; വാര്‍ത്തകള്‍ തടയാന്‍ ദിലീപ് ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ മൂന്ന് സാക്ഷികളുടെ പുനര്‍വിസ്താരത്തിന് അനുമതിയില്ല

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:57 am IST

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മൂന്ന് സാക്ഷികളുടെ പുനര്‍വിസ്താരത്തിന് അനുമതിയില്ല. ഇവരെ വീണ്ടും വിസ്തരിക്കാന്‍ അനുമതി നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു. നേരത്തെ ഇവരെ വിസ്തരിക്കാന്‍ കോടതി അനുമതി നല്‍കിയതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഹൈക്കോടതി വെബ്‌സൈറ്റിലെ ഉത്തരവില്‍ ഇക്കാര്യം പറയുന്നില്ല. എന്നാല്‍ അഞ്ചു പുതിയ സാക്ഷികളെ വിസ്തരിക്കാന്‍ അനുമതി നല്‍കിയ കാര്യം ഉത്തരവില്‍ പറയുന്നുണ്ട്. അതിനിടെ വിചാരണയുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു.

കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ രണ്ടു ഹര്‍ജികളാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പരിഗണിച്ചത്. കേസുമായി ബന്ധപ്പെട്ട് 12 സാക്ഷികളെ വിസ്തരിക്കാന്‍ അനുവദിക്കണമെന്നതായിരുന്നു ആദ്യ ഹര്‍ജി. ഇതില്‍ എട്ടു സാക്ഷികളെ കൂടി വിസ്തരിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നിലവിലെ മൂന്ന് സാക്ഷികളെ പുനര്‍വിസ്താരം നടത്താന്‍ അനുമതി നല്‍കിയിട്ടില്ല എന്നാണ് ഉത്തരവില്‍ പറയുന്നത്. നിലീഷ, കണ്ണദാസന്‍, സുരേഷ് ഡി, ഉഷാ, സത്യമൂര്‍ത്തി എന്നിവരാണ് പുതിയ അഞ്ചുസാക്ഷികള്‍. ഇവരെ വിസ്തരിക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്. 

നേരത്തെ കീഴ്‌ക്കോടതി മൂന്നുപേരുടെ പുനര്‍വിസ്താരത്തിനു അനുമതി നല്‍കിയിരുന്നു. രണ്ടുപേരെ വിളിച്ചുവരുത്താനും ഒരാളെ പുതുതായി സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്താനും കോടതി അനുമതി നല്‍കിയെങ്കിലും ഇതു പോരെന്നു കാണിച്ചാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്.

അനില്‍കുമാര്‍ രാജിവെച്ച ഒഴിവിലേക്ക് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ പത്തുദിവസത്തിനകം നിയമിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.കേസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട രേഖകള്‍ കോടതി വിളിച്ചുവരുത്തണമെന്നതായിരുന്നു മറ്റൊരു ഹര്‍ജി. ദിലീപിന്റെ അടക്കം ഫോണ്‍ രേഖകള്‍ വിളിച്ചുവരുത്താനും ഹൈക്കോടതി അനുവദിച്ചു. 

പ്രോസിക്യൂഷന്‍ വീഴ്ച്ചകള്‍ മറികടക്കാനാകരുത് വീണ്ടും സാക്ഷികളെ വിസ്തരിക്കുന്നതെന്നും മതിയായ കാരണം വേണമെന്നും കഴിഞ്ഞദിവസത്തെ വാദത്തിനിടെ കോടതി സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചിരുന്നു. മാസങ്ങള്‍ക്ക് ശേഷം വീണ്ടും വിസ്താരം ആവശ്യപ്പെടുന്നതില്‍ കോടതി സംശയവും പ്രകടിപ്പിച്ചിരുന്നു.

കേസിന് അനുകൂലമായി സാക്ഷിമൊഴികള്‍ ഉണ്ടാക്കിയെടുക്കാനാണോ പ്രോസിക്യൂഷന്റെ പുതിയ നീക്കമെന്നും കോടതി ആരാഞ്ഞു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തല്‍ കേസിനെ എങ്ങനെ ബാധിക്കുമെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now