'ഓഹരി വിൽക്കാൻ അനുമതി തരണം'; സർക്കാരിന് മുന്നിൽ അപേക്ഷയുമായി അദാനി ഗ്രൂപ്പ്

അദാനി പോർട്സും മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയും തമ്മിൽ ഓഹരികൾ കൈമാറുന്നതിൽ ധാരണയിലെത്തിയതായും, ഇതിലൂടെ 13,000 കോടി രൂപയുടെ വിദേശ നിക്ഷേപം എത്തുന്നതായും വാർത്തകൾ പുറത്തുവന്നിരുന്നു. 

Adani Group,Vizhinjam Port
Adani Group Requests Approval for 49% Stake Transfer in Vizhinjam Port
Edited by :Joice Daniel
Last Updated :2 ജൂലൈ 2026, 6:42 am IST

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിനായി സർക്കാർ അനുമതി തേടി അദാനി ഗ്രൂപ്പ്. ഇതുമായി ബന്ധപ്പെട്ട് അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് സർക്കാരിന് അപേക്ഷ നൽകി. നിയമപരമായ ഓഹരി കൈമാറാൻ അനുമതി നൽകണമെന്ന് അദാനി ഗ്രൂപ്പ് സമർപ്പിച്ച അപേക്ഷയിൽ പറയുന്നു.

ഇതിലൂടെ ആഗോള കപ്പൽ ഗതാഗത കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയും അദാനി പോർട്സും തമ്മിൽ 49 ശതമാനം ഓഹരികൾ കൈമാറുന്നതിനുള്ള നിയമപരമായ അനുമതിയാണ് തേടിയിരിക്കുന്നത്.

നേരത്തെ, അദാനി പോർട്സും മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയും തമ്മിൽ ഓഹരികൾ കൈമാറുന്നതിൽ ധാരണയിലെത്തിയതായും, ഇതിലൂടെ 13,000 കോടി രൂപയുടെ വിദേശ നിക്ഷേപം എത്തുന്നതായും വാർത്തകൾ പുറത്തുവന്നിരുന്നു. ഈ വിഷയം സഭയിൽ പ്രതിപക്ഷം ഉന്നയിച്ചതോടെ ഇത്തരം നീക്കങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ അനുമതി നിർബന്ധമാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ വ്യക്തമാക്കിയിരുന്നു.

അദാനി ഗ്രൂപ്പും ഷിപ്പിങ് കോർപ്പറേഷനുമായി പ്രാഥമിക ചർച്ചകൾ നടന്നിട്ടുണ്ടാകാമെന്നും, അതിന്റെ അടിസ്ഥാനത്തിലായിരിക്കാം വാർത്തകൾ പ്രചരിക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

തുറമുഖ നിർമാണക്കരാർ വ്യവസ്ഥകൾ പ്രകാരം ഓഹരി ഘടനയിൽ നിർണായക മാറ്റം വരുത്തുമ്പോൾ സംസ്ഥാന സർക്കാരിന്റെ അനുമതി അനിവാര്യമാണ്. വിഴിഞ്ഞം പദ്ധതിയിൽ സർക്കാരിന് വ്യക്തമായ പങ്കാളിത്തമുള്ളതാണെന്നും കരാർ പ്രകാരം 2080-ൽ തുറമുഖത്തിന്റെ പൂർണാവകാശം സംസ്ഥാന സർക്കാരിന് ലഭിക്കേണ്ടതാണെന്നും സഭയിൽ മുഖ്യമന്ത്രി ഓർമ്മിപ്പിച്ചിരുന്നു.

എന്നാൽ, നിലവിലെ ധാരണാപത്രപ്രകാരമുള്ള ഓഹരി കൈമാറ്റ നടപടിക്രമങ്ങൾ മാത്രമാണ് നടന്നതെന്നും സർക്കാരിന്റെ അനുമതി തേടി അദാനി ഗ്രൂപ്പ് ഔദ്യോഗികമായി കത്ത് നൽകുമെന്നും കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. കമ്പനി ഔദ്യോഗികമായി അനുമതി തേടിയ സാഹചര്യത്തിൽ ഇതിൽ തുടർ നടപടികളിലേക്ക് സർക്കാർ കടക്കുമെന്നാണ് സൂചന.

News Now

Summary

Adani Group Requests Approval for 49% Stake Transfer in Vizhinjam Port

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates