വിവാഹത്തിനുശേഷം 10 ലക്ഷം രൂപകൂടി ആവശ്യപ്പെട്ടായിരുന്നു പീഡനം

സുചിത്ര
Last Updated :20 January 2024, 8:45 am IST

News Now

ആലപ്പുഴ; വിസ്മയയുടെ മരണത്തിന് പിന്നാലെയാണ് ആലപ്പുഴയിലെ നവവധുവിന്റെ മരണവും വാർത്തകളിൽ നിറയുന്നത്. 19 കാരിയായ സുചിത്രയാണ് വള്ളികുന്നത്ത് ഭര്‍ത്താവിന്‍റെ വീട്ടില്‍ തൂങ്ങിമരിച്ചത്. സ്ത്രീധനത്തിന്റെ പേരിൽ കടുത്ത പീഡനമാണ് മകൾ നേരിട്ടിരുന്നത് എന്നാണ് കുടുംബം പറയുന്നത്. സൈനികനായ ഭര്‍ത്താവ് ജോലിസ്ഥലത്തേക്കു മടങ്ങിയതോടെ ഭര്‍ത്താവിന്‍റെ അമ്മ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും പരാതിയിൽ പറയുന്നു.
 
വിവാഹത്തിനുശേഷം 10 ലക്ഷം രൂപകൂടി ആവശ്യപ്പെട്ടായിരുന്നു പീഡനം. സൈനികനായ ഭർത്താവ് വിഷ്ണു ജോലിക്കായി മടങ്ങിയതോടെ മകള്‍ കൂടുതല്‍ പ്രതിസന്ധിയിലായതെന്ന് അമ്മ പറയുന്നു‌‌. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഓച്ചിറ സ്വദേശിനിയായ സുചിത്ര ഭർതൃ​ഗൃഹത്തിൽ തൂങ്ങിമരിക്കുന്നത്. വിവാഹം കഴിഞ്ഞ് മൂന്നു മാസം തികയുന്ന ദിവസമായിരുന്നു 19 വയസു മാത്രം പ്രായമുള്ള സുചിത്രയുടെ മരണം. 

വിവാഹത്തിനു സ്ത്രീധനമായി 51 പവനും സ്കൂട്ടറുമായിരുന്നു വാഗ്ദാനം. സ്കൂട്ടര്‍ പോര കാർ വേണമെന്ന ആവശ്യത്തിനും വഴങ്ങി. വിവാഹം കഴിഞ്ഞതോടെ 10 ലക്ഷം രൂപകൂടി ആവശ്യപ്പെട്ടു. സുചിത്രയുടെ സ്വര്‍ണത്തിൽ കുറച്ച് ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ പണയം വച്ചു. ബാക്കി സ്വര്‍ണം ലോക്കറില്‍ വയ്ക്കാന്‍ ആവശ്യപ്പെട്ടതോടെ പ്രശ്നം വഷളായി. വിസ്മയയുടെ മരണ വാര്‍ത്ത കണ്ടു ഭയന്നു വിളിച്ചപ്പോള്‍ താന്‍ അങ്ങനെയൊന്നും ചെയ്യില്ലെന്ന് സുചിത്ര ഉറപ്പു നല്‍കിയിരുന്നു. ‌20 വയസിനു മുന്‍പ് കല്യാണം ന‌ടന്നില്ലെങ്കില്‍ വിവാഹം വൈകുമെന്ന ജാതകം കാരണമാണ് പ്ലസ്ടൂ കഴിഞ്ഞപാടേ കല്യാണം നടത്തിയതെന്നും വീട്ടുകാർ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates