ട്യൂഷന്റെ മറവില്‍ വിദ്യാര്‍ഥിനികളെ ചൂഷണം ചെയ്യാന്‍ ശ്രമം; അധ്യാപിക കുടുങ്ങി, കേസ്

ട്യൂഷന് എത്തിയിരുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വീട്ടിൽ ഒരുമിച്ച് താമസിക്കാൻ അധ്യാപിക അവസരം ഒരുക്കിയിരുന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:40 am IST

കൊല്ലം: ട്യൂഷന്റെ മറവിൽ വിദ്യാർഥിനികളെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച അധ്യാപികയ്ക്കെതിരേ പൊലീസ് കേസെടുത്തു. തങ്കശ്ശേരിയിൽ താമസിക്കുന്ന, നഗരത്തിലെ ഒരു സ്കൂളിലെ അധ്യാപികയ്ക്കെതിരേയാണ് കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തത്.  അധ്യാപികയ്ക്കെതിരേ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും പോക്സോ നിയമപ്രകാരവും കേസെടുത്തതായി ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാനും അറിയിച്ചു.

ട്യൂഷന് എത്തിയിരുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വീട്ടിൽ ഒരുമിച്ച് താമസിക്കാൻ അധ്യാപിക അവസരം ഒരുക്കിയിരുന്നു. പെൺകുട്ടികളുടെ ഫോൺ അധ്യാപിക ഉപയോഗിച്ചിരുന്നു. കുട്ടികളുടെ പേരിൽ സാമൂഹികമാധ്യമത്തിൽ അക്കൗണ്ട് ഉണ്ടാക്കി അധ്യാപിക മറ്റുള്ളവരുമായി ചാറ്റ് ചെയ്തു. ഇത് കുട്ടികൾ തന്നെ ചെയ്തതാണെന്നും പുറത്തറിയിക്കുമെന്നും പറഞ്ഞ് അധ്യാപിക ഭീഷണിപ്പെടുത്തി.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വിദ്യാർഥികൾ ജില്ലാ ചൈൽഡ് വെൽഫെയർകമ്മിറ്റിക്ക് പരാതി നൽകി. വിവരം പുറത്തു പറയാതിരിക്കണമെങ്കിൽ വീട്ടിൽപ്പോയി പണം കൊണ്ടുവരാൻ അധ്യാപിക ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. ഇതേത്തുടർന്ന് കുട്ടികളുടെ രക്ഷിതാക്കൾ സിറ്റി പൊലീസ് കമ്മിഷണർ ടി നാരായണനു പരാതി നൽകുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ വിദ്യാർഥികളുടെ മൊഴിയെടുത്തിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now