800 അരലിറ്റര്‍ കുപ്പികളിലായി മദ്യം പാക്ക് ചെയ്ത നിലയിലാണ് കണ്ടെത്തിയത്

ഇരിങ്ങാലക്കുടയില്‍ നിന്ന് പിടികൂടിയ വ്യാജമദ്യം
Last Updated :20 January 2024, 8:59 am IST

News Now

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ വന്‍ വ്യാജമദ്യ വേട്ട. ഇരിങ്ങാലക്കുട നഗരഹൃദയത്തില്‍ ബസ് സ്റ്റാന്റിന് സമീപത്ത് ആല്‍ത്തറ താലൂക്ക് ഓഫീസ് റോഡില്‍ രണ്ട് നില വീട്ടിലാണ് വ്യാജ മദ്യ നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് തൃശ്ശൂര്‍ ഇന്റലിജന്‍സ് വിഭാഗവും ഇരിങ്ങാലക്കുട എക്സൈസ് സംഘവും നടത്തിയ പരിശോധനയിലാണ് വ്യാജ മദ്യ നിര്‍മ്മാണ യൂണിറ്റ് കണ്ടെത്തിയത്.വീട്ടുടമയായ രഘു,വാടകക്കാരനായ വിനു എന്നിവരെ എക്സൈസ് സംഘം പിടികൂടിയിട്ടുണ്ട്.

800 അരലിറ്റര്‍ കുപ്പികളിലായി മദ്യം പാക്ക് ചെയ്ത നിലയിലാണ് കണ്ടെത്തിയത്. പാക്കിംങ്ങ് സീലുകള്‍ വ്യാജമായി നിര്‍മ്മിച്ച് കുപ്പികളില്‍ പതിച്ചിട്ടുമുണ്ട്.കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് വ്യാജമദ്യ നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നത്.സീല്‍ പതിപ്പിക്കുന്നതിനും മിക്സിംങ്ങ് നടത്തുന്നതിനും എല്ലാം പ്രത്യേക യന്ത്രസംവിധാനം ഇവിടെ ഒരുക്കിയിരുന്നു.

മദ്യം നിര്‍മ്മിക്കുന്നതിനായി കന്നാസുകളിലായി സൂക്ഷിച്ചിരുന്ന നൂറ് കണക്കിന് ലിറ്റര്‍ സ്പിരിറ്റും ലിറ്റര്‍ കണക്കിന് തേനും പായ്ക്ക് ചെയ്യാനുള്ള ബോട്ടിലുകളും എക്സൈസ് കണ്ടെത്തിയിട്ടുണ്ട്.വീടിന് മുന്നിലായി പേ ആന്റ് പാര്‍ക്ക് സംവിധാനം ഒരുക്കിയിരുന്നതിനാല്‍ നിരന്തരം ഇവിടെ വാഹനങ്ങള്‍ വന്ന് പോകുന്നത് പ്രദേശവാസികള്‍ കാര്യമായി എടുക്കാറുണ്ടായിരുന്നില്ല.

ഇത് ഉപയോഗപെടുത്തിയാണ് പ്രതികള്‍ വ്യാജ മദ്യം നിര്‍മ്മിക്കുന്നതിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ എത്തിച്ചിരുന്നത്.എക്സൈസ് ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ എസ് മനോജ് കുമാര്‍, ഇരിങ്ങാലക്കുട റേഞ്ച് ഇന്‍സ്പെക്ടര്‍ അനീഷ്,അസി.ഇന്‍സ്പെക്ടര്‍ എ മണികണ്ഠന്‍,പ്രവന്റീവ് ഓഫിസര്‍മാരായ ഷിബു കെ എസ്,സുനില്‍കുമാര്‍ പി എസ്,സുരേന്ദ്രന്‍ പി ആര്‍,രാമകൃഷ്ണന്‍ കെ ആര്‍,ലോനപ്പന്‍ കെ ജെ,ഗ്രേഡ് ഓഫീസര്‍മാരായ വത്സന്‍ കെ കെ,സി ബി ജോഷി,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാജേന്ദ്രന്‍,ജോജോ,വനിത ഓഫീസര്‍ ജയശ്രീ എന്നിവരാണ് എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates