ഒടുവിൽ ബിനീഷ് കോടിയേരിക്ക് സിപിഎം അം​ഗത്വം; മെമ്പർഷിപ്പ് പുതുക്കി നൽകി

പിണറായി വിജയൻ ഇടപെട്ടതോടെയാണ് ബിനീഷ് കോടിയേരിക്ക് പാർട്ടി അം​ഗത്വം വീണ്ടും പുതുക്കി നൽകുന്നത്

Bineesh Kodiyeri
ബിനീഷ് കോടിയേരിഫയല്‍
Edited by :Jayakumar NA
Last Updated :29 മേയ് 2026, 6:53 am IST

തിരുവനന്തപുരം: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് വീണ്ടും സിപിഎം അംഗത്വം. മൂന്നു വർഷത്തിന് ശേഷമാണ് പാർട്ടി അം​ഗത്വം പുതുക്കി നൽകുന്നത്. പിണറായി വിജയൻ ഇടപെട്ടതോടെയാണ് ബിനീഷ് കോടിയേരിക്ക് പാർട്ടി അം​ഗത്വം വീണ്ടും പുതുക്കി നൽകുന്നത്.

നാലു തവണ അം​ഗത്വം പുതുക്കി നൽകാൻ അപേക്ഷിച്ചിട്ടും ബിനീഷിന് സിപിഎം മെമ്പർഷിപ്പ് പുതുക്കി നൽകാത്തത് വലിയ ചർച്ചയായിരുന്നു. ബിനീഷിന് അം​ഗത്വം പുതുക്കി നൽകാൻ പിണറായി വിജയൻ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദന് നിർദേശം നൽകുകയായിരുന്നു. തിങ്കളാഴ്ചയാണ് ബിനീഷിന് അം​ഗത്വം നൽകിയത്.

2020ല്‍ മയക്കുമരുന്ന് കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കി നൽകാതിരുന്നത്. 2022 മുതല്‍ ബിനീഷിന് സിപിഎം അംഗത്വമില്ലായിരുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള ബ്രാഞ്ചിലാണ് ബിനീഷ് കോടിയേരിക്ക് അംഗത്വമുണ്ടായിരുന്നത്.

മയക്കുമരുന്നു കേസിൽ കുറ്റവിമുക്തനായശേഷം പാർട്ടി അം​ഗത്വത്തിന് ബിനീഷ് അപേക്ഷ നൽകിയെങ്കിലും പരി​ഗണിച്ചിരുന്നില്ല. സിഎംആർഎൽ- എക്സാലോജിക് കേസുമായി ബന്ധപ്പെട്ട്, പിണറായി വിജയന്റെ വീട്ടിൽ നടന്ന ഇഡി റെയ്ഡിനെതിരായ സിപിഎമ്മിന്റെ പ്രതിഷേധത്തിൽ ബിനീഷ് കോടിയേരിയും പങ്കെടുത്തിരുന്നു.

News Now

Summary

Bineesh Kodiyeri's CPM membership renewed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates