തിരുത്തി സിപിഎം

പാര്‍ട്ടി സമീപകാലത്തെ ഏറ്റവും ദുര്‍ബലമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ അടിസ്ഥാനപരമായി മാറേണ്ടത് മാറുമോ അതിനു തയാറാകുമോ എന്നതാണ് ഇനിയറിയേണ്ടത്...

Premium
Image of MA Baby and Pinarayi Vijayan
എംഎ ബേബിയും പിണറായി വിജയനുംസമകാലിക മലയാളം വാരിക
Edited by :aravind.g
Last Updated :23 സെപ്റ്റംബർ 2026, 4:47 pm IST

അസാധാരണവും അപ്രതീക്ഷിതവുമായിരുന്നു കോഴിക്കോട്ടെ വിശാല സി.പി.എം സംസ്ഥാന സമിതിയിലെ നീക്കങ്ങൾ. സമ്മേളനം അവസാനിക്കുന്നതിനു മുന്‍പ് തന്നെ തിരുത്തൽ നടപടികൾക്ക് തുടക്കം കുറിച്ചു എന്നതാണ് ഏറ്റവും പ്രധാനം. കേരളത്തിലെ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സെക്രട്ടേറിയറ്റിനും സംസ്ഥാന സമിതിക്കും ഉണ്ടെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ ഏറ്റുപറയുകയും ചെയ്തു. സംസ്ഥാന സെക്രട്ടറി എന്ന നിലയിലുള്ള പ്രവർത്തനത്തിന് എം.വി. ഗോവിന്ദന് ശാസന നടപടിയും നേരിടേണ്ടി വന്നു. സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും അഴിച്ചുപണി നടത്തിക്കൊണ്ടാണ് സമ്മേളനം അവസാനിച്ചത്.

തെറ്റ് തിരുത്തൽ രേഖകൾ സി.പി.എമ്മിന് പുതുമയല്ല. തെറ്റ് കണ്ടെത്തുകയും ചർച്ച ചെയ്യുകയും തിരുത്തൽ രേഖയുണ്ടാക്കുകയും ചെയ്യാറുണ്ടെങ്കിലും രേഖകൾ മാത്രമായി മാറുന്നതാണ് പലപ്പോഴും കാണാറുള്ളത്. അതുകൊണ്ട് തന്നെ കോഴിക്കോട് മൂന്നു ദിവസങ്ങളിലായി നടന്ന വിശാല സി.പി.എം. സംസ്ഥാന സമിതിലും വലിയ മാറ്റങ്ങളൊന്നും തുടക്കത്തിൽ പ്രതിക്ഷിക്കപ്പെട്ടിരുന്നില്ല.

ആദ്യ ദിവസം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അവതരിപ്പിച്ച തിരുത്തൽ രേഖ താരതമ്യേന ദുർബലമായിരുന്നു. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരാജയ കാരണങ്ങളെ പൂർണമായി ഉൾകൊള്ളാതേയും പ്രധാനപ്പെട്ട പല കാര്യങ്ങളും ഉൾപ്പെടുത്താതേയും പലതും പറഞ്ഞ് പോവുക മാത്രം ചെയ്യുകയാണ് രേഖയിൽ എന്നും കടുത്ത വിമർശനം പ്രതിനിധികളിൽ നിന്നുണ്ടായിരുന്നു. നേതൃത്വത്തിന്റെ വീഴ്ചകളെ കാര്യമായി പരാമർശിക്കാതെ ജില്ലാഘടകങ്ങൾ വരെയുള്ള സംഘടനാസംവിധാനത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയതായിരുന്നു വലിയ വിമർശനത്തിന് ഇടയാക്കിയതും. വിശാല സംസ്ഥാന സമിതിയോഗം ചേരുന്നതിനു തൊട്ടുമുന്‍പ് കണ്ണൂരിൽ പയ്യന്നൂരിലും തളിപ്പറമ്പിലും മുൻമുഖ്യമന്ത്രിയും പൊളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയന്റെ നേതൃത്വത്തിൽ വിശദീകരണ യോഗം നടത്തിയിരുന്നു. അണികളിൽ തെറ്റിദ്ധാരണയുണ്ടായി എന്നും തെറ്റിദ്ധരിക്കപ്പെട്ടവർ തിരിച്ചുവരണമെന്നുമുള്ള തരത്തിലായിരുന്നു പിണറായിയുടെ പ്രസംഗം. പരിപാടികളിലെ മറ്റൊരു പ്രാസംഗികനായ കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും ഇതിന്റെ തുടർച്ച തന്നെയായിരുന്നു വേദികളിൽ പറഞ്ഞത്. പയ്യന്നൂരിലേയും തളിപ്പറമ്പിലേയും സി.പി.എമ്മിനെതിരെ മത്സരിച്ച സ്ഥാനാർത്ഥികളെ അപഹസിക്കുന്നതുകൂടിയായിരുന്നു രണ്ട് മണ്ഡലങ്ങളിലെയും വിശദീകരണ യോഗങ്ങൾ. ജില്ലയിലെ പല മുതിർന്ന നേതാക്കളേയും പങ്കെടുപ്പിക്കാതെയായിരുന്നു ഈ വിശദീകരണ യോഗം നടന്നതും. തൊട്ടടുത്ത ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാന സമിതിയിലും ഇതേ രീതി ആവർത്തിക്കപ്പെട്ടേക്കാം എന്ന തോന്നലുളവാക്കുന്നതായിരുന്നു ആ യോഗങ്ങൾ. പിണറായിക്കും മകൾ വീണയ്ക്കും മരുമകനും എം.എൽ.എയുമായ മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന ദിവസങ്ങൾ കൂടിയായിരുന്നു ഇത്. പാർട്ടിക്കെതിരെയുള്ള നീക്കമാണെന്നും ഇ.ഡി. കള്ളം പറയുകയാണെന്നും പിണറായി മാധ്യമങ്ങളെ കണ്ട് ഇതിനെ പ്രതിരോധിക്കുകയും ചെയ്തിരുന്നു. ഇ.ഡി. വിഷയത്തിലേക്ക് മാത്രമായി ചുരുങ്ങിപ്പോകുമോ സി.പി.എം വിശാല കമ്മിറ്റിയോഗം എന്ന ആശങ്കയുമുണ്ടായിരുന്നു.

ആദ്യ ദിനം അവതരിപ്പിച്ച തെറ്റുതിരുത്തൽ രേഖയുടെ കരടും വലിയ മാറ്റങ്ങൾക്കൊന്നും സാധ്യതയുണ്ടാകാത്തതായിരുന്നു. എന്നാൽ, കരട് രേഖയിന്മേലുള്ള ചർച്ചയിൽ എല്ലാ ജില്ലാ കമ്മിറ്റികളിൽനിന്നും വലിയ വിമർശനങ്ങൾ ഉണ്ടാകുകയും തിരുത്തലുകൾ നിർദേശിക്കപ്പെടുകയും ചെയ്തു. നിർഭയമായും സ്വതന്ത്രമായും അഭിപ്രായങ്ങൾ തുറന്ന് പറയണമെന്ന ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ നിർദേശം പല അംഗങ്ങളും ആനുകൂല്യമായി എടുത്തു. കാസർകോട്, കണ്ണൂർ ജില്ലാ കമ്മിറ്റികൾ നേതൃത്വത്തിനെതിരെ നടത്തിയ രൂക്ഷവിമർശനം മറ്റു പ്രതിനിധികളും ഏറ്റെടുത്തു. തെരഞ്ഞെടുപ്പിനെ നയിച്ച പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വിമർശനത്തിനു വിധേയരായി. മൂന്നാം ദിനം വന്ന ചർച്ചകൾക്കുള്ള മറുപടിയും അന്തിമ തീരുമാനങ്ങളും പാർട്ടി തലത്തിലും അണികളിലും അനുഭാവികളിലും പുതിയ ഉണർവുണ്ടാക്കുന്നതായിരുന്നു ഇതിന്റെ ഫലം.

സിപിഎം സംസ്ഥാന സമിതി യോഗത്തില്‍

സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ - Samakalika Malayalam Weekly

നേതൃത്വത്തിലേക്ക് പുതിയ മുഖങ്ങൾ

ടി.പി. രാമകൃഷ്ണനേയും തോമസ് ഐസക്കിനേയും ഒഴിവാക്കുകയും പകരം പി. ജയരാജൻ, എം.ബി. രാജേഷ്, വി. ശിവൻകുട്ടി എന്നിവരെ ഉൾപ്പെടുത്തുകയും ചെയ്താണ് സംസ്ഥാന സെക്രട്ടേറിയറ്റ് പുനസംഘടിപ്പിച്ചത്. കേന്ദ്ര കമ്മിറ്റി ക്ഷണിതാവായ ജോൺ ബ്രിട്ടാസും സെക്രട്ടേറിയറ്റിന്റെ ഭാഗമാകും.

കരുനാഗപ്പള്ളിയിലെ പാർട്ടി വിഭാഗീയതയുടെ പേരിൽ സംസ്ഥാന കമ്മിറ്റിയിൽനിന്നും മാറ്റിനിർത്തപ്പെട്ട സൂസൻ കോടിയെ വീണ്ടും സംസ്ഥാന കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു. ഒപ്പം മൂന്ന് വനിതകളുൾപ്പെടെ ഒമ്പത് പേരെ ക്ഷണിതാക്കളായി ഉൾപ്പെടുത്തുകയും ചെയ്തു. എൻ. സുകന്യ, ഒ.എസ്. അംബിക, സുബൈദ ഇസഹാക്ക്, എം. വിജിൻ, ജെയ്ക് സി. തോമസ്, ആദർശ് എം. സജി, പി.എസ്. സഞ്ജീവ്, പ്രഭാവർമ, എം. ശിവപ്രസാദ് എന്നിവരാണ് പുതുതായി സംസ്ഥാന കമ്മിറ്റിയിലെത്തിയത്.

ജനങ്ങളുമായി പാർട്ടി അകലുന്നു എന്ന ആരോപണം നേരിടുമ്പോഴാണ് പി. ജയരാജനും വി. ശിവൻകുട്ടിയുമടക്കമുള്ള ജനകീയ നേതാക്കളെ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തുന്നതും. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിക്കാൻ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടി വന്നതായിരുന്നു പി. ജയരാജന്. തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും ജില്ലാ സെക്രട്ടറി സ്ഥാനം തിരിച്ചുകൊടുക്കാൻ പാർട്ടി തയ്യാറായിരുന്നില്ല. സംസ്ഥാന സമിതിയംഗം മാത്രമായി പ്രവർത്തിച്ച അദ്ദേഹത്തിന് ഭരണപരവും പാർട്ടിപരവുമായ ചുമതലകളൊന്നും പിന്നീട് നൽകിയതുമില്ല. ഖാദിബോർഡിലാണ് അദ്ദേഹത്തിനെ നിയമിച്ചത്. പി. ജയരാജനെ ഒതുക്കുകയാണ് എന്ന കടുത്ത വിമർശനം കണ്ണൂരിലെ പാർട്ടി അണികൾക്കിടയിലുണ്ടായിരുന്നു. പാർട്ടി പ്രതിസന്ധിയിലാകുന്ന ഘട്ടത്തിലെല്ലാം പി. ജയരാജനെ നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകൾ കണ്ണൂരിൽ പ്രത്യക്ഷപ്പെടാറുമുണ്ടായിരുന്നു. തീർത്തും പ്രതിസന്ധിയിൽ നിൽക്കുന്ന കണ്ണൂർ പാർട്ടിയിൽ പി. ജയരാജന്റെ നേതൃത്വത്തിലേക്കുള്ള വരവ് ഗുണം ചെയ്യും. തളിപ്പറമ്പിൽ പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കുന്നതിനു മുന്‍പ് ഉയർന്നുകേട്ട പേരായിരുന്നു എൻ. സുകന്യയുടേത്. വിശാല സംസ്ഥാന കമ്മിറ്റിയിൽ സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചകളെ ചൂണ്ടിക്കാട്ടി സംസാരിച്ചവരിൽ ഒരാൾ എൻ. സുകന്യയായിരുന്നു. വിമർശനം ഉന്നയിക്കുന്നവരേയും നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതും മാറ്റത്തിന്റെ തുടക്കമായി കാണാം. സ്ത്രീകളേയും യുവാക്കളേയും ഉൾപ്പെടുത്തിയതും പുതിയകാലത്തിന്റെ മാറ്റമായി കാണാം.

സംസ്ഥാന സമിതി യോഗത്തില്‍ നിന്ന്

സംസ്ഥാന സമിതി യോഗത്തില്‍ നിന്ന് - Samakalika Malayalam Weekly

ഇനി തിരുത്ത്

തെറ്റ് തിരുത്തൽ രേഖകളിൽ നടപടികളുണ്ടാകാറില്ല എന്ന വിമർശനത്തെ തിരുത്തുന്നതാണ് ഇത്തവണത്തെ സംസ്ഥാന സമിതി യോഗത്തിൽ നടന്നതെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തന്നെ അഭിപ്രായപ്പെട്ടിരുന്നു. മൂന്നുമാസം കൂടുമ്പോൾ ഇത് പാലിക്കപ്പെടുന്നുണ്ടോ എന്ന പരിശോധനയും പാർട്ടി നടത്തും. സമ്മേളനം നടക്കുന്നതുവരെയും അണികളായിരുന്നു തിരുത്തേണ്ടത് എന്ന നിലപാടിലായിരുന്നു പിണറായി വിജയനും എം.വി. ഗോവിന്ദനുമടക്കമുള്ള സി.പി.എമ്മിലെ ഒരു വിഭാഗം. അതിനെ മറികടക്കുന്ന രീതിയിലുള്ള നടപടികളും തീരുമാനങ്ങളും പക്ഷേ, സമ്മേളനത്തിൽ ഉണ്ടായി. അടുത്ത മാസം വിശാല ജില്ലാ കമ്മിറ്റി യോഗങ്ങൾ ചേരുകയും പിന്നീട് താഴെത്തട്ടിലേക്ക് എത്തിച്ച് സംസ്ഥാന സമിതി എടുത്ത തീരുമാനങ്ങൾ പാർട്ടി കേഡർമാരുടെ പൊതുബോധമായി മാറ്റാനുമാണ് തീരുമാനം. വർഗീയക്കെതിരെയുള്ള പോരാട്ടം ശക്തമാക്കും. കേന്ദ്രസർക്കാറിന്റേയും സംസ്ഥാന സർക്കാറിന്റേയും നയങ്ങൾക്കെതിരെ ജനകീയ പോരാട്ടങ്ങൾ സംഘടിപ്പിക്കും ഒപ്പം പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെയുള്ള ഇ.ഡി. നീക്കത്തിനെതിരെ പ്രതിരോധം തീർക്കും എന്നിവയാണ് സമ്മേളനത്തിൽ പാസ്സാക്കിയ പ്രമേയങ്ങൾ. പാർട്ടിയിലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവ് എന്ന നിലയിൽനിന്ന് പിണറായി വിജയൻ മാറിത്തുടങ്ങുന്നു എന്നതുകൂടിയാണ് കോഴിക്കോട് സമ്മേളനത്തിൽ കണ്ടത്. നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിക്കപ്പെട്ടതും അത് പരിഗണിക്കപ്പെട്ടതും അതിന്റെ സൂചനയാണ്. നേതൃത്വത്തിലേക്ക് പുതിയ ആളുകൾ എത്തിയത് ഏതു രീതിയിലാണ് ഇനി പാർട്ടിയുടെ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കുക എന്നതാണ് ഇനി കാണേണ്ടത്. പാർട്ടിക്കുണ്ടായ ക്ഷീണം സത്യനന്ധമായി തിരിച്ചറിയുന്നുവെന്നും ശ്രദ്ധക്കുറവുകൾ തിരുത്തി ജനവിശ്വാസം വീണ്ടെടുത്ത് മുന്നോട്ടുപോകാൻ കഴിയും എന്നുമാണ് എം.എ. ബേബി പാർട്ടി നേതാക്കളോട് സമ്മേളനത്തിൽ പറഞ്ഞത്. പാർട്ടി അംഗങ്ങളുടെ അനധികൃത സ്വത്ത് സമ്പാദനം, റിയൽ എസ്റ്റേറ്റ് ബിസിനസ്, ഉത്സവങ്ങളും ആഘോഷങ്ങളും മതപരമായ ചടങ്ങുകൾ മാത്രമാക്കി ചുരുക്കരുത്, വ്യാജപ്രതീതി നിർമാണത്തിനെതിരെ സമൂഹത്തിനെ ബോധവല്‍ക്കരിക്കുക, സോഷ്യൽ മീഡിയ ഉപയോഗിച്ചുള്ള പ്രചാരണം ശക്തിപ്പെടുത്തുക, ജനങ്ങളോടുള്ള പാർട്ടിപ്രവർത്തകരുടെ പെരുമാറ്റം തുടങ്ങി അടിമുടി മാറ്റത്തിനായുള്ള നിർദേശങ്ങളാണ് സമ്മേളനത്തിലെ തെറ്റുതിരുത്തൽ രേഖയിലുള്ളത്. പാർട്ടി സമീപകാലത്തെ ഏറ്റവും ദുർബലമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ അടിസ്ഥാനപരമായി മാറേണ്ടത് മാറുമോ, അതിനു തയ്യാറാകുമോ എന്നതാണ് ഇനിയറിയേണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now