ബിജെപി ദേശീയ അധ്യക്ഷന്‍ ഇന്നു കേരളത്തിലെത്തും; തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണയവും ചര്‍ച്ചയാകും

പാര്‍ട്ടി അധ്യക്ഷനായ ശേഷം ഇതാദ്യമായിട്ടാണ് നിതിന്‍ നബീന്‍ കേരളത്തിലെത്തുന്നത്

Nitin Nabin
Nitin Nabin
Edited by :jayakumarna
Last Updated :6 ഫെബ്രുവരി 2026, 9:30 am IST

കൊച്ചി : ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ ഇന്നു കേരളത്തിലെത്തും. ഉച്ചയ്ക്ക് 1. 45 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന നിതിനെ ബിജെപി, എന്‍ഡിഎ നേതാക്കള്‍ ചേര്‍ന്ന് സ്വീകരിക്കും. പാര്‍ട്ടി അധ്യക്ഷനായ ശേഷം ഇതാദ്യമായിട്ടാണ് നിതിന്‍ നബീന്‍ കേരളത്തിലെത്തുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട സുപ്രധാന യോഗത്തില്‍ ബിജെപി അധ്യക്ഷന്‍ സംബന്ധിക്കും.

വിമാനത്താവളത്തിന് അടുത്ത് താജ് ഹോട്ടലില്‍ ഉച്ചയ്ക്ക് 2.30 ന് ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി ചേരും. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകളിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ഇന്നത്തെ യോഗത്തില്‍ നിര്‍ണായകമാകും. ഇന്ന് എറണാകുളം ജില്ലയിലും നാളെ തൃശൂര്‍ ജില്ലയിലും വിവിധ യോഗങ്ങളില്‍ പങ്കെടുക്കും.

ഇന്നു വൈകീട്ട് നാലിന് അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ എറണാകുളം- ആലപ്പുഴ ജില്ലകളിലെ ആറായിരത്തോളം ബൂത്ത് പ്രസിഡന്റുമാരുടെ സമ്മേളനത്തില്‍ ബിജെപി അധ്യക്ഷന്‍ സംബന്ധിക്കും. വൈകീട്ട് 5.30 ന് പാലാരിവട്ടം റിനൈ ഹോട്ടലില്‍ ബിജെപി സംസ്ഥാന ഭാരവാഹികളുടേയും ജില്ല പ്രസിഡന്റുമാരുടേയും മോര്‍ച്ച അധ്യക്ഷന്മാരുടേയും യോഗത്തിലും പങ്കെടുക്കും.

തുടര്‍ന്ന് എന്‍ഡിഎ സംസ്ഥാന നേതാക്കളുമായുള്ള കൂടിക്കാഴ്ചയും അത്താഴവിരുന്നുമുണ്ടാകും. രാത്രി 8.15 ന് നിതിന്‍ നബീന്‍ എളമക്കരയിലെ ആര്‍എസ്എസ് സംസ്ഥാന കാര്യാലയവും സന്ദര്‍ശിക്കും. നാളെ രാവിലെ കാലടി ആദിശങ്കര ജന്മഭൂമിക്ഷേത്രം സന്ദര്‍ശിച്ച ശേഷം ബിജെപി അധ്യക്ഷന്‍ തൃശൂരിലെത്തും. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് നാളെ രാവിലെ 10 ന് നിതിന്‍ നബീന്‍ തൃശൂര്‍ നഗരത്തില്‍ ചുമരെഴുത്തു നടത്തും.

News Now

Summary

BJP national president Nitin Nabin will arrive in Kerala today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates