സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസില്‍ പ്രതി ജോര്‍ജ് കുര്യന്‍ കുറ്റക്കാരനെന്ന് കോടതി

Brother and maternal uncle shot dead in Kanjirapalli case: George Kurian guilty
കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകത്തിൽ ജോര്‍ജ് കുര്യന്‍ കുറ്റക്കാരന്‍Source by : സ്ക്രീൻഷോട്ട്
Last Updated :19 December 2024, 12:29 pm IST

News Now

കോട്ടയം: സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസില്‍ പ്രതി ജോര്‍ജ് കുര്യന്‍ കുറ്റക്കാരനെന്ന് കോടതി. കോട്ടയം അഡീഷണല്‍ ജില്ലാ കോടതി (2) നാളെ ശിക്ഷ വിധിക്കും. കഴിഞ്ഞദിവസമാണ് കേസില്‍ വാദം പൂര്‍ത്തിയായത്.

2022 മാര്‍ച്ച് ഏഴിനാണ് സംഭവം. കാഞ്ഞിരപ്പള്ളി കരിമ്പനാല്‍ വീട്ടില്‍ രഞ്ജു കുര്യന്‍ (50), മാതൃസഹോദരനും പ്ലാന്ററുമായ കാഞ്ഞിരപ്പള്ളി പൊട്ടംകുളം മാത്യു സ്‌കറിയ (78) എന്നിവരാണ് കൊല്ലപ്പെട്ടത്. അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ ജോര്‍ജ് കുര്യനാണ് പ്രതി എന്ന് കണ്ടെത്തുകയായിരുന്നു. സുപ്രീംകോടതിയടക്കം വിവിധ കോടതികളില്‍ ജാമ്യഹര്‍ജികള്‍ നല്‍കിയെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് വിചാരണ തടവുകാരനായി ഇയാള്‍ കോട്ടയം സബ് ജയിലില്‍ കഴിഞ്ഞുവരികയാണ്.

വിചാരണ ഘട്ടത്തിലും നിയമനടപടികള്‍ മുന്നോട്ടുപോകുമ്പോഴും നാടകീയ രംഗങ്ങളാണ് ഉണ്ടായത്. ദൃക്‌സാക്ഷികളായി പ്രോസിക്യൂഷന്‍ അവതരിപ്പിച്ച ഭൂരിഭാഗം ആളുകളും കൂറുമാറുന്ന സാഹചര്യം ഉണ്ടായി. എന്നാല്‍ ശാസ്ത്രീയ തെളിവുകള്‍ കേസില്‍ നിര്‍ണായകമാകുകയായിരുന്നു. വെടിവെയ്ക്കാന്‍ ഉപയോഗിച്ച തോക്ക് കണ്ടെത്തി കോടതിയില്‍ ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞത് കേസില്‍ വഴിത്തിരിവായി.

തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയാണ് ജോര്‍ജ് കുര്യനാണ് കൃത്യം നടത്തിയത് എന്ന കണ്ടെത്തലിലേക്ക് നയിച്ചത്. പ്രതി കുറ്റക്കാരനാണ് എന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിക്കുന്നതാണ് കോടതി ഉത്തരവ്. കൊലപാതകം, ആയുധം കൈവശം വെയ്ക്കല്‍, സാക്ഷികളെ ഭീഷണിപ്പെടുത്തല്‍, വീട്ടില്‍ അതിക്രമിച്ച് കയറല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates